മുംബൈ: നാർക്കോട്ടിക് കൺട്രോൾ ബ്യൂേറാ സോണൽ ഡയറക്ടർ സമീർ വാങ്കഡെക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മഹാരാഷ്ട്ര മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലിക്. സമീർ വാങ്കഡെ ബോളിവുഡ് സെലിബ്രിറ്റികളുടെ ഫോൺ ചോർത്തിയെന്നായിരുന്നു ആരോപണം. തന്‍റെ മകളുടെ ഫോൺ ചോർത്തിയെന്നും അദ്ദേഹം ആേരാപിച്ചു.
വാങ്കഡെക്കെതിരെ പേര് വെളിപ്പെടുത്താനാകാത്ത ഒരു ഉദ്യോഗസ്ഥന്റെ കത്ത് ലഭിച്ചതായും എൻ.സി.പി നേതാവ് പറഞ്ഞു. ഏജൻസി രജിസ്റ്റർ ചെയ്ത വഞ്ചനാകേസുകൾ സംബന്ധിച്ച കത്ത് തനിക്ക് ലഭിച്ചു. കത്തിൽ ഉൾപ്പെട്ട കേസുകളിൽ ചിലത് ബോളിവുഡ് സെലിബ്രിറ്റികളുമായി ബന്ധപ്പെട്ടാണെന്നും 26 കേസുകളിൽ ശരിയായ നടപടി ക്രമങ്ങൾ സമീർ വാങ്കഡെ പാലിച്ചിട്ടില്ലെന്നും നവാബ് മാലിക് ആരോപിച്ചു.
'രണ്ടുവർഷമായി എൻ.സി.ബിയിൽ േജാലി ചെയ്യുന്ന ഉദ്യോഗസ്ഥേന്റതാണ് കത്ത്. എൻ.സി.ബിയുടെ സമീർ വാങ്കഡെക്ക് എതിരായ അന്വേഷണത്തിന്‍റെ പരിധിയിൽ ഇൗ കത്തും ഉൾപ്പെടുത്തണമെന്ന് അഭ്യർഥിച്ച് ഡയറക്ടർ ജനറൽ നാർക്കോട്ടിക്സിന് കത്തെഴുതുന്നു. ഒരു അന്വേഷണം വേണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു' -നവാബ് മാലിക് പറഞ്ഞു.
'എന്‍റെ യുദ്ധം ഏജൻസിക്കെതിരെയല്ല. നീതിക്ക് വേണ്ടിയാണ് എന്‍റെ പോരാട്ടം. തട്ടിപ്പ് നടത്തി ജോലി നേടിയ ഒരു ഉദ്യോഗസ്ഥനെ തുറന്നുകാട്ടാനാണ് എന്‍റെ ശ്രമം. എൻ.സി.ബി ജോലി ലഭിക്കാനായി വാങ്കഡെ വ്യാജ ജനന സർട്ടിഫിക്കറ്റ് ഉപയോഗിച്ചു. താനെയിലും മുംബൈയിലും ഇയാൾ അനധികൃതമായി ഫോൺ ചോർത്തുന്നുണ്ട്' -എൻ.സി.പി നേതാവ് പറഞ്ഞു.
'സമീർ വാങ്കഡെ എന്‍റെ മകൾ നിലോഫറിന്‍റെ കോൾ റെേക്കാർഡ് വിവരങ്ങൾ ശേഖരിച്ചു. എന്നാൽ, മുംബൈ പൊലീസ് വിവരങ്ങൾ കൈമാറാൻ തയാറായില്ല. രണ്ടു സ്വകാര്യ വ്യക്തികൾ മുഖേന ഫോൺ ചോർത്തിയതായി വിവരം ലഭിച്ചു. എന്‍റെ ഫോണും ചോർത്തി. പ്രമുഖരുടെ, ബോളിവുഡ് സെലിബ്രിറ്റികളുടെ അടക്കം ഫോണുകൾ വാങ്കഡെ ചോർത്തി' -നവാബ് മാലിക് പറഞ്ഞു.
അതേസമയം കത്ത് ശ്രദ്ധയിൽപ്പെട്ടുവെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും എൻ.സി.ബി മുംബൈ ഡയറക്ടർ ജനറൽ മുത്ത അശോക് ജെയിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.