ന്യൂഡൽഹി: ഖര-ദ്രാവക മാലിന്യം സംസ്കരിക്കുന്നതിൽ പഞ്ചാബ് സർക്കാർ പരാജയപ്പെട്ടെന്ന് ദേശിയ ഹരിത ട്രൈബ്യുണലിന്‍റെ കണ്ടെത്തൽ. ഇതേതുടർന്ന് പിഴയായി 2,000 കോടി രൂപ അടക്കാൻ ട്രൈബ്യുണൽ പഞ്ചാബ് സർക്കാറിനോട് ആവശ്യപ്പെട്ടു.
തിരുത്തൽ നടപടിക്ക് അനിശ്ചിതകാലത്തേക്ക് കാത്തിരിക്കാനാവില്ലെന്നും ആരോഗ്യ പ്രശ്നങ്ങൾ മാറ്റിവെക്കാനാകുന്നതല്ലെന്നും ട്രൈബ്യുണൽ ചെയർപേഴ്സൺ ജസ്റ്റിസ് എ.കെ. ഗോയൽ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ദേശിയ ഹരിത ട്രൈബ്യുണൽ വ്യക്തമാക്കുന്നത് പ്രകാരം, സർക്കാർ നൽകേണ്ട നഷ്ടപരിഹാരം 2,180 കോടി രൂപയാണ്.
സംസ്ഥാനത്തിന്റെ സമ്പൂർണ ബാധ്യതയായ മലിനീകരണ നിയന്ത്രണത്തിന് സമഗ്ര പദ്ധതി ഉണ്ടാക്കുക എന്നത് അവരുടെ തന്നെ ഉത്തരവാദിത്വമാണ്. സാമ്പത്തികമായി പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ ചെലവ് ചുരുക്കിയോ സാമ്പത്തിക മാർഗങ്ങൾ വർധിപ്പിച്ചോ പരിഹാരം ഉണ്ടാക്കേണ്ടതും സർക്കാർ തന്നെയാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
നേരത്തെ 100 കോടി രൂപ സർക്കാർ പിഴയടച്ചിരുന്നു. ബാക്കിയുള്ള 2,080 കോടി രൂപ രണ്ടുമാസത്തിനകം അടയ്ക്കണമെന്നും ബെഞ്ച് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.