ചെന്നൈ: തൂത്തുക്കുടി സ്റ്റെർലൈറ്റ് പ്ലാൻറ് തുറക്കരുതെന്ന തമിഴ്നാട് സർക്കാർ നിലപാടിൽ സുപ്രീംകോടതിക്ക് അതൃപ്തി. അതേസമയം, ഓക്സിജൻ ഉൽപാദനത്തിന്റെ മറവിൽ കേന്ദ്ര സർക്കാർ പിന്തുണയോടെ കമ്പനി തുറക്കാനുള്ള നീക്കമാണെന്ന് ആരോപിച്ച് തൂത്തുക്കുടിയിൽ പ്രതിഷേധം. ജനകീയ പ്രക്ഷോഭത്തിനിടെ പൊലീസ് വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് പൂട്ടിയ സ്റ്റെർലൈറ്റിന്റെ ചെമ്പ് ശുദ്ധീകരണശാല തുറക്കണമെന്ന ആവശ്യവുമായി ഉടമകളായ വേദാന്ത ഗ്രൂപ് പലതവണ മദ്രാസ് ഹൈകോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചിരുന്നു.
കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ ഒാക്സിജൻ ക്ഷാമം ഉണ്ടായ സാഹചര്യത്തിലാണ് വേദാന്ത ഗ്രൂപ് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. കമ്പനിയിലെ രണ്ട് പ്ലാൻറുകളിൽ പ്രതിദിനം 1,050 മെട്രിക് ടൺ മെഡിക്കൽ ഒാക്സിജൻ ഉൽപാദിപ്പിക്കാം. ദിവസവും ചുരുങ്ങിയത് 500 മെട്രിക് ടൺ ദ്രവ ഒാക്സിജനെങ്കിലും ഉൽപാദിപ്പിച്ച് സൗജന്യമായി നൽകാമെന്നാണ് വാഗ്ദാനം. ഹരജി വ്യാഴാഴ്ച സുപ്രീംകോടതി പരിഗണിക്കവെ ഒാക്സിജൻ ഉൽപാദനത്തിന് മാത്രമായി കമ്പനി തുറക്കാൻ അനുമതി നൽകാമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. എന്നാൽ, കമ്പനി തുറക്കരുതെന്നാണ് നിലപാടെന്ന് തമിഴ്നാടിനുവേണ്ടി ഹാജരായ അഡ്വ. സി.എസ് ൈവദ്യനാഥൻ അറിയിച്ചു.
കമ്പനി സർക്കാർ ഏറ്റെടുത്ത് ഒാക്സിജൻ ഉൽപാദിപ്പിക്കാമെന്ന കോടതി നിർദേശവും തമിഴ്നാട് അംഗീകരിച്ചില്ല. കമ്പനി തുറന്നാൽ ക്രമസമാധാന പ്രശ്നമാകുമെന്നാണ് ഇവർ അറിയിച്ചത്. കോവിഡ് ബാധിച്ച് ജനങ്ങൾ മരിച്ചുവീഴുേമ്പാൾ ക്രമസമാധാന പ്രശ്നത്തിെൻറ പേരിൽ തമിഴ്നാട് സർക്കാർ വിമുഖത പ്രകടിപ്പിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് അഭിപ്രായപ്പെട്ട ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ കേസ് ഏപ്രിൽ 26ലേക്ക് മാറ്റി. കമ്പനി തുറക്കുന്നതുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ടു.
തുടർന്ന് തൂത്തുക്കുടി ജില്ല കലക്ടർ ശെന്തിൽരാജ് കമ്പനി തുറക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ, സാമൂഹിക ജനകീയ സമര സമിതി സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചു. പലർക്കും യോഗത്തിലേക്ക് പ്രവേശനാനുമതി നൽകാത്തത് സംഘർഷത്തിനിടയാക്കി. യോഗത്തിൽ കമ്പനി തുറക്കുന്നതിനെ സംഘടന പ്രതിനിധികൾ എതിർത്തു. കമ്പനി തുറക്കരുതെന്നാണ് സർക്കാറിെൻറ നിലപാടെന്ന് കലക്ടർ പ്രഖ്യാപിച്ചതോടെ യോഗം അവസാനിച്ചു. വേദാന്ത കമ്പനിയുടെ ഒാക്സിജൻ വേണ്ടെന്ന് പറഞ്ഞാണ് പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചത്.
കമ്പനി തമിഴ്നാട് സർക്കാർ ഏറ്റെടുക്കരുതെന്നും ആവശ്യപ്പെട്ടു. ഇൗ സമയത്ത് കലക്ടറേറ്റിലെത്തിയ കമ്പനി പ്രതിനിധികളെ ജനം വിരട്ടിയോടിച്ചു. കലക്ടറേറ്റ് പരിസരത്ത് പ്രതിഷേധക്കാർ തമ്പടിച്ചിരിക്കുകയാണ്. കലക്ടറേറ്റ് പരിസരം പൊലീസ് ബന്തവസ്സിലാണ്.
2018 മേയ് 22ന് പരിസ്ഥിതി- ആരോഗ്യ പ്രശ്നങ്ങളുന്നയിച്ച് നടന്ന കലക്ടറേറ്റ് മാർച്ച് െപാലീസ് വെടിവെപ്പിൽ കലാശിച്ചിരുന്നു. സംഭവത്തിൽ 13 പേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റു. തുടർന്ന് മേയ് 24ന് തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡ് കമ്പനി പൂട്ടി മുദ്രവെച്ചു. രണ്ടു വർഷമായി സ്ഥാപനം അടഞ്ഞുകിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.