ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല കാമ്പസില്‍നിന്ന് കാണാതായ ഒന്നാം വര്‍ഷ എം.എസ്സി വിദ്യാര്‍ഥി നജീബ് അഹ്മദിനെക്കുറിച്ച് ഒരാഴ്ചയായിട്ടും വിവരമില്ല. തിരോധാനം അന്വേഷിക്കാന്‍ പ്രത്യേകസംഘം രൂപവത്കരിച്ചെങ്കിലും ഡല്‍ഹി പൊലീസിന് തുമ്പൊന്നും ലഭിച്ചില്ല. ജെ.എന്‍.യു അധികൃതരുടെ അലംഭാവത്തിനെതിരെ മറ്റു സര്‍വകലാശാലകളിലേക്കും പ്രതിഷേധം വ്യാപിക്കുകയാണ്. വെള്ളിയാഴ്ച ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ ആഹ്വാനംചെയ്ത മാര്‍ച്ചില്‍ ഡല്‍ഹി സര്‍വകലാശാലയിലെയും ജാമിഅ മില്ലിയയിലെയും വിദ്യാര്‍ഥികളും പങ്കുചേര്‍ന്നു. അലീഗഢ് മുസ്ലിം സര്‍വകലാശാലയില്‍ നടന്ന റാലിയിലും വിദ്യാര്‍ഥിനികളുള്‍പ്പെടെ നൂറുകണക്കിനു പേരാണ് അണിനിരന്നത്.
നജീബിനെ കണ്ടത്തെണമെന്നാവശ്യപ്പെട്ട് സര്‍വകലാശാല വിദ്യാര്‍ഥികള്‍ ആഭ്യന്തര മന്ത്രാലയത്തിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. മാര്‍ച്ച് ജന്തര്‍മന്തറിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളുടെ വാഹനം വഴിതിരിച്ചുവിട്ട പൊലീസ് ലാത്തിച്ചാര്‍ജും നടത്തി. പിന്നീട് നജീബിന്‍െറ അമ്മാവന്‍ ഉള്‍പ്പെടെയുള്ളവരെ റെയില്‍ഭവനു മുന്നില്‍വെച്ച് പിടികൂടി പാര്‍ലമെന്‍റ് ഹൗസ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. വിദ്യാര്‍ഥിനികളെപ്പോലും പൊലീസ് കൈയേറ്റം ചെയ്തതായി വിദ്യാര്‍ഥി യൂനിയന്‍ മുന്‍ വൈസ്പ്രസിഡന്‍റ് ഷെഹ്ലാ റാഷിദ് ഷോറ കുറ്റപ്പെടുത്തി.
പ്രതിഷേധം തുടര്‍ന്നതോടെ വിദ്യാര്‍ഥികളുടെ ഭാഗം കേള്‍ക്കാന്‍ തയാറാണെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതര്‍ അറിയിച്ചു. പിന്നീട് നജീബിന്‍െറ അമ്മാവനും വിദ്യാര്‍ഥി നേതാക്കളും നിവേദനവുമായത്തെി അന്വേഷണത്തിലെ അതൃപ്തി വ്യക്തമാക്കി. സംഘ്പരിവാറിന്‍െറ താല്‍പര്യമനുസരിച്ചാണ് പൊലീസും വാഴ്സിറ്റി അധികൃതരും പ്രവര്‍ത്തിക്കുന്നതെന്ന് അവര്‍ ആരോപിച്ചു. അതിനിടെ, തന്നെ വെട്ടിനുറുക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന കത്തു ലഭിച്ചതായി കാമ്പസിലെ എ.ബി.വി.പി നേതാവ് സൗരഭ് ശര്‍മ മാധ്യമങ്ങളോടു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.