ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍നിന്ന് വിദ്യാര്‍ഥിയെ കാണാതായി നാലു ദിവസം പിന്നിട്ടിട്ടും അധികൃതര്‍ പുലര്‍ത്തുന്ന നിസ്സംഗതക്കെതിരെ വിദ്യാര്‍ഥി പ്രതിഷേധം ശക്തമാവുന്നു.
കഴിഞ്ഞ 14ന് എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദനത്തിനിരയായ എം.എസ്സി ഒന്നാം വര്‍ഷ വിദ്യാര്‍ഥി നജീബിന്‍െറ തിരോധാനത്തിന് വൈസ്ചാന്‍സലര്‍ മറുപടി പറയണമെന്നാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത്. മോദിയുടെ കോലം കത്തിച്ചുവെന്ന വാര്‍ത്തയറിഞ്ഞ് മണിക്കൂറുകള്‍ക്കകം ട്വിറ്ററിലൂടെ അന്വേഷണം പ്രഖ്യാപിച്ച വൈസ്ചാന്‍സലര്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും കാണാതായ വിദ്യാര്‍ഥിക്കുവേണ്ടി ശബ്ദിക്കുന്നില്ളെന്ന് വിദ്യാര്‍ഥികള്‍ കുറ്റപ്പെടുത്തി.
അധികൃതരാവട്ടെ നജീബിനെ കുറ്റക്കാരനായി ചിത്രീകരിച്ച് ആക്രമികളെ രക്ഷിച്ചെടുക്കാനാണ് ശ്രമിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. ജെ.എന്‍.യു സമരകാലത്ത് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അധ്യാപകരില്‍ പലരും നിശ്ശബ്ദത പുലര്‍ത്തുന്നതും വിമര്‍ശത്തിനിടയാക്കിയിട്ടുണ്ട്.
അതിനിടെ, ചൊവ്വാഴ്ച വിദ്യാര്‍ഥികള്‍ കാമ്പസില്‍ തീര്‍ത്ത പ്രതിഷേധത്തില്‍ രക്ഷിതാക്കളും പങ്കാളികളായി. മകന്‍ ആക്രമിക്കപ്പെട്ടതറിഞ്ഞ് എത്തിയ നജീബിന്‍െറ ഉമ്മ വിദ്യാര്‍ഥികള്‍ക്കൊപ്പമുണ്ട്.
കാമ്പസില്‍നിന്ന് ആയിരങ്ങള്‍ പങ്കെടുത്ത പൊലീസ്് സ്റ്റേഷന്‍ മാര്‍ച്ചിനു ശേഷം ഒപ്പുശേഖരണവും ആരംഭിച്ചിട്ടുണ്ട്. നജീബിന് ഇന്നു സംഭവിച്ചത് നാളെ ഏതൊരു വിദ്യാര്‍ഥിക്കും അഭിമുഖീകരിക്കേണ്ടി വന്നേക്കുമെന്നും സംഘ്പരിവാറും അധികൃതരും ചേര്‍ന്ന് ജെ.എന്‍.യുവിനെ നശിപ്പിക്കുകയാണെന്നും വിദ്യാര്‍ഥി യൂനിയന്‍ മുന്‍ വൈസ് പ്രസിഡന്‍റ് ഷെഹ്ലാ റാഷിദ് ഷോറ പറഞ്ഞു. ജെ.എന്‍.യു വിദ്യാര്‍ഥികളെ ദേശദ്രോഹികളെന്ന് മുദ്രകുത്താന്‍ മത്സരിച്ച മാധ്യമങ്ങള്‍ക്ക് സംഘ്പരിവാര്‍ അക്രമം വാര്‍ത്തയല്ളെന്നും നജീബിനെ ആക്രമിച്ച ഒരാളെപ്പോലും പൊലീസ് ചോദ്യം ചെയ്തിട്ടില്ളെന്നും ഷെഹ്ല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.