ജയ്പുർ: രാജസ്ഥാനിൽ തന്ത്രപരമായ നീക്കത്തിലൂടെ മുഖ്യമന്ത്രി പദം സംരക്ഷിച്ച കരുത്തിൽ പാർട്ടിയിലെ എതിരാളി സചിൻ പൈലറ്റിനെ ലക്ഷ്യമിട്ട് അശോക് ഗെഹ് ലോട്ട്. സംസ്ഥാനത്ത് പുതിയ മുഖ്യമന്ത്രിയുണ്ടാകുമെന്ന വാർത്ത വന്നയുടൻതന്നെ എം.എൽ.എമാർ എതിർപ്പുയർത്തിയത് എന്തുകൊണ്ടെന്ന് ചിന്തിക്കണമെന്ന് ഗെഹ് ലോട്ട് പറഞ്ഞു.
കോൺഗ്രസ് ദേശീയ അധ്യക്ഷ പദവിയിലേക്ക് അദ്ദേഹം പരിഗണിക്കപ്പെട്ട സാഹചര്യത്തിൽ സചിൻ മുഖ്യമന്ത്രിയാകുമെന്ന ഘട്ടം വന്നപ്പോൾ ഭൂരിഭാഗം എം.എൽ.എമാരും രാജി നൽകിയിരുന്നു. തുടർന്ന്, താൻ അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ഗെഹ് ലോട്ട് പ്രഖ്യാപിച്ചതോടെയാണ് സംസ്ഥാനത്ത് കോൺഗ്രസ് സർക്കാർ വീഴാതെ പിടിച്ചുനിന്നത്.
സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധിയുടെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും അതുകൊണ്ടുതന്നെ അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിൽനിന്ന് പിന്മാറുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇൗ സംഭവവികാസങ്ങളിൽ സോണിയ ഗാന്ധിയോട് അദ്ദേഹം ക്ഷമാപണം നടത്തുകയും ചെയ്തു.
പുതിയ മുഖ്യമന്ത്രി അവരോധിക്കപ്പെടുകയായിരുന്നുവെങ്കിൽ 80 മുതൽ 90 ശതമാനം വരെ എം.എൽ.എമാർ കൂറു മാറുമായിരുന്നുവെന്നും അങ്ങനെ സംഭവിക്കാത്തതുകൊണ്ട് പ്രതിസന്ധി ഒഴിവായെന്നും ഗെഹ് ലോട്ട് ഞായറാഴ്ച മാധ്യമങ്ങളോടു പറഞ്ഞു.
''മുഖ്യമന്ത്രി മാറുകയായിരുന്നുവെങ്കിൽ ഭൂരിഭാഗം എം.എൽ.എമാരും കൊഴിഞ്ഞുപോകുമായിരുന്നു. അവർ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുകയും െചയ്യുമായിരുന്നു. ഇതു തെറ്റാണെന്ന് എനിക്ക് പറയാനാവില്ല. പുതിയ മുഖ്യമന്ത്രിയുടെ പേരുയർന്നതിനെ തുടർന്ന് എം.എൽ.എമാരുടെ പ്രതിഷേധമുയർന്നത് രാജസ്ഥാനിൽ ഒരു പുതിയ സംഭവമാണ്'' -സചിന്റെ പേരു പരാമർശിക്കാതെ അദ്ദേഹം വിശദീകരിച്ചു.
ആരായിരിക്കും മുഖ്യമന്ത്രിയെന്ന് എനിക്ക് ഊഹിക്കാനായില്ലെങ്കിലും എം.എൽ.എമാർക്ക് അതിന് കഴിഞ്ഞുവെന്നും ഗെഹ് ലോട്ട് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിന് മാറ്റമുണ്ടാകാൻ ഇനിയും സാധ്യതയുണ്ടോ എന്ന ചോദ്യത്തിന്, ഹൈകമാൻഡാണ് എല്ലാം നിശ്ചയിക്കേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
''ഞാൻ എന്റെ ജോലി ചെയ്തുവരുകയാണ്. തീരുമാനമെടുക്കേണ്ടത് ഹൈകമാൻഡാണ്. വരുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അധികാരത്തിൽ എത്തിക്കുകയാണ് തന്റെ ലക്ഷ്യം''-ഗെഹ് ലോട്ട് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.