ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട വിവരങ്ങൾ പാഠപുസ്തകത്തിൽനിന്നും നീക്കം ചെയ്ത് എൻ.സി.ഇ.ആർ.ടി

2002ലെ ഗുജറാത്ത് കലാപത്തിനിടെ അരങ്ങേറിയ വംശഹത്യയുമായി ബന്ധപ്പെട്ട വിവരങ്ങൾ പാഠപുസ്തകത്തിൽനിന്നും നീക്കം ചെയ്ത് നാഷനൽ കൗൺസിൽ ഓഫ് എജ്യുക്കേഷനൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻ.സി.ഇ.ആർ.ടി). പന്ത്രണ്ടാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പാഠത്തിൽ നിന്നാണ് ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചില ഖണ്ഡികകൾ ഒഴിവാക്കിയത്.

പുസ്തകങ്ങളിൽ നിന്ന് അപ്രസക്തമായ ഭാഗങ്ങൾ നീക്കം ചെയ്തു എന്നാണ് ഇതിന് ന്യായീകരണമായി പറയുന്നത്. ഇത് ആദ്യമായല്ല എൻ.സി.ഇ.ആർ.ടി ഇത്തരമൊരു വെട്ടിമാറ്റൽ അവതരിപ്പിക്കുന്നത്. അടുത്ത കാലത്തായി ഇത്തരം നിരവധി ഉദാഹരണങ്ങൾ ഉണ്ടായിട്ടുണ്ട്.

ഈ വർഷം ഏപ്രിലിൽ പത്താം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠ്യപദ്ധതിയുടെ ഭാഗമായ ഡെമോക്രാറ്റിക് പോളിസികൾ II എന്ന പുസ്തകത്തിൽ നിന്ന് ഫൈസ് അഹമ്മദ് ഫൈസിന്റെ രണ്ട് ഉറുദു കവിതകൾ എൻ.സി.ഇ.ആർ.ടി നീക്കം ചെയ്തിരുന്നു. മതം, വർഗീയത, രാഷ്ട്രീയം - വർഗീയത സെക്കുലർ സ്റ്റേറ്റ് എന്ന അധ്യായത്തിന്റെ ഭാഗമായിരുന്നു കവിതകൾ.

പുസ്തകത്തിൽ അദ്ധ്യായം നിലനിർത്തിയിട്ടുണ്ടെങ്കിലും 46, 48, 49 പേജുകൾ ഒഴിവാക്കിയിട്ടുണ്ട്. അതിൽ ഫൈസിന്റെ കവിതകളും കുറച്ച് പോസ്റ്ററുകളും ഉൾപ്പെടുന്നു.

ഈ കവിതകൾക്ക് പുറമെ പത്താം ക്ലാസ് ചരിത്ര പുസ്തകത്തിലെ സെൻട്രൽ ഇസ്ലാമിക് ലാൻഡ്സ് എന്ന അധ്യായവും ഒഴിവാക്കി. അത് ആഫ്രോ-ഏഷ്യൻ രാജ്യങ്ങളിലെ ഇസ്‌ലാമിക ഭരണത്തിന്റെ ഉയർച്ചയെയും അതിന്റെ സമ്പദ്‌വ്യവസ്ഥയിലും സമൂഹത്തിലും ചെലുത്തുന്ന സ്വാധീനത്തെയും സംബന്ധിക്കുന്നതായിരുന്നു. ഇസ്‌ലാം എവിടെയാണ് സ്ഥാപിച്ചത്, പ്രവാചകൻ ആരായിരുന്നു, സൂഫി പാരമ്പര്യം എന്താണ് എന്നതിനെക്കുറിച്ചും ഈ അധ്യായങ്ങളിൽ വിവരിച്ചിരുന്നു.

അതുപോലെ, ശീതയുദ്ധ കാലഘട്ടവും ചേരിചേരാ പ്രസ്ഥാനവും എന്ന ഒരു അധ്യായം പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടു.

Tags:    
News Summary - NCERT Removes Gujarat Riots Content: What's Been Removed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.