ന്യൂഡൽഹി: ഉത്തരകാശിയിൽ നിന്നും ‘ലവ് ജിഹാദ്’ വിദ്വേഷപ്പുക ഉത്തരാഖണ്ഡ് ഒന്നാകെ പടർന്നുപിടിക്കുന്നതിനിടയിൽ വിദ്വേഷ പ്രചാരണത്തിനെതിരെ ഈ മാസം 18ന് മുസ്ലിം നേതാക്കൾ മഹാപഞ്ചായത്ത് വിളിച്ചു. ഈ മാസം 15നകം കടകൾ ഒഴിഞ്ഞുപോകാൻ ഉത്തരകാശിയിലെ മുസ്ലിം വ്യാപാരികൾക്ക് ഹിന്ദുത്വ സംഘടനകൾ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് ഡറാഡൂണിൽ മഹാ പഞ്ചായത്ത് വിളിച്ചത്. ഡറാഡൂൺ ഖാദി മുഹമ്മദ് അഹ്മദ് ഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന മുസ്ലിം നേതാക്കളുടെ യോഗമാണ് തീരുമാനമെടുത്തത്.
ഉത്തരാഖണ്ഡിലൊന്നാകെ സംജാതമായ സ്ഥിതിവിശേഷം ഡറാഡൂൺ ഖാദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ചർച്ച ചെയ്തുവെന്നും പ്രതിഷേധ പരിപാടി എന്ന നിലയിൽ ജൂൺ 18ന് മഹാപഞ്ചായത്ത് വിളിക്കാൻ തീരുമാനിച്ചുവെന്നും മുസ്ലിം കൂട്ടായ്മയായ ‘മുസ്ലിം സേവാ സംഘടൻ’ മീഡിയ ഇൻ ചാർജ് വസീം അഹ്മദ് അറിയിച്ചു. നിരപരാധികളായ മുസ്ലിംകളെ പുറത്താക്കുകയാണെന്നും ഒരു വ്യക്തി കുറ്റകൃത്യം ചെയ്തതിന് സമുദായത്തെ ഒന്നാകെ ലക്ഷ്യമിടുകയാണെന്നും മുഹമ്മദ് അഹ്മദ് ഖാസിമി പറഞ്ഞു. നിരപരാധികളെ ശിക്ഷിക്കരുതെന്ന് ആഹ്വാനം ചെയ്യാനാണ് മഹാപഞ്ചായത്ത് എന്ന് അദ്ദേഹം തുടർന്നു.
അതേസമയം, മുസ്ലിംകളുടെ മഹാപഞ്ചായത്ത് ഉത്തരാഖണ്ഡിൽ അനുവദിക്കില്ലെന്ന് ദേവ്ഭൂമി രക്ഷാ അഭിയാൻ സ്ഥാപകൻ എന്നവകാശപ്പെടുന്ന സ്വാമി ദർശൻ ഭാരതി വ്യക്തമാക്കി. മുസ്ലിംകളെ പുറന്തള്ളാൻ ജൂൺ 15ന് ആഹ്വാനം ചെയ്ത മഹാപഞ്ചായത്ത് പുരോലയിൽ 15ന് നടക്കുമെന്നും സ്വാമി കൂട്ടിച്ചേർത്തു. ഡറാഡൂണിൽ മഹാപഞ്ചായത്തിനുള്ള അപേക്ഷ ഇതുവരെ ലഭിച്ചില്ലെന്നും അത്തരമൊന്ന് ലഭിച്ചാൽ ഉചിതമായ നടപടി എടുക്കുമെന്നും ഡറാഡൂൺ അഡീഷനൽ ഡിസ്ട്രിക്റ്റ് മജിസ്ത്രേട്ട് ശിവ്കുമാർ ബരൻവാൽ അറിയിച്ചു.
മുസ്ലിംകൾക്ക് മഹാപഞ്ചായത്ത് വിളിച്ച് ഏതു വിഷയവും ചർച്ച ചെയ്യാമെന്നും ‘ലവ് ജിഹാദ്’ കേസുകൾ ന്യായീകരിക്കരുതെന്നുമാണ് ബി.ജെ.പി ഉത്തരാഖണ്ഡ് മീഡിയ ഇൻചാർജ് മൻവീർ സിങ് ചൗഹാന്റെ പ്രതികരണം. എന്നാൽ, ഏതു ഭാഗത്തു നിന്നുള്ള തീവ്രവാദത്തെയും തങ്ങൾ പിന്തുണക്കില്ലെന്നും ഇത് സംസ്ഥാനത്തിന്റെ സൗഹാർദത്തിനും വിനോദസഞ്ചാരത്തെ ആശ്രയിച്ചുള്ള സമ്പദ്ഘടനക്കും അപരിഹാര്യമായ പ്രത്യാഘാതമുണ്ടാക്കുമെന്നും കോൺഗ്രസിന്റെ ഉത്തരാഖണ്ഡ് മുഖ്യ വക്താവ് ഗരിമ മെഹ്റ ദസോനി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.