വ്യോമസേനയില്‍ മുസ് ലിം താടി വേണ്ട –സുപ്രീംകോടതി

ന്യൂഡല്‍ഹി: ഇസ്ലാമില്‍ താടി വടിക്കുന്നതിന് നിരോധനമില്ലാത്തതിനാല്‍ ഇന്ത്യന്‍ വ്യോമസേനയില്‍ സേവനമനുഷ്ഠിക്കുന്ന മുസ്ലിംകള്‍ക്ക് താടി വളര്‍ത്താന്‍ അനുവാദമില്ളെന്ന് സുപ്രീംകോടതി വിധിച്ചു. താടി വളര്‍ത്തിയതിന് പിരിച്ചുവിടാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ച മുഹമ്മദ് സുബൈറിന്‍െറ ഹരജി തള്ളിയാണ് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍, ഡി.വൈ. ചന്ദ്രചൂഡ്, എല്‍. നാഗേശ്വര റാവു എന്നിവരടങ്ങുന്ന ബെഞ്ചിന്‍െറ വിധി.

ഇസ്ലാം മുടിവെട്ടുന്നതും താടിവടിക്കുന്നതും നിരോധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, അക്കാര്യത്തില്‍ വ്യത്യസ്ത വ്യാഖ്യാനങ്ങളുണ്ടെന്നും താടി വെക്കുന്നതാണ് ഉത്തമം എന്നാണ് ഹരജിക്കാരനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദ് മറുപടി നല്‍കിയതെന്ന് കോടതി വിധിയില്‍ പറയുന്നുണ്ട്. ഷേവ് ചെയ്യുന്നതും മുടിവെട്ടുന്നതും തന്‍െറ മതം നിരോധിക്കുന്നുണ്ടെന്നതിന് തെളിവ് ഹാജരാക്കാനും ഹരജിക്കാരന് കഴിഞ്ഞില്ളെന്നും കോടതി നിരീക്ഷിച്ചു.

1964ലെ വ്യോമസേന ചട്ടം 425(ബി) പ്രകാരം ഏതെങ്കിലും വ്യക്തിയെ മുടിവെട്ടുന്നതില്‍നിന്നും ഷേവ് ചെയ്യുന്നതില്‍നിന്നും മതം തടയുന്നുണ്ടെങ്കില്‍ അയാള്‍ക്ക് മുടിയും താടിയും വളര്‍ത്താന്‍ അനുമതിയുണ്ടെന്നും അത് വൃത്തിയായി പരിപാലിച്ചാല്‍ മതിയെന്നും വിധിയില്‍ വിശദീകരിച്ചു.ഈ ചട്ടം ആധാരമാക്കി വ്യോമസേനയിലെ മുസ്ലിംകള്‍ക്ക് താടിവെക്കാന്‍ 1980ല്‍ അനുമതി നല്‍കിയിരുന്നതാണ്.

1982ല്‍ പുതിയ ഉത്തരവിറക്കിയ വ്യോമസേന ഒരു മുസ്ലിം താടി വെക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കമാന്‍ഡിങ് ഓഫിസര്‍ക്ക് മുന്‍കൂര്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചു. 1999ല്‍ ഇറക്കിയ ഉത്തരവില്‍ സര്‍വിസില്‍ ചേരുമ്പോള്‍ താടിയുള്ള മുസ്ലിമിന് പ്രത്യേക അനുമതി ആവശ്യമില്ളെന്നും സര്‍വിസില്‍ ചേര്‍ന്ന ശേഷം താടിവെക്കുന്നവര്‍ മാത്രം അനുമതി നേടിയാല്‍ മതിയെന്നും വ്യോമസേന നിലപാടെടുത്തു.

എന്നാല്‍, 2003ല്‍ പരിഷ്കരിച്ച നയമനുസരിച്ച് താടിയും തലപ്പാവുമുള്ള സിഖുകാരന് സേനയില്‍ ചേര്‍ന്ന ശേഷവും തുടരാന്‍ അനുമതി നല്‍കിയ സേന 2002 ജനുവരി ഒന്നിന് മുമ്പ് മീശയോടുകൂടി താടിയുള്ള മുസ്ലിമിന് അങ്ങനെ തുടരാന്‍ അനുവാദം നല്‍കി. മീശയില്ലാതെ താടിവെക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ളെന്നും സര്‍വിസില്‍ ചേര്‍ന്ന ശേഷം താടിവെച്ചവര്‍ അത് വടിക്കണമെന്നും നിര്‍ദേശിച്ചു. മുസ്ലിം താടിവെക്കുന്നതുമായി ബന്ധപ്പെട്ട് സേന നിരന്തരം നയം മാറ്റിക്കൊണ്ടിരുന്നതിനെയും സുപ്രീംകോടതി ന്യായീകരിച്ചു.

Tags:    
News Summary - muslims beard is not allowed in air force -supreme court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.