ഭോപ്പാല്‍: ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ പൊലീസും നാട്ടുകാരും നഗരസഭ അധികൃതരും ബുൾഡോസറിനെ ‘ആനയിച്ചു’. റോഡരികിലെ അഷ്‌റഫ് ഹുസൈൻ മൻസൂരിയുടെ മൂന്നുനില വീടിന്റെ ചുവരും വാതിലുകളും ജനലുകളും മണ്ണുമാന്തി യന്ത്രക്കൈകൾ പൊളിച്ച് താഴെയിടുമ്പോൾ ബാൻഡ്മേളം അക്രമോത്സുക താളത്തിൽ മുറുകി. പശ്ചാത്തലത്തിൽ ‘ഗോവിന്ദ ഗോവിന്ദ’ എന്ന ഗാനം ഉച്ചഭാഷിണികളിലൂടെ മുഴങ്ങി.
ഹൈന്ദവ ഘോഷയാത്രക്ക് നേരെ തുപ്പിയെന്ന കള്ളക്കേസ് ചുമത്തി മധ്യപ്രദേശിലെ ഉജ്ജയിനിൽ പൊലീസ് മൻസൂരിയുടെ രണ്ട് മക്കളടക്കം മൂന്ന് കൗമാരക്കാരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു അവരുടെ വീട് തകർത്തത്. ഇതിൽ 18കാരനെ 151 ദിവസം ജയിലിലടച്ച ശേഷം നിരപരാധിയെന്ന് കണ്ട് ഹൈകോടതി കഴിഞ്ഞ ദിവസം വെറുതെ വിട്ടു. പ്രായപൂർത്തിയാകാത്ത മറ്റുരണ്ടുപേരെ മൂന്നുമാസത്തെ തടവിന് ശേഷം ജാമ്യത്തിൽ വിട്ടിരുന്നു.
2023 ജൂലൈ 17. മധ്യപ്രദേശിലെ ഉജ്ജയിൻ സ്വദേശിയായ അഷ്‌റഫ് ഹുസൈൻ മൻസൂരി(43)യും കുടുംബവും ജീവിതത്തിൽ തീ തിന്നാൻ തുടങ്ങിയ ദിനം. ഇദ്ദേഹത്തിന്റെ 18 ഉം 15 ഉം പ്രായമായ കുട്ടികളും ഇവരുടെ സുഹൃത്തായ 15 കാരനും കെട്ടിടത്തിന് മുകളില്‍നിന്ന് ബാബാ മഹാകാല്‍ ഉത്സവത്തോടനുബന്ധിച്ചുള്ള ഘോഷയാത്രക്ക് നേരെ തുപ്പിയെന്നായിരുന്നു കേസ്. അന്ന് തന്നെ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു. രണ്ടാം നാൾ, ജൂലൈ 19ന് അഷ്‌റഫ് ഹുസൈൻ മൻസൂരിയുടെ ഉടമസ്ഥതയിലുള്ള വീട് അടങ്ങുന്ന മൂന്ന് നില കെട്ടിടം ബുൾഡോസർ ഉപയോഗിച്ച് തകർത്തു.
This is the biggest story of the day which Most News Channels, News Agencies and Godi Anchors will skip because they can't afford to show BJP Govt in the bad light especially when the Victim is a Muslim.
