ഷിംല: ഹിമാചലിൽ നിയമവിരുദ്ധമായി നിർമിച്ച മസ്ജിദുകൾ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകളുടെ ആവശ്യം ശരിയല്ലെന്നും ഒരു മസ്ജിദും നിയമവിരുദ്ധമല്ലെന്നും വിശദീകരണവുമായി മുസ്ലിം സംഘടന. സർക്കാർ രേഖകളിൽ ഇവ അംഗീകരിച്ചുകിട്ടാനുള്ള താമസവും അനുബന്ധ പ്രശ്നങ്ങളുമാണ് തടസ്സമെന്ന് മുസ്ലിം ക്ഷേമസമിതി മാണ്ഡി പ്രസിഡന്റ് നഹീം അഹ്മദ് പറഞ്ഞു. നിർമിതികൾ നിയമവിരുദ്ധമെന്ന് തിരിച്ചറിഞ്ഞാൽ ഇവ സ്വന്തമായി പൊളിച്ചുനീക്കുമെന്നും ഇതിനായി മാണ്ഡിയിലെ ബൽഹിൽ മുസ്ലിം നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനതല സമിതി രൂപവത്കരിച്ച് വിഷയങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിക്കും.
അതിനിടെ, കുളുവിൽ പള്ളി പൊളിക്കാനാവശ്യപ്പെട്ട് പ്രകടനമായെത്തിയവർ പൊലീസുമായി ഏറ്റുമുട്ടി. മസ്ജിദ് നിയമപ്രകാരമാണെങ്കിൽ രേഖകൾ ഹിന്ദുത്വ സംഘടന നേതാക്കളെ കാണിക്കണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ, കുളു അഖാര ബസാറിൽ പൊളിച്ചുനീക്കാനാവശ്യപ്പെട്ട മസ്ജിദ് സ്വാതന്ത്ര്യത്തിന് മുമ്പുള്ളതും നിയമവിധേയവുമാണെന്ന് അധികൃതർ വ്യക്തമാക്കി.
ആഗസ്റ്റ് 30ന് ഹിമാചലിലെ മലിയാനയിൽ ഒരു മുസ്ലിം ബാർബറും ഹിന്ദു വ്യവസായിയും തമ്മിലുണ്ടായ പ്രശ്നമാണ് പള്ളി പൊളിക്കൽ സമരമായി വളർന്നത്. സഞ്ചോളിയിൽ മസ്ജിദിന്റെ ഒരുഭാഗം പൊളിച്ചുനീക്കാനുള്ള സമരത്തിനിടെ 10 പേർക്ക് പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.