മതത്തിന്‍റെയും ജാതിയുടെയും പേരിൽ സമൂഹത്തെ വിഭജിക്കുന്നവരെ തിരിച്ചറിയണം -യോഗി

ലഖ്നോ: മതത്തിന്‍റെയും ജാതിയുടെയും പ്രദേശത്തിന്‍റെയും പേരിൽ സമൂഹത്തെ വിഭജിക്കുന്നവർ അത് ഇപ്പോഴും തുടരുകയാണെന്ന് യു.പി മുഖ്യമന്ത്രി ‍യോഗി ആദിത്യനാഥ്. ഇത്തരക്കാരെ തിരിച്ചറിയണം. അവർക്ക് വികസനങ്ങളെ കാണാൻ കഴിയില്ല. അതിനാൽ, പുതിയ ഗൂഢാലോചനകളുമായി വരികയാണ്. മരിച്ചയാളുടെ പേരിൽ രാഷ്ട്രീയം കളിക്കുന്നവരെയും തിരിച്ചറിയണമെന്ന് യോഗി പറഞ്ഞു.

ഏതെങ്കിലും മതത്തിനോ ജാതിക്കോ വേണ്ടിയല്ല ഞങ്ങൾ പ്രവർത്തിക്കുന്നത്. എല്ലാവർക്കും വികസനവും സുരക്ഷയും ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്നും യോഗി പറഞ്ഞു.

ബി.ജെ.പിയുടെ എതിരാളികൾ ഹാഥ്റസ് കൊലപാതകത്തിന്‍റെ മറവിൽ വർഗീയ കലാപത്തിന് കളമൊരുക്കുകയാണെന്ന് യോഗി നേരത്തെ ആരോപിച്ചിരുന്നു. സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവരെ പൗരത്വനിയമത്തിനെതിരെ പ്രതിഷേധിച്ചവരെ നേരിട്ടപോലെ കൈകാര്യം ചെയ്യുമെന്നും യോഗി പറഞ്ഞു.

'കോവിഡ് വ്യാപന'ത്തിനു ശ്രമിച്ച തബ്ലീഗ് പ്രവര്‍ത്തകരെ സര്‍ക്കാര്‍ എങ്ങനെയാണ് കൈകാര്യം ചെയ്‌തെന്ന കാര്യം ആരും മറക്കരുത്. അവരെ വേണ്ടവിധം കൈകാര്യം ചെയ്തു. സര്‍ക്കാര്‍ എല്ലാവര്‍ക്കും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ആരെയും പ്രീതിപ്പെടുത്താനില്ലെന്നും യോഗി പറഞ്ഞു.

ഹാഥറസിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി കൊല്ലപ്പെട്ടതിനെ തുടർന്ന് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പാതിരാത്രിയിൽ വീട്ടുകാരുടെ അനുവാദം പോലും കൂടാതെ യു.പി പൊലീസ് പെൺകുട്ടിയുടെ മൃതദേഹം കത്തിക്കുകയും ചെയ്തതോടെ സർക്കാർ കുറ്റവാളികൾക്ക് സഹായം നൽകുകയാണെന്ന് വ്യക്തമായിരുന്നു. മാധ്യമപ്രവർത്തകരെയോ രാഷ്ട്രീയ നേതാക്കളെയോ പെൺകുട്ടിയുടെ വീട്ടിലേക്ക് പ്രവേശിപ്പിക്കാൻ യു.പി സർക്കാർ തയാറായിരുന്നില്ല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.