അദ്വാനിയുടെ അറസ്റ്റിന് മുസ്‍ലിം കുട്ടികൾ ഇപ്പോഴും വില നൽകേണ്ടി വരുന്നു -ഉവൈസി

1990ലെ അദ്വാനിയുടെ അറസ്റ്റിന് മുസ്‍ലിം കുട്ടികൾ ഇപ്പോഴും വില നൽകേണ്ടി വരുന്നതായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. ബിഹാറിലെ സിവാനിൽ മഹാവീർ അഖാര ഘോഷയാത്രക്കിടെയുണ്ടായ വർഗീയ കലാപവുമായി ബന്ധപ്പെട്ട് 70കാരനായ യാസിനെയും പേരമകൻ എട്ട് വയസ്സുകാരനായ റിസ്‍വാനെയും കലാപത്തിന് പ്രേരിപ്പിച്ചെന്ന കുറ്റത്തിന് അറസ്റ്റ് ചെയ്തതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബാബരി മസ്ജിദ് തർക്കത്തിനിടെ 1990ൽ എൽ.കെ. അദ്വാനി അയോധ്യയിലേക്ക് നടത്തിയ രഥയാത്ര തടയുകയും അദ്വാനിയെ അറസ്റ്റ് ചെയ്യുകയും ചെയ്ത ബിഹാർ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ നടപടിക്ക് എത്ര മുസ്‍ലിം ജീവനുകൾ ബലിയർപ്പിക്കേണ്ടിവന്നുവെന്ന് ഒവൈസി പരിഹാസത്തോടെ ചോദിച്ചു. ലാലു പ്രസാദ് യാദവ് കേന്ദ്രമന്ത്രിയായെങ്കിലും മുസ്‍ലിം സമുദായത്തിലെ കുട്ടികളും മുതിർന്നവരും ദുരിതം അനുഭവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ ട്വീറ്റിൽ ടാഗ് ചെയ്തായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

ബിഹാറിലെ സിവാനിൽ ശനിയാഴ്ചയാണ് വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. മഹാവീർ അഖാര ഘോഷയാത്ര മുസ്‍ലിം പള്ളിക്കടുത്ത് എത്തിയതോടെയാണ് സംഘർഷത്തിന് തുടക്കം. മാർച്ചിനിടെ കാവി വസ്ത്രധാരികൾ വർഗീയ മുദ്രാവാക്യം വിളിച്ചിരുന്നു. ഇത് ബർഹാരിയയുടെ പുരാണി ബസാർ പരിസരത്ത് കല്ലേറിനിടയാക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 25 മുസ്‌ലിംകളും 10 ഹിന്ദുക്കളും ഉൾപ്പെടെ 35 പേർക്കെതിരെ സിവാൻ പൊലീസ് കേസെടുക്കുകയും 20 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

കസ്റ്റഡിയിലെടുത്തവരിൽ മസ്ജിദിന് സമീപം താമസിക്കുന്ന 70കാരനായ യാസിനും എട്ടുവയസ്സുകാരനായ റിസ്‍വാനുമുണ്ട്. അക്രമത്തിന് പ്രേരിപ്പിച്ച കുറ്റമാണ് ഇരുവർക്കുമെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. ഇരുവരും നിരപരാധികളാണെന്ന് കുടുംബം പറയുന്നു. അടുത്തിടെ രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയനായ യാസിന് മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളതായും പറയുന്നു. റിസ്‍വാനെ കാണാൻ തങ്ങളെ ആദ്യം അനുവദിച്ചില്ലെന്നും ഭയന്ന കുട്ടി വീട്ടിലേക്ക് മടങ്ങാൻ കരയുകയായിരുന്നെന്നും ബന്ധുക്കൾ പറയുന്നു. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് ഹാജരാക്കിയെങ്കിലും മോചിപ്പിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ പണം ആവശ്യപ്പെട്ടു. അരയിൽ കയർ കെട്ടിയാണ് ഇരുവരെയും കോടതിയിൽ ഹാജരാക്കിയതെന്നും ബന്ധുക്കൾ ആരോപിച്ചു. 

Tags:    
News Summary - Muslim children are still paying the price for Advani's arrest -Owaisi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.