സിദ്ധാർഥ നഗർ: പശുവിനെ കശാപ്പ് ആരോപിച്ച് മുസ്ലിം യുവാവിനെ പിടിക്കാനെത്തിയ പൊലീസ് മാതാവിനെ വെടിവെപ്പ് കൊന്നു. 53കാരിയായ റോഷ്നിയെയാണ് പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്. ശനിയാഴ്ച അർധരാത്രി ഉത്തർപ്രദേശിലെ സിദ്ധാർഥ നഗർ ജില്ലയിലെ ഇസ്‌ലാംനഗർ ഗ്രാമത്തിലാണ് സംഭവം. മകനെ കസ്റ്റഡിയിലെടുക്കുന്നതിനെതിരെ പ്രതിഷേധിച്ചപ്പോഴാണ് വെടിവെച്ചത്.
ഇരുപതോളം വരുന്ന പൊലീസ് സംഘമാണ് സഹോദരൻ അബ്ദുൽ റഹ്മാനെ കസ്റ്റഡിയിലെടുക്കാൻ ശനിയാഴ്ച രാത്രിയിൽ വീട്ടിലെത്തിയെന്ന് മറ്റൊരു സഹോദരനായ അതിർഖുർ റഹ്മാൻ പറഞ്ഞതായി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
പൊലീസുകാരിൽ ഒരാൾ മാതാവിന് നേരെ വെടിയുതിർത്തുവെന്നും ഗുരുതര പരിക്കേറ്റ അവർ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തെന്ന് അതിർഖുർ വിവരിക്കുന്നു.
അതേസമയം, നാട്ടുകാരുടെ പ്രതിഷേധം വകവെക്കാതെ പൊലീസ് അബ്ദുൽ റഹ്മാനെ കസ്റ്റഡിയിലെടുത്തു. മെയ് 22ന് സഹോദരി റാബിയയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങളുടെ തിരക്കിലായിരുന്നു കുടുംബം. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ മുംബൈയിൽ നിന്ന് മെയ് ഒമ്പതിനാണ് അബ്ദുൽ റഹ്മാൻ നാട്ടിലെത്തിയത്.
റാബിയയുടെ മകന്റെ പരാതിയിൽ കൊലപാതകക്കുറ്റം ചുമത്തി പൊലീസുകാർക്കെതിരെ സിദ്ധാർഥ് നഗർ പൊലീസ് ഞായറാഴ്ച എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മകനെ രക്ഷിക്കാൻ ശ്രമിച്ച റോഷ്‌നിയെ വെടിവെക്കുമെന്ന് പൊലീസ് ആദ്യം ഭീഷണിപ്പെടുത്തുകയും പിന്നീട് വെടിയുതിർക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.