'ഇതൊരു സാധാരണ തയ്യൽ ജോലിയല്ല. ഈ ജോലി ചെയ്യാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തുടനീളമുള്ള വീടുകളിൽ ഞാൻ തുന്നിച്ചേർത്ത ദേശീയ പതാകകൾ ഉയർന്നുപറക്കുമെന്ന് എനിക്കറിയാം'- സുനാമി ഗേറ്റ് ഏരിയയിലെ സിമന്റുതേക്കാത്ത വീടിന്റെ വരാന്തയിലിരുന്ന് ദേശീയ പതാകകൾ തുന്നിക്കൊണ്ടിരിക്കെ 42 കാരിയായ നാദിയ നൂർ അത്രമേൽ അഭിമാനബോധത്തോടെ പറയുന്നു. നൂറിന്റെ കൈകളുടെ സങ്കീർണമായ ചലനങ്ങളും അതോടൊപ്പം അതിശയകരമായ പാരസ്പര്യം പുലർത്തുന്ന കണ്ണുകളുടെ സൂക്ഷ്മമായ ഏകാഗ്രതയും കേവലമൊരു തയ്യൽ വൈദഗ്ധ്യം മാത്രമല്ല അതെന്ന് അടയാളപ്പെടുത്തുന്നുണ്ട്.
പഞ്ചാബ് നഗരമായ മലർകോട്‍ലയിൽ നൂറിനെപോലെ ഒരുപാടു സ്ത്രീകളാണ് വീടുകളുടെയും നിർമാണ യൂനിറ്റുകളുടെയും പരിമിത സാഹചര്യങ്ങളിലും ആ പതാകകൾ അഴകോടെ അണിയിച്ചൊരുക്കുന്നത്. രാജ്യത്തെ സേവിക്കാൻ കിട്ടിയ അവസരമെന്ന നിലയിൽ പവിത്രമായ ജോലിയായി ദേശീയ പതാകനിർമാണത്തെ അവരെല്ലാം ഹൃദയത്തോടു ചേർത്തുവെക്കുന്നു.
കരകൗശല വിദഗ്ധർക്ക് പേരുകേട്ട മലർകോട്‍ലയിലെ വീടുകൾ രാത്രിയിലും സജീവമാണ്. കഴിഞ്ഞ 15 ദിവസമായി 'ഹർ ഘർ തിരംഗ്' കാമ്പയിനായി പതാകകൾ തുന്നുകയാണ് ഇവിടുത്തെ സ്ത്രീകൾ. രാജ്യം 75-ാം സ്വാതന്ത്ര്യദിനമാഘോഷിക്കുമ്പോൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവർ തുന്നിയ ദേശീയ പതാകകൾ പാറും.
പട്യാലക്കു൦ ലുധിയാനക്കു൦ ഇടയിൽ സ്ഥിതിചെയ്യുന്ന മെലർകോട്‍ലയിൽ ആകെ ജനസംഖ്യയുടെ 68.5 ശതമാനവു൦ മുസ്‍ലിങ്ങളാണ്. ഇന്ത്യൻ സൈന്യത്തിനും സുരക്ഷാ സേനയ്ക്കും വേണ്ടി പതാകകൾ, എംബ്ലങ്ങൾ, ബാഡ്ജുകൾ എന്നിവ നിർമിച്ച് നൽകുന്ന നിരവധി ചെറുകിട യൂനിറ്റുകളുടെ കേന്ദ്രമാണ് ഇവിടം. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി 'ഹർ ഘർ തിരംഗ' കാമ്പയിന് തുടക്കമായതോടെ ദേശീയ പതാക നിർമിക്കാൻ രാവുംപകലും പ്രയത്നിക്കുകയാണ് ഇവർ. പതാക നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന 1800-2000 സ്ത്രീകളിൽ ഭൂരിഭാഗവും മുസ്‍ലിങ്ങളാണ്. വളരെ കുറച്ച് പുരുഷന്മാർ മാത്രമെ ദേശീയ പതാക നിർമാണത്തിൽ ഏർപ്പെട്ടിട്ടുള്ളൂ.
പ്രധാനമായും ജമ്മു കശ്മീർ, പശ്ചിമ ബംഗാൾ, ഡൽഹി, ഹരിയാന, ഗോവ, അസം, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കാണ് മലർകോട്‍ലയിൽ നിർമിക്കുന്ന ദേശീയപതാകകൾ കയറ്റുമതി ചെയ്യുന്നത്. വ്യത്യസ്ത വലിപ്പത്തിലുള്ള പതാകകളാണ് ഇവർ നിർമിക്കുന്നത്. പെയിന്റിങ്ങിനു൦ എ൦ബ്രോയിഡറിക്കു൦ അനുസരിച്ച് പതാകയുടെ വിലയിൽ മാറ്റങ്ങളുണ്ടാവു൦. എംബ്രോയിഡറി യൂനിറ്റ് ഉടമകൾ എത്തിച്ച് നൽകുന്ന ടെറികോട്ട്, പട്ട്, ഖാദി എന്നിവ ഉപയോഗിച്ചാണ് ഇവർ പതാക നിർമിക്കുന്നത്.
ഇത്തവണ ദേശീയ പതാകയുടെ ആവശ്യം ഗണ്യമായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം 500-600 പതാകകൾ ഉണ്ടാക്കിയപ്പോൾ ഈ വർഷം 1.5 ലക്ഷം പതാകകൾ നിർമിച്ചിച്ചിട്ടുണ്ടെന്ന് എൻ.എൻ എബ്രായിഡറി യൂനിറ്റ് ചെയർമാൻ മുഹമ്മദ് നസി൦ പറഞ്ഞു. പതാകയുടെ ആവശ്യം വർധിച്ചതോടെ പതാക നിർമിക്കാനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ വിലയും വർധിച്ചു. അസംസ്കൃത വസ്തുക്കളുടെ വിലവർധന ലാഭവിഹിതം കുറച്ചിട്ടുണ്ട്. എന്നാൽ ഇത്തവണ ലാഭത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നു൦ രാജ്യത്തെ സേവിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്‍റെ ഇ-പോർട്ടലുകൾ വഴിയും കരാറുകാർ മുഖേനയുമാണ് ദേശീയ പതാകകളുടെ വിതരണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.