ന്യൂഡൽഹി: നവ്ജോത് സിങ് സിദ്ദുവിന്റെ ഭാര്യ നവ്ജോത് കൗറിന് കാൻസർ സ്ഥിരീകരിച്ചു. കാൻസറിന്റെ രണ്ടാംഘട്ടമാണെന്ന് വ്യക്തമാക്കിക്കൊണ്ട് നവ്ജോത് കൗർ ട്വീറ്റ് ചെയ്തിട്ടുണ്ട്. ജയിലിലുള്ള ഭർത്താവിനായുള്ള സന്ദേശത്തിലാണ് തനിക്ക് കാൻസർ രണ്ടാം ഘട്ടത്തിലാണെന്ന കാര്യം നവ്ജോത് കൗർ വെളിപ്പെടുത്തിയത്.
‘ചെയ്യാത്ത കുറ്റത്തിനാണ് അദ്ദേഹം ജയിലിൽ കഴിയുന്നത്. അതിലുൾപ്പെട്ട എല്ലാവരോടും ക്ഷമിക്കുക. എല്ലാ ദിവസവും നിങ്ങളെയും കാത്ത് പുറത്ത് കഴിയുകയാണ്, ഒരു പക്ഷേ നിങ്ങളേക്കാൾ കൂടുതൽ ബുദ്ധിമുട്ടനുഭവിച്ച്. പതിവുപോലെ, നിങ്ങളുടെ വേദന കുറക്കാൻ അവ പങ്കുവെക്കാൻ ആവശ്യപ്പെടുന്നു. ഒരു ചെറിയ മുഴ കാണാനായി. അത് മോശമായിരിക്കുകയാണ്.’
‘വീണ്ടും വീണ്ടും നീതി നിഷേധിക്കപ്പെടുന്നത് കണ്ടതിനാൽ, നിങ്ങൾക്കായി കാത്തിരുന്നു. സത്യം വളരെ ശക്തമാണ്. പക്ഷേ, അത് നിങ്ങളെ പലതവണ പരീക്ഷിക്കും. കലിയുഗമാണ്. ക്ഷമിക്കുക, നിങ്ങൾക്ക് വേണ്ടി കാത്തിരിക്കാനാവില്ല, കാരണം ഇത് കാൻസറിന്റെ രണ്ടാംഘട്ടമാണ്. ഇന്ന് തലക്കുമീതെ വാൾ തൂങ്ങിയാടുകയാണ്. ആരെയും കുറ്റപ്പെടുത്താനില്ല, കാരണം ഇത് ദൈവത്തിന്റെ കളിയാണ്: കുറ്റമറ്റത്.’ - നവ്ജോത് കൗർ ട്വീറ്റ് ചെയ്തു.
2022 മെയ് മുതൽ സിദ്ദു പാട്യാല സെൻട്രൽ ജയിലിലാണ്. 34 വർഷം മുമ്പുണ്ടായ റോഡിലെ അടിപിടിയിൽ ഒരാൾ മരിക്കാനിടയായ സംഭവത്തിലാണ് സിദ്ദുവിന് സുപ്രീംകോടതി ഒരു വർഷത്തേക്ക് തടവു ശിക്ഷ വിധിച്ചത്. കാർ പാർക്കിങ്ങിന്റെ പേരിലുള്ള തർക്കത്തിനിടെയാണ് 65കാരനായ ഗുർണാം സിങ് കൊല്ലപ്പെടുന്നത്. ഗുര്‍ണാം സിങ്ങിന്റെ തലയില്‍ സിദ്ദു അടിച്ചത് മരണത്തിന് കാരണമായതായാണ് കേസ്. കുറ്റക്കാരോട് അനാവശ്യമായി സഹതാപം കാണിക്കുന്നത് നിതീ ന്യായ വ്യവസ്ഥക്ക് ദോഷം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടിയാണ് സിദ്ദുവിന് തടവു ശിക്ഷ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.