ഏച്ചുകൂട്ടിയ കണക്കിലും മുഴച്ചുനില്‍ക്കുന്ന മുസ്ലിം വോട്ട്

ന്യൂഡല്‍ഹി: പതിവുപോലെ ഉത്തര്‍പ്രദേശിലെ മുസ്ലിം വോട്ടുകള്‍ സമാജ്വാദി പാര്‍ട്ടിക്കും ബി.എസ്.പിക്കുമിടയില്‍ വീതം വെക്കപ്പെട്ടുവെന്ന് കാണുമ്പോഴും മുസ്ലിംകള്‍ തങ്ങള്‍ക്ക് വോട്ടുചെയ്തെന്ന ബി.ജെ.പി പ്രചാരണം ബാലിശമായി മാറുന്നു. ബി.ജെ.പിക്കെതിരെ ശക്തരായ സ്ഥാനാര്‍ഥികളെ പിന്തുണച്ച മുസ്ലിം സമുദായം പോരാട്ടം മുറുകിയതോടെ ആള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമൂന്‍, പീസ് പാര്‍ട്ടി തുടങ്ങിയ മുസ്ലിം സംഘടനകളെപ്പോലും ഒഴിവാക്കിയെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ഈ ധ്രുവീകരണത്തിന്‍െറ ഫലം മുസ്ലിംകളും ജാട്ടുകളും യാദവരും ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിലും എങ്ങനെ ബി.ജെ.പിക്ക് അനുകൂലമായി എന്നതാണ് ദുരൂഹമായി അവശേഷിക്കുന്നത്. 

ഹിന്ദുക്കളുടെ പലായനം സജീവ രെതഞ്ഞെടുപ്പ് ചര്‍ച്ചാവിഷയമായ ഉത്തര്‍പ്രദേശില്‍ ആ പലായനം നടന്നുവെന്ന് പ്രചരിച്ച കൈരാന മണ്ഡലത്തില്‍ സമാജ്വാദി പാര്‍ട്ടിയുടെ മുസ്ലിം സ്ഥാനാര്‍ഥി നഹീദ് ഹസന്‍ 21,000ല്‍പരം വോട്ടിന്‍െറ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. കടുത്ത മത്സരത്തില്‍ കാലിടറുമെന്ന് പ്രചരിപ്പിച്ച എസ്.പിയുടെ മുസ്ലിം മുഖം അഅ്സം ഖാന്‍ അര ലക്ഷത്തോളം വോട്ടിന്‍െറ ഭൂരിപക്ഷത്തിനാണ് റാംപുരില്‍ ജയിച്ചത്. അഅ്സംഗഢില്‍ എസ്.പിയുടെ ദുര്‍ഗ പ്രസാദ് 27,000 വോട്ടിന്‍െറ ഭൂരിപക്ഷം നേടി. മുസ്ലിംകള്‍ ബി.ജെ.പിക്ക് വോട്ടുചെയ്തുവെന്ന പ്രചാരണം തെറ്റാണെന്ന് തെളിയിക്കുന്നതാണ് കടുത്ത മത്സരമെന്ന് പറഞ്ഞ ഈ മണ്ഡലങ്ങളില്‍ പോലും തെരഞ്ഞുപിടിച്ച് വോട്ട് ചെയ്ത മുസ്ലിംകള്‍ കലാപം നടന്ന മുസഫര്‍ നഗറിലും മറ്റുപ്രദേശങ്ങളിലും ബി.ജെ.പിക്ക് വോട്ടുചെയ്തുവെന്ന പ്രചാരണം തെറ്റാണെന്ന് മുസ്ലിം നേതാക്കള്‍ ആണയിടുന്നു.  

മുസ്ലിംകള്‍ ധ്രുവീകരിക്കുന്നത് കണ്ട് ഹിന്ദുക്കളും ധ്രുവീകരണത്തിലായി വോട്ട് ചെയ്തുവെന്ന് പറയുന്ന അതേ ശ്വാസത്തില്‍ മുസ്ലിംകള്‍ കൂടി തങ്ങള്‍ക്ക് വോട്ടുചെയ്തുവെന്ന് ബി.ജെ.പി എങ്ങനെ അവകാശപ്പെടുമെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗം വൈസ് ചെയര്‍മാന്‍ ഹാജി സിറാജുദ്ദീന്‍ ഖുറൈശി ചോദിച്ചു. പിന്നെ മുസ്ലിം മണ്ഡലങ്ങളിലെങ്ങനെ ബി.ജെ.പി ജയിച്ചു എന്നാണ് ചോദ്യമെങ്കില്‍ ആ ചോദ്യം അങ്ങോട്ട് തിരിച്ചാണ് ചോദിക്കേണ്ടതെന്നും ഹാജി തുടര്‍ന്നു. 70,000 മുസ്ലിംകളും 81,000 ജാട്ടുകളുമുള്ള ആഗ്ര സൗത്തില്‍ മറ്റൊരു ജാതിക്കാരനും വേണ്ട ബി.എസ്.പി സ്ഥാനാര്‍ഥി ഭുട്ടോയെ ജയിപ്പിക്കാന്‍. എന്നാല്‍, ബി.എസ്.പിക്ക് കേവലം 57657 വോട്ടു ലഭിച്ചപ്പോള്‍ മറ്റു ജാതിക്കാര്‍ ന്യൂനപക്ഷമായ ഇവിടെ 1,11,882 വോട്ടാണ് ബി.ജെ.പി സ്ഥാനാര്‍ഥി യോഗേന്ദ്ര ഉപാധ്യായക്ക് ലഭിച്ചത്. ഉവൈസിയുടെ പാര്‍ട്ടിക്ക് 500ഉം 1000വും വോട്ടുകളാണിവിടെ ലഭിച്ചത്. കോണ്‍ഗ്രസിന്‍െറ നസീര്‍ അഹ്മദിന് കിട്ടിയത് മുഴുവന്‍ മുസ്ലിം വോട്ടായാലും ബാക്കി മുസ്ലിം ജാട്ട് വോട്ടുകളെവിടെയെന്ന് അദ്ദേഹം ചോദിച്ചു. 

Tags:    
News Summary - muslim vote share in up elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.