ചണ്ഡീഗഢ്: സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധിയില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെ കുറ്റപ്പെടുത്തിയ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവ്‌ജ്യോത് സിങ് സിദ്ദു അടയ്ക്കാനുള്ളത് എട്ട് മാസത്തെ വൈദ്യുതി ബില്ലെന്ന് റിപ്പോര്‍ട്ടുകള്‍. 8.67 ലക്ഷം രൂപയാണ് കുടിശികയായുള്ളത്. സര്‍ക്കാറിനെ കുറ്റപ്പെടുത്തിയതിന് പിന്നാലെ സിദ്ദുവിന്റെ കുടിശിക ബില്ലിന്റെ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
പഞ്ചാബ് സ്റ്റേറ്റ് പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്റെ വെബ്‌സൈറ്റിലെ വിവരപ്രകാരം, അമൃത്സറിലെ വീട്ടിലെ വൈദ്യുതി ബില്‍ കുടിശികയായി 8,67,540 രൂപയാണ് സിദ്ദു അടയ്ക്കാനുള്ളത്. ഇന്നലെയായിരുന്നു കുടിശിക അടയ്ക്കാനുള്ള അവസാന ദിനമായി നല്‍കിയത്.
പഞ്ചാബിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനായി ഇന്നലെ സിദ്ദു ട്വിറ്ററിലൂടെ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. ഒമ്പത് നിര്‍ദേശങ്ങളാണ് സിദ്ദു ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് മുന്‍ മന്ത്രി തന്നെ വന്‍തുക കുടിശിക വരുത്തിയ വിവരം പുറത്തുവന്നത്.
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായി ഇടഞ്ഞുനില്‍ക്കുന്ന സിദ്ദു കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുവരും തമ്മിലെ ഏറ്റുമുട്ടലോടെ പ്രശ്‌നകലുഷിതമാണ് പഞ്ചാബ് കോണ്‍ഗ്രസിലെ സാഹചര്യങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.