ചെന്നൈ: മൈസൂരു-ദർബാംഗ ഭാഗ്മതി എക്സ്പ്രസ് ഗുഡ്സ് ട്രെയിനിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ പരിക്കേറ്റവരുടെ എണ്ണം 19 ആയി. അപകടത്തിൽ ട്രെയിനിന്റെ 13 കോച്ചുകൾ പാളം തെറ്റുകയായിരുന്നു. അപകടത്തെ തുടർന്ന് ട്രെയിനിന്റെ രണ്ട് കോച്ചുകളിൽ തീപിടിത്തവുമുണ്ടായി. അപകടത്തിൽ പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
മൈസുരു – ദർബാംഗ ഭാഗമതി ട്രെയിൻ കവരൈപ്പേട്ടയ്ക്ക് സമീപം ദണ്ഡവാളത്തിൽ നിർത്തിയിട്ടിരുന്ന ചരക്കു ട്രെയിനിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അഗ്നിരക്ഷാസേനയും ദേശീയ ദുരന്തനിവാരണ സേനയും സംഭവസ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അപകടമുണ്ടാവുന്ന സമയത്ത് ട്രാക്കിൽ കനത്ത കുലുക്കം അനുഭവപ്പെട്ടിരുന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. തുടർന്ന് ട്രെയിൻ ലൂപ്പ് ലൈനിലേക്ക് പോവുകയും പാസഞ്ചർ ട്രെയിനിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മണിക്കൂറിൽ 109 കിലോ മീറ്റർ വേഗതയിലാണ് അപകടം നടക്കുമ്പോൾ ട്രെയിൻ സഞ്ചരിച്ചിരുന്നതെന്നും സൂചനയുണ്ട്.
അപകടത്തിന് പിന്നാലെ ആളുകൾക്ക് ബന്ധപ്പെടാനായി ദക്ഷിണ റെയിൽവേ എമർജൻസി ഹൈൽപ്പ് ലൈൻ നമ്പറുകൾ നൽകിയിട്ടുണ്ട്. 044-25354151, 044-24354995 എന്നീ നമ്പറുകളാണ് നൽകിയിരിക്കുന്നത്. സമീപ റെയിൽവേ ഡിവിഷനുകളായ ആന്ധ്രപ്രദേശിലെ ഗുഡുർ-08624 250795, ഓംഗോല-08624 250795, വിജയവാഡ-0866 2571244, നെല്ലൂർ-0861 2345863 എന്നിവിടങ്ങളിലും ഹെൽപ്പ് ലൈൻ നമ്പറുകൾ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.