ന്യൂഡൽഹി: മുസ്‌ലിംകൾ രാജ്യത്ത് കൊറോണ പടർത്തുന്നുവെന്ന ആരോപണം വെറും ധാരണ മാത്രമാണെന്നും യാഥാർഥ്യമല്ലെന്നും ആർ.എസ്.എസ് മുതിർന്ന നേതാവ് ദത്താത്രേയ ഹൊസബാലെ. മുസ്‌ലിംകൾ ഇന്ത്യൻ സമൂഹത്തിെൻറ ഭാഗമാണെന്നും അദ്ദേഹം വിദേശ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ആരോപണം നിർഭാഗ്യകരമാണ്. സർസംഘചലക് മോഹൻ ഭഗവത് പറഞ്ഞതുപോലെ കുറച്ചുപേരുടെ വീഴ്ചക്ക് മുഴുവൻ സമൂഹത്തെയും കുറ്റപ്പെടുത്തേണ്ടതില്ല. ഇന്ത്യയിലെ മുസ്‌ലിംകളുടെ ക്ഷേമം സർക്കാർ നന്നായി പരിഗണിക്കുന്നുണ്ട് -ഹൊസബാലെ പറഞ്ഞു.
മത വിവേചനമില്ലാതെ 130 കോടി ഇന്ത്യക്കാരെക്കുറിച്ചാണ് ആർ.എസ്.എസ് സംസാരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യം സമൂഹവും സർക്കാരും ഒരുമിച്ച് നേരിടണം. കൊറോണാനന്തര ലോകത്തും നമ്മൾ ഒരുമിച്ച് പ്രവർത്തിക്കണം. ഭാഷ, മതം, ദേശീയത, വിദ്യാഭ്യാസം, വംശം, സമൂഹം എന്നിവയൊന്നും പരിഗണിക്കാതെ കൊറോണ വൈറസ് എല്ലാവരുടെയും പൊതു ശത്രുവാണ്. ഇതിനെതിരായ പോരാട്ടത്തിലും വിവേചനമുണ്ടാകരുത് -അദ്ദേഹം പറഞ്ഞു.
2014ൽ ബി.ജെ.പി അധികാരത്തിൽ വന്നശേഷം അരക്ഷിതാവസ്ഥ അനുഭവിക്കുന്ന മുസ്‌ലിംകളെ സുരക്ഷിതരാക്കാൻ ആർ.എസ്.എസ് എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ, സമൂഹത്തിലെ ഒരു വിഭാഗത്തെ മാത്രം ഉയർത്തിക്കാട്ടുന്നത് എന്തുകൊണ്ടാണെന്ന് ഹൊസബാലെ ചോദിച്ചു.
സർക്കാർ ആരോടും വിവേചനം കാണിക്കുന്നില്ല. ജൻധൻ, ഉജ്വൽ തുടങ്ങിയ പദ്ധതികൾ മുസ്‌ലിംകൾക്കിടയിലെ ഏറ്റവും ദരിദ്രരിൽ എത്തിയിരിക്കുന്നു. ഉത്തർപ്രദേശിലും ബീഹാറിലും ധാരാളം മുസ്‌ലിംകൾക്ക് ഈ പദ്ധതികളിൽ നിന്ന് പ്രയോജനം ലഭിച്ചു. മുഖ്യമന്ത്രിമാർ, പ്രസിഡൻറുമാർ തുടങ്ങി ഉന്നത സ്ഥാനങ്ങളിൽ മുസ്‌ലിംകൾ വഹിച്ചിട്ടുണ്ട്്. അവർക്ക് മറ്റാരെയും പോലെ തിരഞ്ഞെടുപ്പിൽ മത്സരിക്കാം. കൊറോണ സമയത്ത് ഹിന്ദു സമൂഹം നടത്തിയ സേവനങ്ങൾ മുസ്‌ലിംകളെ എങ്ങനെ പരിപാലിക്കുന്നു എന്നതിെൻറ തെളിവാണ് -അദ്ദേഹം പറഞ്ഞു.
കൊറോണ വ്യാപനത്തിൽ ചൈനയുടെ പങ്കിനെക്കുറിച്ച് ചോദിച്ചപ്പോൾ, ആർഎസ്‌എസ് പോലുള്ള സംഘടനക്ക് ഇതേക്കുറിച്ച് അഭിപ്രായം പറയാൻ കഴിയില്ലെന്നും ഇതൊക്കെ അന്വേഷിണ്ടേത് അന്താരാഷ്ട്ര സമൂഹമാണെന്നുമായിരുന്നു ഹൊസബാലെയുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.