— Mohammed Zubair (@zoo_bear) January 15, 2024
Their house was demolished with Drumbeats and music by municipal officials… pic.twitter.com/eBXRrjJ17J
മരിച്ചുപോയ ഉമ്മയുടെ പേരിൽ ഒരു നോട്ടീസ് നൽകി അരമണിക്കൂറിനുള്ളിലാണ് കെട്ടിടം തകർത്തത്. ഇതോടെ മൂന്ന് കുടുംബങ്ങളിലെ ഒരു ഡസനോളം പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഭവനരഹിതരായി. ‘ഇത് ശിവരാജ് സിങ് ചൗഹാന്റെ സർക്കാരാണ്. ഇവിടെ പ്രതികൾക്കെതിരെ നടപടി എടുക്കുക മാത്രമല്ല, അവരുടെ ഇച്ഛാശക്തിയെ കൂടി തകർക്കും. ശിവനെ അപമാനിക്കുന്നവർ ശിവ താണ്ഡവം (നാശത്തിനും) നേരിടാനും തയ്യാറാകണം’ -എന്നാണ് ഇതേക്കുറിച്ച് മധ്യപ്രദേശ് ബി.ജെ.പി വക്താവ് ആശിഷ് അഗർവാൾ അഗർവാൾ പറഞ്ഞത്.
എന്നാൽ, കുട്ടികൾ തുപ്പിയെന്ന കള്ളക്കേസിന് തെളിവോ സാക്ഷികളോ ഇല്ലായിരുന്നു. പൊലീസ് ഹാജരാക്കിയ കള്ളസാക്ഷികളാകട്ടെ തങ്ങൾ ഒന്നും കണ്ടിട്ടില്ലെന്ന് കോടതി മുമ്പാകെ തുറന്നുപറഞ്ഞു. വ്യാജപരാതിയുണ്ടാക്കി സാക്ഷികളോടും പരാതിക്കാരോടും ഒപ്പുവയ്ക്കാന്‍ പൊലീസ് ആവശ്യപ്പെടുകയാണുണ്ടായതെന്ന് പരാതിക്കാരനും സാക്ഷികളും കോടതിയെ അറിയിച്ചു. തെളിവുകളൊന്നും ഹാജരാക്കാൻ പൊലീസിന് കഴിഞ്ഞുമില്ല. ഇതോടെ കേസിലെ പ്രായപൂർത്തിയായ ഏക പ്രതി അഷ്‌റഫ് ഹുസൈന്റെ മകൻ അദ്‌നാൻ മൻസൂരിക്ക് 151 ദിവസത്തെ ജയില്‍വാസത്തിന് ശേഷം കോടതി ജാമ്യം നൽകുകയായിരുന്നു. മധ്യപ്രദേശ് ഹൈക്കോടതിയിലെ ജസ്റ്റിസ് അനില്‍ വര്‍മയുടെ സിംഗിള്‍ ബെഞ്ചാണ് ജാമ്യംനല്‍കിയത്. എഫ്.ഐ.ആറിന്റെ ഉള്ളടക്കം പോലും അറിയാതെയാണ് തങ്ങൾ ഒപ്പുവച്ചതെന്ന് സാക്ഷികള്‍ പറഞ്ഞതായി കോടതി ഉത്തരവില്‍ പറയുന്നു.
പരാതിക്കാരനും സാക്ഷിയും കൂറുമാറിയതാണ് കേസ് കോടതി തള്ളാന്‍ കാരണമായത്. പ്രതികളെ തിരിച്ചറിയില്ലെന്നും അവര്‍ തുപ്പിയത് കണ്ടില്ലെന്നും പരാതിക്കാരനായ സാവണ്‍ കോടതിയില്‍ പറഞ്ഞു. പരാതിയില്‍ പൊലീസ് ആണ് ഒപ്പിടാന്‍ ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ഒരിക്കലും എന്റെ മൊഴി എടുത്തിട്ടില്ലെന്നും സംഭവദിവസം പൊലീസ് ഉദ്യോഗസ്ഥർ തന്നെ ഒന്നാം നിലയിൽ വിളിപ്പിച്ചു ചില പേപ്പറുകളിൽ ഒപ്പ് ഇടാൻ നിർബന്ധിക്കുകയായിരുന്നുവെന്നും കേസിലെ ദൃക്സാക്ഷി പറഞ്ഞു.
