വിടാൻ ഭാവമില്ല, മോദിയെ കടന്നാക്രമിച്ച് വീണ്ടും സുബ്രമണ്യൻ സ്വാമി; ‘ഇലക്ഷൻ പ്രഖ്യാപിച്ച ശേഷം വിദേശത്ത് പോകു​ന്നത് വില കുറഞ്ഞ പരിപാടി’

ന്യൂഡൽഹി: പാർലമെന്റ് തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ആക്രമണം കടുപ്പിച്ച് ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമി. ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ഭൂട്ടാനിൽ സന്ദർ​ശനം നടത്തുന്ന മോദിയുടെ നടപടിയെ മുൻ കേന്ദ്ര മന്ത്രി കൂടിയായ സുബ്രമണ്യൻ സ്വാമി സമൂഹ മാധ്യമമായ ‘എക്സി’ൽ പങ്കുവെച്ച കുറിപ്പിൽ നിശിതമായി വിമർശിച്ചു.

‘ഇലക്ഷൻ പ്രഖ്യാപിച്ച ശേഷവും ഒരു പ്രധാനമന്ത്രി വിദേശത്ത് പോകാനാഗ്രഹിക്കുന്നത് വില കുറഞ്ഞ പരിപാടിയാണ്. മോദി പ്രധാനമന്ത്രിയല്ല, അഡ് ഹോക് പ്രധാനമന്ത്രിയാണ്. ഇതുപോലെ തൽക്കാലത്തേക്ക് സ്ഥാനത്തിരിക്കുന്ന പ്രധാനമന്ത്രിമാർ ഭാരതത്തെ പ്രതിനിധാനം ചെയ്ത് വിദേശത്ത് ​പോകരുത്’ -ഇതായിരുന്നു സ്വാമിയുടെ പോസ്റ്റ്.

മോദിക്കെതിരെ കഴിഞ്ഞയാഴ്ച ‘എക്സി’ൽ സ്വാമി മറ്റൊരു കുറിപ്പ് പങ്കുവെച്ചിരുന്നു. മോദി ഭാരത മാതാവിനെ ഒറ്റിക്കൊടുത്തുവെന്നായിരുന്നു വിമർശനം. ലഡാക്കിൽ ചൈന നടത്തിയ കടന്നുകയറ്റവുമായി ബന്ധപ്പെട്ടായിരുന്നു പരാമർശം. ‘ആരും കടന്നുകയറിയില്ല എന്നു പറയുന്നതിലൂടെ മോദി ഭാരത മാതാവിനെ ഒറ്റിക്കൊടുത്തു...4065 ചതുരശ്ര കിലോമീറ്റർ ലഡാക്ക് ഭൂമി കൈയേറിയ ചൈനക്ക് ക്ലീൻ ചിറ്റ് നൽകി’.

എക്സിൽ പോസ്റ്റ് ചെയ്ത മറ്റൊരു കുറിപ്പിലും മോദിയെ അദ്ദേഹം കടന്നാക്രമിക്കുന്നുണ്ട്. ‘മോദിയെ മൂന്നാം തവണയും ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയാൽ രാജ്യം ഒറ്റക്കെട്ടായി അദ്ദേഹത്തെ എതിർക്കേണ്ടതുണ്ട്. തർക്കമില്ലാത്ത 4065 ചതുരശ്ര കിലോമീറ്റർ ഇന്ത്യൻ പ്രദേശം കൈയേറാൻ ചൈനക്ക് അവസരം നൽകിയതിലൂടെ അദ്ദേഹം ഭാരത മാതാവിനെ അപമാനിച്ചു. ആരും കടന്നുകയറിയിട്ടില്ലെന്ന് എന്നിട്ടും പച്ചക്കള്ളം പറയുന്നു’ -സുബ്രമണ്യൻ സ്വാമി പറഞ്ഞു.

ജനുവരിയിൽ അയോധ്യ പ്രാണപ്രതിഷ്ഠ ചടങ്ങിന് ​തൊട്ടുമുമ്പായും മോദിയെ കടന്നാക്രമിച്ച് സ്വാമി രംഗത്തുവന്നിരുന്നു. വ്യക്തി ജീവിതത്തിൽ, പ്ര​ത്യേകിച്ച് ഭാര്യയോടുള്ള പെരുമാറ്റത്തിൽ രാമനെ പിന്തുടരുകയോ രാമരാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലക്ക് പ്രവർത്തിക്കുകയോ ചെയ്യാത്തയാളാണ് മോദിയെന്ന് അന്ന് സമൂഹ ​മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ സ്വാമി പറഞ്ഞു.

‘പ്രധാനമന്ത്രി പദവിയോടുള്ള പൂജയിൽ പൂജ്യമായിരിക്കെ, മോദി പ്രാണപ്രതിഷ്ഠാ പൂജയ്ക്ക് മുതിരുകയാണ്. വ്യക്തി ജീവിതത്തിൽ ഭഗവാൻ രാമനെ അദ്ദേഹം പിന്തുടർന്നിട്ടില്ല, പ്രത്യേകിച്ച് ഭാര്യയോടുള്ള പെരുമാറ്റത്തിൽ. കഴിഞ്ഞ പത്തുവർഷമായി പ്രധാനമന്ത്രി എന്ന നിലയിൽ രാമരാജ്യമനുസരിച്ച് പ്രവർത്തിച്ചിട്ടുമില്ല’- സ്വാമിയുടെ കുറിപ്പ് ഇങ്ങനെയായിരുന്നു.

‘അയോധ്യയിലെ പ്രാണപ്രതിഷ്ഠ പൂജ നടത്തുന്നതിന് മോദിയെ അനുവദിക്കാൻ രാമഭക്തന്മാർക്ക് എങ്ങനെ കഴിയുന്നു? തന്റെ ഭാര്യ സീതയെ രക്ഷിക്കാൻ ഒന്നര ദശാബ്ധത്തോളം യുദ്ധം ചെയ്തയാളാണ് ശ്രീരാമൻ. എന്നാൽ, മോദിയാകട്ടെ ഭാര്യയെ ഉപേക്ഷിച്ചതിന്റെ പേരിൽ അറിയപ്പെടുന്നയാളാണ്. എന്നിട്ടും അദ്ദേഹം പൂജ ചെയ്യുക​യോ?’ -പ്രാണപ്രതിഷ്ഠക്ക് മുമ്പ് ഇങ്ങനെയൊരു കുറിപ്പും സുബ്രമണ്യൻ സ്വാമി പോസ്റ്റ് ചെയ്തിരുന്നു. 

Tags:    
News Summary - 'Narendra Modi Is Kaam Chalau PM', Says Subramanian Swamy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.