നീതിനിഷേധത്തിന്‍െറ മൂകസാക്ഷികള്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്‍െറ ആരവം കൊടുമ്പിരി കൊള്ളുമ്പോള്‍ മുസഫര്‍നഗറിലെ ആറു സ്ത്രീകളുടെ മനസ്സില്‍ നെരിപ്പോട് അണയുന്നില്ല. 2013ലെ കലാപത്തിനിടെ കൂട്ടമാനഭംഗത്തിനിരയായ ഇവര്‍ക്ക് നീതി ഇപ്പോഴും കിട്ടാക്കനിയാണ്. കൂട്ടമാനഭംഗത്തിനിരയാക്കിയ കലാപകാരികളുടെ പേര് വിളിച്ചുപറയാന്‍ ധൈര്യം കാട്ടിയ ഇവര്‍ ആക്രമികളുടെ നിരന്തര ഭീഷണിയിലാണ്. സംരക്ഷണം നല്‍കേണ്ട പൊലീസും ഭരണകൂടവും അതിന് തയാറാകുന്നില്ല. കേസ് ഒച്ചിഴയും വേഗത്തില്‍ നീങ്ങുമ്പോള്‍ വിചാരണ പീഡാനുഭവമായി മാറി.

അരലക്ഷത്തിലേറെ പേര്‍ പലായനം ചെയ്യേണ്ടിവന്ന മുസഫര്‍നഗര്‍ കലാപത്തില്‍ നിരവധി സ്ത്രീകളാണ് കൂട്ടമാനഭംഗത്തിനിരയായത്. അവരില്‍ ഏഴുപേര്‍ മാത്രമാണ് പരാതി പറയാന്‍ ധൈര്യം കാണിച്ചവര്‍. അവര്‍ക്കുപോലും നീതി ലഭിച്ചില്ളെന്ന കയ്പേറിയ സത്യമാണ് ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ പുറത്തുവിട്ട ‘നഷ്ടപ്പെടുന്ന വിശ്വാസം: മുസഫര്‍നഗര്‍ കൂട്ടമാനഭംഗ ഇരകളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം’ എന്ന റിപ്പോര്‍ട്ട് പറയുന്നത്. ഏഴ് കൂട്ടമാനഭംഗ കേസില്‍ മൂന്നുവര്‍ഷമായിട്ടും ഒരാളെപ്പോലും ശിക്ഷിച്ചിട്ടില്ല. രണ്ടുകേസുകളില്‍ പ്രതികളെ കോടതി വിട്ടയച്ചു. രണ്ടുകേസുകളില്‍ വിചാരണ തുടങ്ങിയതുപോലുമില്ല. ഒരു കേസില്‍ കുറ്റപത്രം പോലും നല്‍കിയില്ല. ഇരകളായ സ്ത്രീകളെ കൊണ്ട് കോടതിയില്‍ മൊഴി മാറ്റിപ്പറയിച്ചാണ് രണ്ടുകേസില്‍ പ്രതികള്‍ കുറ്റമുക്തരായത്.

വീട്ടില്‍ വന്ന് തന്‍െറ ഇളയ മകന്‍െറ തലക്ക് നേരെ തോക്കുചൂണ്ടി കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുമ്പോള്‍ മൊഴി മാറ്റുകയല്ലാതെ നിര്‍വാഹമില്ലായിരുന്നുവെന്ന് 50കാരിയായ ഇരയുടെ ദീനവിലാപം റിപ്പോര്‍ട്ട് എടുത്തുപറയുന്നു. പ്രാദേശിക ബി.ജെ.പി നേതാക്കളുടെ പിന്തുണയോടെ വഴിയില്‍ തടഞ്ഞുനിര്‍ത്തിയും വീട്ടില്‍ വന്നും ഭീഷണി തുടരുമ്പോള്‍ പിടിച്ചുനില്‍ക്കാനായില്ളെന്നാണ് മൊഴി മാറ്റിപ്പറയാന്‍ നിര്‍ബന്ധിതയായ രണ്ടാമത്തെ സ്ത്രീയുടെ പരിഭവം. ഇരകളിലൊരാള്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പ്രസവത്തിനിടെ മരിച്ചു. കേസില്‍ ഇവരുടെ മൊഴി കോടതി രേഖപ്പെടുത്തുന്ന നടപടി പോലും നടന്നിട്ടില്ളെന്നത് പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതാണ്.

മാനഭംഗ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന 2013ലെ നിയമസഭ ഭേദഗതി പോലും മുസഫര്‍നഗര്‍ കേസുകളില്‍ പാലിക്കപ്പെടുന്നില്ളെന്ന് ഇരകളുടെ അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ വൃന്ദ ഗോവര്‍ പറഞ്ഞു. മുസഫര്‍നഗര്‍ മജിസ്ട്രേറ്റ് കോടതി മുമ്പാകെ നടക്കുന്ന വിചാരണയില്‍ പ്രതികളുടെ അഭിഭാഷകര്‍ മന$പൂര്‍വം മുങ്ങുമ്പോള്‍ കേസുകള്‍ നീട്ടിവെക്കുന്നു. മാനഭംഗ കേസുകളില്‍ ഇരയെ വിചാരണ ചെയ്യുന്നത് അടച്ചിട്ട കോടതിയിലായിരിക്കണമെന്ന വ്യവസ്ഥ പോലും ലംഘിക്കപ്പെട്ടു. കോടതിയില്‍ കേസിന് പോകാന്‍ ഭീതിയാണെന്നും പ്രതികള്‍ക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകര്‍ക്ക് പോലും ഭീഷണിയുണ്ടെന്നും വൃന്ദ ഗോവര്‍ ചൂണ്ടിക്കാട്ടി.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് വേളയില്‍ ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ബോധപൂര്‍വമാണെന്ന് ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ അകാര്‍ പട്ടേല്‍ പറഞ്ഞു. റിപ്പോര്‍ട്ട് ആര്‍ക്കൊക്കെ ഗുണം ചെയ്യും, ദോഷം ചെയ്യുമെന്ന് നോക്കുന്നില്ല. കൂട്ടമാനഭംഗത്തിന്‍െറ ഇരകളില്‍ ആറുപേരുമായി സംസാരിച്ചും ബന്ധപ്പെട്ട രേഖകള്‍ വിവരാവകാശം വഴി ശേഖരിച്ചുമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഇരകള്‍ക്ക് നീതി ലഭിച്ചിട്ടില്ല. തെരഞ്ഞെടുപ്പില്‍ അക്കാര്യവും ചര്‍ച്ച ചെയ്യപ്പെടണമെന്ന് അകാര്‍ പട്ടേല്‍ തുടര്‍ന്നു.

Tags:    
News Summary - muzaffarnagar riot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.