മുസ്‍ലിം വിദ്യാർഥിയുടെ മുഖത്തടിപ്പിച്ച സംഭവം: അടിയേറ്റ കുട്ടി ഇനി മറ്റൊരു സ്കൂളിൽ; പഠന ചെലവ് ഏറ്റെടുത്ത് ജംഇയ്യത്ത്

മുസഫർ നഗർ: ഉത്തർ പ്രദേശിലെ മുസഫർ നഗറിൽ അധ്യാപികയുടെ നിർദേശപ്രകാരം സഹപാഠികളുടെ അടിയേറ്റ വിദ്യാർഥി മറ്റൊരു സ്കൂളിലേക്ക് മാറുന്നു. ഏതാനും കിലോമീറ്റർ അകലെയുള്ള മറ്റൊരു സ്വകാര്യ സ്കൂളിലേക്കാണ് മാറുകയെന്ന് ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് ജില്ല പ്രസിഡന്റ് മൗലാന മുകറം വാർത്ത ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു. ഷാഹ്പൂരിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അഡ്മിഷൻ ശരിയാക്കിയിട്ടുണ്ടെന്നും കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് സംഘടന വഹിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. കുട്ടിയെ സ്കൂളിൽ കൊണ്ടുപോകാനും തിരിച്ചെത്തിക്കാനും വാഹന സൗകര്യം ഒരുക്കുമെന്നും അവൻ പഠിക്കാൻ ആഗ്രഹിക്കുന്ന കാലമത്രയും പഠന ചെലവ് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘടന പ്രസിഡന്റ് അർഷദ് മദനിയുടെ നിർദേശപ്രകാരം കുട്ടിയുടെ വീട് കഴിഞ്ഞ ദിവസം ഭാരവാഹികൾ സന്ദർശിച്ചിരുന്നു. ശേഷം കുട്ടിയുടെ പിതാവും ഭാരവാഹികളും പുതിയ സ്കൂളിലെത്തി അഡ്മിഷൻ നടപടികൾ പൂർത്തിയാക്കി.

ആഗസ്റ്റ് 24നാണ് മുസ്‍ലിം വിദ്യാർഥിയെ സഹപാഠികൾ മുഖത്തടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. മുസഫർനഗറിലെ നേഹ പബ്ലിക് സ്കൂളിലായിരുന്നു സംഭവം. തൃപ്ത ത്യാഗി എന്ന അധ്യാപിക വിദ്യാർഥികളോട് മുസ്‍ലിം ബാലന്‍റെ മുഖത്തടിക്കാൻ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു. സംഭവത്തിൽ അധ്യാപികക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 323,504 എന്ന വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

സംഭവത്തെ തുടർന്ന് രാജ്യത്താകെ പ്രതിഷേധമുയർന്നിരുന്നു. കുട്ടിയെ മുഖത്തടിപ്പിച്ച സംഭവത്തിൽ ലജ്ജയില്ലെന്നായിരുന്നു അധ്യാപികയുടെ ആദ്യ പ്രതികരണം. ഗ്രാമത്തിലെ ജനങ്ങൾ തനിക്കൊപ്പമാണെന്നും കുട്ടികളെ നിയന്ത്രിച്ചേ മതിയാകൂവെന്നും അതിന് തങ്ങൾ പിന്തുടരുന്ന രീതിയിതാണെന്നുമായിരുന്നു അവരുടെ വാദം. എന്നാൽ, അധ്യാപിക പിന്നീട് തെറ്റ് ഏറ്റുപറഞ്ഞ് രംഗത്തെത്തി. കുട്ടികളെ കൊണ്ട് അങ്ങനെ പറയിപ്പിച്ചതിന് പിന്നിൽ വർഗീയ ലക്ഷ്യമുണ്ടായിരുന്നില്ലെന്നും കുട്ടി ഹോംവർക്ക് ചെയ്യാതെ വന്നതിനുള്ള ശിക്ഷ മാത്രമായിരുന്നു അതെന്നും അവർ വിഡിയോ സന്ദേശത്തിൽ പറഞ്ഞു. താൻ ഭിന്നശേഷിക്കാരിയായതിനാൽ എഴുന്നേൽക്കാൻ സാധിക്കാത്തതിനാലാണ് മറ്റ് വിദ്യാർഥികളോട് കുട്ടിയെ അടിക്കാൻ ആവശ്യപ്പെട്ടത്. തന്‍റെ വിഡിയോ ചിത്രീകരിച്ചതും പ്രചരിപ്പിച്ചതും മനഃപൂർവം ഹിന്ദു-മുസ്‍ലിം വർഗീയതയുണ്ടാക്കാനാണെന്നും അവർ കൂട്ടിച്ചേർത്തു.

അധ്യാപികയുടെ നടപടി വിവാദമായതിനെ തുടർന്ന് സ്കൂൾ അനിശ്ചിതകാലത്തേക്ക് പൂട്ടിയിട്ടിരിക്കുകയാണ്. സംഭവത്തിന് ശേഷം കുട്ടി മാനസികമായി തകർന്ന നിലയിലാണെന്നും രാത്രികളിൽ ഉറങ്ങുന്നില്ലെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേസ് പിൻവലിക്കാൻ തങ്ങൾക്ക് മേൽ സമ്മർദമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

Tags:    
News Summary - Muslim student slapped in the face incident: The beaten child is now in another school; Jamiat bearing the cost of study

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.