ഹിന്ദു കുടുംബങ്ങളുടെ കൂട്ട പലായനം: മനുഷ്യാവകാശ കമീഷന്‍ റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതെന്ന്

മുംബൈ: ഉത്തര്‍പ്രദേശിലെ ഷംലി ജില്ലയിലെ കൈറാനയില്‍ നിന്ന് ഹിന്ദു കുടുംബങ്ങള്‍ കൂട്ടപലായനം ചെയ്തതുമായി ബന്ധപ്പെട്ട് സെപ്റ്റംബറില്‍ ദേശീയ മനുഷ്യാവകാശ കമീഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമെന്നും പാര്‍ശ്വവത്കരിക്കപ്പെട്ട ന്യൂനപക്ഷത്തെ ക്രിമിനലുകളായി ചിത്രീകരിക്കുന്നതാണെന്നും ആരോപണം. മുസ്ലിം സ്ത്രീകളുടെ അവകാശത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ‘ദി ബെബാക് കലക്ടീവ്’ ആണ് റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് മുംബൈയില്‍ രംഗത്തുവന്നത്.

2013ലെ മുസഫര്‍ നഗര്‍ കലാപത്തെ തുടര്‍ന്നുണ്ടായ മുസ്ലിം കുടുംബങ്ങളുടെ അഭയാര്‍ഥി പ്രവാഹവുമായി ബന്ധപ്പെട്ടാണ് കൈറാനയില്‍ നിന്ന് ഹിന്ദു കുടുംബങ്ങള്‍ കൂട്ട പലായനം നടത്തിയത്. ബി.ജെ.പി എം.പി ഹുകും സിങ്ങാണ് കൈറാനയില്‍ കുടിയേറിയവരെ ഭയന്ന് 250ഓളം ഹിന്ദു കുടുംബങ്ങള്‍ പലായനം ചെയ്തതായി ആരോപിച്ചത്. ഹുകും സിങ്ങിന്‍െറ ആരോപണത്തെ സാധൂകരിക്കാന്‍ കെട്ടിച്ചമച്ചതും വര്‍ഗീയ വിദ്വേഷമുള്ളതുമാണ് മനുഷ്യാവകാശ കമീഷന്‍െറ റിപ്പോര്‍ട്ടെന്ന് ചടങ്ങില്‍ പങ്കെടുത്ത ടീസ്റ്റ സെറ്റല്‍വാദ് പറഞ്ഞു.

മുസഫര്‍നഗര്‍ കലാപം 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണെങ്കില്‍ മനുഷ്യാവകാശ കമീഷന്‍െറ റിപ്പോര്‍ട്ട് ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇത് കാണുമ്പോള്‍ വര്‍ഗീയ കലാപം ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്‍െറ ഭാഗമാണെന്ന് സംശയിച്ചുപോകും. ചില സമുദായങ്ങള്‍ കടന്നുവന്നതോടെ സ്ത്രീകളില്‍ സുരക്ഷാ ഭീതിയുണ്ടായെന്നും പ്രദേശത്തെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചെന്നുമാണ് മനുഷ്യാവകാശ കമീഷന്‍െറ റിപ്പോര്‍ട്ടില്‍ പറയുന്നത്. മുന്‍ സുപ്രീം കോടതി ജഡ്ജിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്‍െറ നിലവാരമില്ലാത്തതും കെട്ടിച്ചമച്ചതുമാണ് റിപ്പോര്‍ട്ടെന്നും അത് പിന്‍വലിച്ച് മുസ്ലിംകളോട് മാപ്പുപറയണമെന്നും സംഘടന ആവശ്യപ്പെട്ടു.

Tags:    
News Summary - National Human Rights Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.