നവീന്‍റെ മരണം: 'നീറ്റ്' പരീക്ഷ നിരോധിക്കണമെന്നാവശ്യപ്പെട്ട് കന്നട സംഘടനകൾ

ബംഗളൂരു: യുക്രെയ്നിൽ ഷെല്ലാക്രമണത്തിൽ കർണാടക സ്വദേശി എസ്.ഡി. നവീൻ കൊല്ലപ്പെട്ടതിനു പിന്നാലെ, രാജ്യത്തെ വൈദ്യ​ശാസ്ത്ര പഠനത്തിനായുള്ള 'നീറ്റ്' പ്രവേശന പരീക്ഷക്കെതിരെ കർണാടകയിൽ പ്രതിഷേധം. 'നീറ്റ്' പരീക്ഷ നിരോധിക്കണമെന്നാവശ്യപ്പെട്ട് കന്നട സംഘടനകൾ ട്വിറ്ററിൽ കാമ്പയിൻ ആരംഭിച്ചു.

പ്രീ യൂനിവേഴ്സിറ്റി പരീക്ഷയിൽ 97 ശതമാനം മാർക്ക് നേടിയിട്ടും സംസ്ഥാനത്ത് സർക്കാർ ക്വാട്ടയിൽ നവീന് മെഡിക്കൽ സീറ്റ് ലഭിച്ചില്ലെന്നും സ്വകാര്യ കോളജിലെ ഫീസ് താങ്ങാനാകാത്തതിനാലാണ് യുക്രെയ്നിൽ അയക്കേണ്ടിവന്നതെന്നും രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ വിമർശിച്ചുകൊണ്ട് നവീന്‍റെ പിതാവ് ശേഖരപ്പ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിന്റെ തുടർച്ചയായി നിർധന വിദ്യാർഥികളുടെയും ഗ്രാമീണ മേഖലയിലുള്ളവരുടെയും മെഡിസിൻ ബിരുദമെന്ന സ്വപ്നത്തിനുമേലുള്ള മരണമണിയാണ് 'നീറ്റെ'ന്ന് മുൻ മുഖ്യമന്ത്രിയും ജെ.ഡി-എസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമി ട്വിറ്ററിലൂടെ ആരോപിച്ചു.

നവീനെ പോലുള്ള മിടുക്കരായ ഗ്രാമീണ മേഖലയിൽനിന്നുള്ള വിദ്യാർഥികൾക്ക് രാജ്യത്ത് മെഡിക്കൽ സീറ്റ് കിട്ടുന്നില്ലെന്നത് 'നീറ്റി'ന്‍റെ ഏറ്റവും നാണംകെട്ട മുഖമാണ് തുറന്നുകാണിക്കുന്നത്. യുക്രെയ്നിൽ നവീൻ മരിച്ചത് ഇന്ത്യയുടെ മനഃസാക്ഷിയോടുള്ള ചോദ്യമാണെന്നും കുമാരസ്വാമി ട്വീറ്റ് ചെയ്തു.

'നീറ്റ്' ആരംഭിച്ചതോടെ ട്യൂഷൻ-കോച്ചിങ് സെന്‍ററുകളുടെ എണ്ണം കുതിച്ചുയർന്നു. 'നീറ്റ്' പാസാകുന്ന 99 ശതമാനം പേരും പ്രത്യേക കോച്ചിങ് നേടിയവരാണ്. എന്നാൽ, ഗ്രാമീണ മേഖലയിലുള്ളവർക്കും സർക്കാർ കോളജുകളിലുള്ളവർക്കും ഇത്തരം കോച്ചിങ്ങുകൾ സംസ്ഥാനത്ത് ലഭിക്കുന്നില്ല. ലക്ഷങ്ങൾ നൽകി പരിശീലനം നേടാനും അവർക്ക് സാഹചര്യമില്ല. അതിനാൽതന്നെ മെഡിക്കൽ വിദ്യാഭ്യാസം പണമുള്ളവരുടെ മാത്രമായി മാറിയെന്നും അദ്ദേഹം ആരോപിച്ചു.

ഫെഡറലിസത്തിന്‍റെ ലംഘനമാണ് 'നീറ്റെ'ന്ന് കന്നട സംഘടന പ്രവർത്തകയായ ശ്രുതി മാരുലപ്പ പറഞ്ഞു. സംസ്ഥാനത്തെ വിദ്യാർഥികൾക്ക് പഠിക്കാനുള്ള സീറ്റുകൾപോലും 'നീറ്റി'ലൂടെ കേന്ദ്ര സർക്കാറുകൾ കൊണ്ടുപോകുന്ന അവസ്ഥയാണെന്നും അവർ പറഞ്ഞു. സംസ്ഥാനത്ത് ആകെയുള്ള മെഡിക്കൽ സീറ്റുകളിൽ 11 ശതമാനവും കർണാടകയിലാണ്.

എന്നാൽ, 'നീറ്റ്' വന്നതോടെ ഈ സീറ്റുകൾ സംസ്ഥാനത്തെ വിദ്യാർഥികൾക്ക് ലഭിക്കാത്ത സാഹചര്യമുണ്ടായി. ഏറ്റവും കൂടുതൽ മെഡിക്കൽ കോളജുകളും സീറ്റുകളും രാജ്യത്തുണ്ടായിട്ടും കർണാടകയിലെ മിടുക്കരായ വിദ്യാർഥികൾക്ക് ഉൾപ്പെടെ സീറ്റ് ലഭിക്കുന്നില്ലെന്നും തമിഴ്നാടിനെ പോലെ 'നീറ്റി'നെ സംസ്ഥാനവും എതിർക്കണമെന്നും കർണാടക രക്ഷണ വേദികെ നേതാവ് ടി.എ. നാരായണ ഗൗഡ പറഞ്ഞു.

അതേസമയം, മെഡിക്കൽ വിദ്യാഭ്യാസത്തിന് 'നീറ്റ്' അത്യാവശ്യമാണെന്നും അതിനെ എതിർക്കുന്നവർ വഞ്ചകരാണെന്നുമാണ് കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. സി.എൻ. അശ്വത് നാരായണിന്‍റെ വിശദീകരണം. വിഷയം ഇപ്പോൾ ചർച്ച ചെയ്യേണ്ട കാര്യമല്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ ട്വീറ്റ്.

Tags:    
News Summary - Naveen's death: Kannada organizations demand ban on NEET exams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.