നേരത്തെ മതവികാരം വ്രണപ്പെടുത്താനുള്ള മനപ്പൂര്‍വമായ ശ്രമം (295എ) ഉള്‍പ്പെടെയുള്ള ഐ.പി.സിയിലെ കടുത്ത വകുപ്പുകള്‍ പ്രകാരമായിരുന്നു കൗമാരക്കാര്‍ക്കെതിരേ കേസെടുത്തത്. അറസ്റ്റിലായ ഉടന്‍ തന്നെ അഷ്‌റഫ് ഹുസൈന്‍ മന്‍സൂരിയുടെ വീട് തകര്‍ക്കാന്‍ അന്നത്തെ മുഖ്യമന്ത്രി ശിവരാജ് സിങ്ചൗഹാന്‍ ഉത്തരവിടുകയായിരുന്നു. പിന്നാലെ നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി വീട് അധികൃതര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ച് നീക്കുകയും ചെയ്തു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ അഞ്ച് വകുപ്പുകൾ പ്രകാരമാണ് കൗമാരക്കാരെ അറസ്റ്റ് ചെയ്തത്. മതവികാരങ്ങളെ പ്രകോപിപ്പിക്കൽ, ആരാധനാലയത്തിന് നേരെ നടത്തിയ കുറ്റകൃത്യം, മത പരിപാടിയെ ശല്യപ്പെടുത്തൽ, പൊതു വിദ്വേഷത്തിന് കാരണമാകുന്ന പ്രസ്താവനകൾ തുടങ്ങിയവയായിരുന്നു വകുപ്പുകൾ. ഇവർകെകതിരെ നടപടി ആവശ്യപ്പെട്ട് ഹിന്ദുത്വവാദികൾ ഖരാകുവ പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയും മുസ്‍ലിംകൾക്കെതിരെ വിദ്വേഷ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തിരുന്നു.
സംഭവസ്ഥലത്തുനിന്ന് 55 കി.മീ അകലെയുള്ള സാവൻ ലോത്ത്(28) എന്നയാളുടെ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്. എന്നാൽ, അഞ്ച് മാസത്തിന് ശേഷം 2023 ഡിസംബർ 15 ന് പരാതിക്കാരനായ സാവൻ ലോത്തും സുഹൃത്തും സാക്ഷിയുമായ അജയ് ഖത്രിയും മധ്യപ്രദേശ് ഹൈകോടതിയുടെ ഇൻഡോർ ബെഞ്ചിന് മുമ്പാകെ സത്യാവസ്ഥ തുറന്നുപറഞ്ഞ് കൂറുമാറി. ഇതോടെയാണ് മോചനം സാധ്യമായത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ബുൾഡോസർ രാജിന്റെ ആവർത്തനമായിരുന്നു ഈ വിഷയത്തിലും നടന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഉജ്ജയിനിൽ തന്നെ ഇത്തരം രണ്ട് ഡസനിലധികം കെട്ടിടങ്ങളാണ് ബുൾഡോസറിനിരയായത്.
കുടുംബം കഴിഞ്ഞ അഞ്ച് മാസമായി വാടക വീട്ടിലാണ് താമസിക്കുന്നത്. താഴത്തെ നിലയിലുണ്ടായിരുന്ന കട കുറച്ച് അറ്റകുറ്റപ്പണി നടത്തി വീണ്ടും തുറന്നതായി അഷ്‌റഫ് ഹുസൈൻ മൻസൂരിയുടെ മൂത്ത സഹോദരൻ അസ്ഗർ ഹുസൈൻ മൻസൂരി ‘ആർട്ടിക്ക്ൾ 14’ വാർത്താ പോർട്ടലിനോട് പറഞ്ഞു. തകർത്ത വീട് പുനർനിർമ്മിക്കാനുള്ള സാമ്പത്തികശേഷിയില്ലെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ തിരിച്ചുകിട്ടിയതിൽ ദൈവത്തിന് നന്ദി പറയുന്നുവെന്നും വീട് തകർത്ത മുനിസിപ്പൽ കോർപറേഷനോ കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥർക്കോ എതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.