ജയ്പൂർ: രാജസ്ഥാനിൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അശോക് ഗെഹ്ലോട്ട് മാറുമെന്ന അഭ്യൂഹങ്ങൾക്കിടെ തന്‍റെ രാജി സോണിയ ഗാന്ധിയുടെ കൈയിൽ തന്നെ ഉണ്ടെന്ന് ഗെഹ്ലോട്ട് പ്രതികരിച്ചു.
"എന്റെ രാജി സോണിയ ഗാന്ധിയുടെ പക്കലുണ്ട്. അതിനാൽ മുഖ്യമന്ത്രി മാറുമോ എന്ന ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് അർഥമില്ല. മാറേണ്ടി വന്നാൽ തീർച്ചയായും മാറും"- ഗെഹ്ലോട്ട് പറഞ്ഞു. വെള്ളിയാഴ്ച കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി സച്ചിൻ പൈലറ്റ് നടത്തിയ ചർച്ചക്ക് പിന്നാലെയാണ് ഗെഹ്ലോട്ടിന്റെ പ്രതികരണം.
ഹൈക്കമാൻഡുമായി പൈലറ്റ് നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെ രാജസ്ഥാനിൽ നേതൃമാറ്റത്തിന് സാധ്യതയുണ്ടെന്ന തരത്തിൽ ചർച്ചകൾ ഉയർന്നിരുന്നു. നേരത്തെ, കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായി പൈലറ്റ് കൂടിക്കാഴ്ച നടത്തിയിരുന്നു.
അഞ്ച് സംസ്ഥാനങ്ങളിൽ നേരിട്ട തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി ഘടനയിൽ മാറ്റം വരുത്താൻ കോൺഗ്രസ് പ്രവർത്തക സമിതി തീരുമാനിച്ചിരുന്നു.
പാർട്ടിയിലെ സംഘടന പരിഷ്കരണങ്ങളുൾപ്പടെ വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകൾക്കും 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനുമുള്ള തയാറെടുപ്പുകൾ ചർച്ച ചെയ്യാൻ സോണിയ ഗാന്ധിയുടെ വസതിയിൽ മൂന്ന് ദിവസത്തെ യോഗം വിളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.