മുംബൈ: ചെന്നൈ വിമാനത്താവളത്തിന് പുറത്തുവെച്ച് തന്നെ തട്ടികൊണ്ടു പോയി തീയിട്ടുവെന്ന നാവിക സേന ഉദ്യോഗസ്ഥൻ സൂരജ്കുമാർ ദുബെയുടെ മരണമൊഴിയിൽ ദുരൂഹത. ജനുവരി 30 ന് അർധ രാത്രി 12 ന് ചെന്നൈ വിമാനത്താവളത്തിന് പുറത്ത് സൂരജ് സ്വതന്ത്രനായി നടക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലിസിന് ലഭിച്ചു. തട്ടികൊണ്ടു പോകാൻ ഉപയോഗിച്ചതായി അവകാശപ്പെട്ട വെള്ള എസ്.യു.വിയും ആ സമയത്ത് വിമാനത്താവള സി.സി.ടി.വി ദൃശ്യങ്ങളില്ല. മാത്രമല്ല 31 ന് ചെന്നൈയിലെ എ.ടി.എമ്മിൽ നിന്ന് 5,000 രൂപയും പിൻവലിച്ചിട്ടുണ്ട്.
രാത്രി 9.30 ന് വിമാനത്താവളത്തിന് പുറത്തു കടന്നതും മൂന്ന് പേർ തന്നെ തോക്കിൻമുനയിൽ തട്ടികൊണ്ടു പോയെന്നാണ് സൂരജിന്‍റെ മൊഴി. വെള്ള എസ്.യു.വിയിലാണ് തട്ടികൊണ്ടുപോയതെന്നും മൂന്ന് ദിവസം ചെന്നൈയിൽ കഴിഞ്ഞ ശേഷം മഹാരാഷ്ട്രയിലെ പാൽഗറിലുള്ള വനമേഖലയിൽ കൊണ്ടുവന്നെന്നും ആവശ്യപ്പെട്ട 10 ലക്ഷം നൽകാത്തതിനെ തുടർന്ന് തീയിട്ടെന്നുമാണ് മരിക്കുന്നതിന് തൊട്ടുമുമ്പ് സൂരജ് പൊലിസിന് മൊഴിനൽകിയത്. മൊഴിയും സി.സി.ടി.വി ദൃശ്യങ്ങളും തമ്മിലെ വൈരുധ്യം ദുരൂഹതയേറ്റുന്നു.
ചെന്നൈയിൽ നിന്ന് പാൽഗറിലേക്ക് 1500 ഒാളം കിലോമീറ്റർ ദൂരമുണ്ട്. സൂരജ് എങ്ങിനെ പാൽഗറിലെത്തിയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലിസ്. 10 അംഗങ്ങൾ വീതമുള്ള 10 സംഘങ്ങളാണ് കേസ് അന്വേഷിക്കുന്നത്.
22.75 ലക്ഷം രൂപ കടമെടുത്ത് സൂരജ് ഒാഹരി വിപണിയിലെ ഉൗഹകച്ചവടത്തിൽ ഏർപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഭോപ്പാലിലെയും മുംബൈയിലെയും ബ്രോക്കർ കമ്പനികളിൽ നിന്ന് വിവരം ശേഖരിക്കുന്നു. ഇൗ കമ്പനികൾ വഴിയാണ് സൂരജ് ഉൗഹകച്ചവടത്തിന് പണമിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.