ന്യൂഡൽഹി: സന്ദർശക പാസിലെത്തി ലോക്സഭയുടെ നടുത്തളത്തിലേക്ക് ചാടി ഇറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ചവർക്ക് പാസ് നൽകിയത് ബി.ജെ.പി എം.പി. മൈസൂർ കുടക് എം.പി പ്രതാപ് സിംഹ ഒപ്പിട്ട പാസാണ് അക്രമികൾ ഉപയോഗിച്ചത്. സാഗർ ശർമ എന്ന പേരിലാണ് പാസ് നൽകിയത്.
പാർലമെന്റിന് അകത്തു നിന്നും പുറത്തു നിന്നുമായി ഒരു സ്ത്രീ ഉൾപ്പെടെ നാല് പേരെയാണ് സുരക്ഷാസേന കസ്റ്റഡിയിലെടുത്തത്. പാർലമെന്റിനകത്ത് നിന്ന് പിടിയിലായത് സാഗർ ശർമ, മനോരഞ്ജൻ എന്നിവരാണ്. രണ്ടുപേരും ബി.ടെക് വിദ്യാർഥികളാണെന്നാണ് റിപ്പോർട്ട്. ഇവരെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്. ഖാലിസ്താൻ വാദികളാണ് ഇവരെന്നാണ് പ്രാഥമിക നിഗമനം. ലോക്സഭയിൽ ബുധനാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവങ്ങൾ നടക്കുന്നത്.
സന്ദർശക ഗ്യാലറിയിൽ നിന്ന് രണ്ടുപേർ താഴേക്ക് ചാടുകയായിരുന്നു. ഭരണപക്ഷ എം.പിമാർ ഇരിക്കുന്ന ഭാഗത്താണ് ചാടിയത്. സുരക്ഷ സേന ഉദ്യോഗസ്ഥരും എം.പിമാരും ചേർന്ന് ഇവരെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഷൂവിലൊളിപ്പിച്ച കളർ സ്മോക്ക് സ്പ്രേ പൊട്ടിക്കുകയായിരുന്നു. സഭാഹാളിലാകെ മഞ്ഞ നിറം പടർന്നത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. 'ഭരണഘടനയോട് ഉത്തരവാദിത്തം നിറവേറ്റുക', 'ഏകാധിപത്യം അനുവദിക്കില്ല' തുടങ്ങിയ മുദ്രാവാക്യങ്ങളാണ് അക്രമികൾ മുഴക്കിയത്. രണ്ടുപേരെയും സുരക്ഷാവിഭാഗം പിടികൂടി. അക്രമത്തെ തുടർന്ന് സഭ നടപടികൾ നിർത്തിവെച്ചെങ്കിലും രണ്ടുമണിക്ക് ശേഷം പുനരാരംഭിക്കുകയായിരുന്നു.
ഇതിനിടെ പാർലമെൻറിന് പുറത്തും കളർബോംബ് പ്രയോഗിച്ച രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ ഭാരത് മാതാ കീ ജയ്, ജയ് ഭീം എന്നീ മുദ്രാവാക്യങ്ങളാണ് വിളിച്ചത്. അൻമോൽ, നീലം എന്നീപേരുകളിലുള്ള രണ്ടുപേരാണ് പുറത്ത് നിന്ന് പിടിയിലായത്.
എന്നാൽ, വൻ സുരക്ഷാപരിശോധന നിലനിൽക്കുന്ന പാർലമെൻറിന് അകത്തേക്ക് കളർ സ്പ്രേയുമായി എങ്ങനെ എത്തിയെന്ന ചോദ്യമാണ് നിലനിൽക്കുന്നത്. പാർലമെൻറ് ആക്രമണ വാർഷികദിനമായ ഇന്ന് തന്നെ ഇത്തരം ആക്രമണത്തിന് തെരഞ്ഞെടുത്തതിലും ദുരൂഹതയുണ്ട്. ഇന്ന് പതിവിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.