ഗാന്ധിയെ കുടിയിറക്കി കലണ്ടറില്‍ മോദി കയറിയത് വിവാദത്തില്‍

ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് ഗാന്ധിജിയെ ‘കുടിയിറക്കി’ ഖാദി ഗ്രാമവ്യവസായ കമീഷന്‍െറ (കെ.വി.ഐ.സി) ഇക്കൊല്ലത്തെ കലണ്ടറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കുടിയേറ്റം നടത്തിയത് വിവാദത്തില്‍. മോദി കൈത്തറി യന്ത്രം ഉപയോഗിക്കുന്ന ചിത്രം ഖാദി കോര്‍പറേഷന്‍ കലണ്ടറിന്‍െറ പകുതിയും കവര്‍ന്നത് അല്‍പത്തമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാല്‍, അപാകതയില്ളെന്നാണ് സര്‍ക്കാറിന്‍െറയും ബി.ജെ.പിയുടെയും പക്ഷം.

ഈ വര്‍ഷത്തെ സര്‍ക്കാര്‍ കലണ്ടറിന്‍െറ 12 പുറങ്ങളിലും പകുതി ഭാഗം മോദിയുടെ ചിത്രങ്ങളാണ്. അതിനു പിന്നാലെയാണ് ഖാദി കമീഷന്‍െറ കലണ്ടറില്‍ നിന്നും ഡയറിയില്‍നിന്നും ഗാന്ധിജിയെ മാറ്റി മോദിയുടെ ചിത്രം കൊടുത്തത്. എന്നാല്‍, വിവാദം അനാവശ്യമാണെന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസും ബി.ജെ.പിയും പ്രതികരിച്ചത്.

ഖാദി കോര്‍പറേഷന്‍ കലണ്ടറില്‍ എല്ലാക്കൊല്ലവും ഗാന്ധി തന്നെ വേണമെന്ന് നിര്‍ബന്ധമില്ല. 1996, 2002, 2005, 2011, 2013, 2016 വര്‍ഷങ്ങളിലും ഗാന്ധിചിത്രം ഉണ്ടായിരുന്നില്ല. പിന്നെന്തിനാണ് വിവാദമെന്ന് ബി.ജെ.പി വക്താവ് സാംബിത് പാത്ര ചോദിച്ചു. ഈ നിലപാടു തന്നെ കെ.വി.ഐ.സി ചെയര്‍മാന്‍ വി.കെ. സക്സേനയും ആവര്‍ത്തിച്ചു. എന്നാല്‍, മോദി കൈത്തറി യന്ത്രം ഉപയോഗിക്കുന്നതായി ഭാവിച്ചാല്‍ ഗാന്ധിയാവില്ളെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചത്. ചൊവ്വ ദൗത്യവുമായി ഇന്ത്യ ബഹിരാകാശത്തേക്ക് മംഗള്‍യാന്‍ അയച്ചതിന്‍െറ ക്രെഡിറ്റ് അടിച്ചെടുക്കാന്‍ മോദി ശ്രമിച്ചത് ഓര്‍മിപ്പിച്ചുകൊണ്ട്, ഇത് മംഗള്‍യാന്‍ മാതൃകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

 

Tags:    
News Summary - Narendra Modi Edges Gandhi Out Of 'Khadi Calendar'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.