ന്യൂഡൽഹി: ബി.ജെ.പി പ്രകടനപത്രികയിലെ അജണ്ടയായ ഏക സിവിൽകോഡ് നടപ്പാക്കുന്ന കാര്യം നിയമ കമീഷന്റെ പുനഃപരിശോധനക്ക് മോദി സർക്കാർ വിട്ട സാഹചര്യത്തിൽ ഇതേ ആവശ്യവുമായി ദേശീയ മനുഷ്യാവകാശ കമീഷനും. രാജ്യസഭയിൽ പ്രതിപക്ഷ പ്രതിഷേധം വോട്ടിനിട്ട് തള്ളി ബി.ജെ.പി അംഗം ഏക സിവിൽകോഡിനായി സ്വകാര്യ ബിൽ അവതരിപ്പിച്ചതിനു പിന്നാലെയാണ് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൻ റിട്ട. ജസ്റ്റിസ് അരുൺ മിശ്ര ഇതേ ആവശ്യമുന്നയിച്ചത്. 2020 സെപ്റ്റംബർ രണ്ടിന് സുപ്രീംകോടതി ജഡ്ജിയായി വിരമിച്ച ജസ്റ്റിസ് അരുൺ മിശ്രയെ ഒമ്പതു മാസത്തിനുശേഷം കേന്ദ്ര സർക്കാർ ദേശീയ മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സനായി നിയമിക്കുകയായിരുന്നു. ഋഗ്വേദത്തിലെ ശ്ലോകങ്ങളുദ്ധരിച്ച് മാനവപുരോഗതിക്ക് എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട ജസ്റ്റിസ് അരുൺ മിശ്ര 'ബഹുജൻ സുഖായ, ബഹുജൻ ഹിതായ' (ജനങ്ങളുടെ സന്തോഷത്തിലാണ് പൊതുജനക്ഷേമം കുടികൊള്ളുന്നത്) എന്നത് ഹിന്ദു തത്ത്വശാസ്ത്രത്തിന്റെ അടിസ്ഥാന പ്രമാണമാണെന്ന് അഭിപ്രായപ്പെട്ടു.
'ഇന്ത്യയൊട്ടുക്കും പൗരന്മാർക്ക് ഏക സിവിൽകോഡിനായി പരിശ്രമങ്ങൾ നടത്തുമെന്ന' ഭരണഘടനയുടെ 44ാം അനുച്ഛേദത്തിലെ അക്ഷരങ്ങൾ ഇനിയും അധികകാലം ജീവനില്ലാതെ കിടക്കാൻ അനുവദിക്കരുതെന്ന് ജസ്റ്റിസ് മിശ്ര പറഞ്ഞു. അന്തർദേശീയ മനുഷ്യാവകാശദിനത്തോടനുബന്ധിച്ച് ഡൽഹി വിജ്ഞാൻ ഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുഖ്യാതിഥിയായിരുന്നു. മത, സാമൂഹിക, ആചാര അനുഷ്ഠാനങ്ങളാൽ ലോകമൊട്ടുക്കും സ്ത്രീകൾക്കെതിരെ വിവേചനം കാണുന്നു. അനന്തരാവകാശത്തിലും സ്വത്തവകാശത്തിലും പാർപ്പിടത്തിലും സ്ത്രീ നേരിടുന്ന വിവേചനം നീക്കാൻ നിയമനിർമാണങ്ങൾ കൊണ്ടുവരേണ്ട സമയമായിരിക്കുന്നു.
ദുർബല വിഭാഗങ്ങളിലും ഗ്രാമീണ മേഖലകളിലുമുള്ള സ്ത്രീകളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിന് തുല്യത ആവശ്യമാണ്. വികസനത്തിലൂടെയും ശരിയായ വിദ്യാഭ്യാസത്തിലൂടെയും സ്ത്രീശാക്തീകരണം അനിവാര്യമാണ്. വിവേചനവും അതിക്രമങ്ങളും കാലാകാലങ്ങളോളം അനുഭവിക്കേണ്ടവരല്ല അവർ. ഏക സിവിൽകോഡിലൂടെ തുല്യത ഉറപ്പുവരുത്തണമെന്ന ഭരണഘടനയുടെ 44ാം അനുച്ഛേദം ഇനിയും ജീവനില്ലാത്ത അക്ഷരങ്ങളായി അവശേഷിക്കരുതെന്നും ജസ്റ്റിസ് അരുൺ മിശ്ര കൂട്ടിച്ചേർത്തു.കേന്ദ്ര സർക്കാർ ഈയിടെ നിയമിച്ച പുതിയ നിയമ കമീഷന്റെ പ്രധാന പരിശോധനാവിഷയമായി ഏക സിവിൽകോഡ് നിശ്ചയിച്ചിട്ടുണ്ട്. ഇത് നടപ്പാക്കാൻ സമയമായില്ലെന്ന കഴിഞ്ഞ നിയമ കമീഷൻ ശിപാർശ സർക്കാറിന്റെ കൈവശമിരിക്കെയാണ് പുതിയ നീക്കം.
ഇതിനു പുറമെ ബി.ജെ.പി നേതാക്കൾ ഡൽഹി ഹൈകോടതിയിലും സുപ്രീംകോടതിയിലും ഹരജിയും സമർപ്പിച്ചിട്ടുണ്ട്. 2014ലെ പ്രകടനപത്രികയിൽ രാമക്ഷേത്രത്തിനൊപ്പം ബി.ജെ.പി നടപ്പാക്കുമെന്നു പറഞ്ഞ ഏക സിവിൽകോഡ് കഴിഞ്ഞ ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പ്രകടന പത്രികയിലും ആവർത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.