നാഭ ജയില്‍ ആക്രമണം: പര്‍മീന്ദര്‍ സിങ്ങിന്‍െറ കൂട്ടാളികള്‍ അറസ്റ്റില്‍

ഡെറാഡൂണ്‍: പഞ്ചാബിലെ നാഭ ജയില്‍ ആക്രമണക്കേസിലെ ബുദ്ധികേന്ദ്രമായ പര്‍മീന്ദര്‍ സിങ്ങിന്‍െറ രണ്ട് കൂട്ടാളികള്‍ ഡെറാഡൂണില്‍ അറസ്റ്റിലായി. നഗരത്തിലെ ഒളിത്താവളത്തില്‍വെച്ചാണ് ജയില്‍ ആക്രമണം ആസൂത്രണം ചെയ്തതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പര്‍മീന്ദറിന്‍െറ സുഹൃത്ത് സുനില്‍ അറോറയുടെ ഭാര്യ ഗീത അറോറ, കൂട്ടാളി ആദിത്യ മെഹ്റ എന്നിവരാണ് അറസ്റ്റിലായത്. നഗരത്തിലെ റായ്പുര്‍ എന്ന സ്ഥലത്ത് സുനില്‍ അറോറക്കൊപ്പമാണ് പര്‍മീന്ദര്‍ സിങ്  വാടകക്ക് താമസിച്ചിരുന്നത്.

അഞ്ചുദിവസങ്ങള്‍ക്കുമുമ്പ് ജയില്‍ ആക്രമണം  നടപ്പാക്കാനായി നഗരം വിടുംവരെ അറോറ ദമ്പതികള്‍ക്കൊപ്പമായിരുന്നു പര്‍മീന്ദര്‍. ഒളിത്താവളത്തില്‍നിന്നാണ് ഗീത അറോറയെയും ആദിത്യ മെഹ്റയെയും അറസ്റ്റ് ചെയ്തത്. സുനില്‍ അറോറയും മറ്റൊരു കൂട്ടാളിയും രക്ഷപ്പെട്ടു. നിരവധി വ്യാജ നമ്പര്‍ പ്ളേറ്റുകളും വോട്ടര്‍ ഐ.ഡി കാര്‍ഡുകളും സിം കാര്‍ഡുകളും മൊബൈല്‍ ഫോണുകളും ബുള്ളറ്റുകളും ബോംബ് നിര്‍മാണത്തിനാവശ്യമായ വസ്തുക്കളും രണ്ടു ലക്ഷം രൂപയും ഇവിടെനിന്ന് കണ്ടെടുത്തു.

ഖാലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്സ് തലവന്‍ ഹര്‍മീന്ദര്‍ സിങ് മിന്‍റു ഉള്‍പ്പെടെ ആറുപേരെയാണ് സംഘം നാഭ ജയില്‍ ആക്രമിച്ച് മോചിപ്പിച്ചത്. ഹര്‍മീന്ദര്‍ സിങ്ങിനെ ഡല്‍ഹി നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍വെച്ച് തിങ്കളാഴ്ച പുലര്‍ച്ചെ പൊലീസ് പിടികൂടിയിരുന്നു. ഇയാളെ മുസഫര്‍നഗര്‍ ജില്ലയിലെ അതി സുരക്ഷാ ജയിലിലേക്ക് മാറ്റി. ജയിലിലെ അന്തേവാസികള്‍ക്കൊന്നും ഹര്‍മീന്ദറിനെ കാണാന്‍ അനുവാദമില്ല. ജയിലിലെ സുരക്ഷ വര്‍ധിപ്പിച്ചതായും ജില്ലാ ജയില്‍ സൂപ്രണ്ട് രാകേഷ് സിങ് അറിയിച്ചു. നാഭാ ആക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശിലെ 65 ജില്ലാ ജയിലുകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

 

Tags:    
News Summary - nabha jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.