മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിലും പവാർ തട്ടകമായ ബരാമതിയിൽ കുടുംബ പോരിന് വേദിയൊരുങ്ങുന്നു. ഭരണപക്ഷമായ മഹായൂത്തിയുടെ ഭാഗമായ അജിത് പവാർ പക്ഷ എൻ.സി.പി 38 പേരുടെ സ്ഥാനാർഥിപട്ടിക ബുധനാഴ്ച പുറത്തുവിട്ടു. അജിത്, ഛഗൻ ഭുജ്ബൽ, ധനഞ്ജയ് മുണ്ടെ അടക്കം 35 പേർ സിറ്റിങ് എം.എൽ.എമാരാണ്. കഴിഞ്ഞ നിയമസഭ കൗൺസിൽ തെരഞ്ഞെടുപ്പിൽ ക്രോസ്വോട്ട് ചെയ്തതിന് കോൺഗ്രസിൽ നടപടി നേരിടുന്ന രണ്ട് സിറ്റിങ് എം.എൽ.എമാർക്ക് അജിത് സീറ്റുനൽകി. ബി.ജെ.പി വിട്ട മുൻമന്ത്രി രാജ്കുമാർ ബഡൊലെയാണ് പട്ടികയിൽ ഇടംനേടിയ മറ്റൊരാൾ.
അജിതിന് ബരാമതി നിയമസഭ മണ്ഡലത്തിൽ ഇത് എട്ടാം ഊഴമാണ്. മത്സരിക്കില്ലെന്ന് നേരത്തെ നിലപാടെടുത്തതാണ്. എന്നാൽ, സംസ്ഥാനത്താകെ അത് പാർട്ടിയുടെ മനോവീര്യം കെടുത്തുമെന്ന് പറഞ്ഞ് പാർട്ടി നേതാക്കൾ സമ്മർദത്തിലാക്കിയതോടെയാണ് മത്സരിക്കുന്നത്. ശരദ് പവാർ പക്ഷ എൻ.സി.പിയുടെ സ്ഥാനാർഥി അജിതിന്റെ സഹോദര പുത്രൻ യുഗേന്ദ്ര പവാറാകുമെന്നാണ് സൂചന.
ലോക്സഭ തെരഞ്ഞെടുപ്പിൽ പവാറിന്റെ മകൾ സുപ്രിയ സുലെയും അജിതിന്റെ ഭാര്യ സുനേത്ര പവാറും തമ്മിലായിരുന്നു പോര്. ഒന്നര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുപ്രിയ ജയിച്ചത്. അന്ന് സുപ്രിയയുടെ പിന്നിലുണ്ടായിരുന്ന പ്രധാനികളിൽ ഒരാളാണ് യുഗേന്ദ്ര പവാർ. അന്ന് മത്സരിച്ചത് സുപ്രിയയും സുനേത്രയും തമ്മിലായിരുന്നെങ്കിലും പവാറും അജിത്തും തമ്മിലെ യുദ്ധമായാണ് അണികൾ കണ്ടത്. നിയമസഭയിലേക്ക് യുഗേന്ദ്ര മത്സരിക്കുകയാണെങ്കിലും അത് അങ്ങനെ തന്നെയാണ് കാണുക. പ്രദേശത്തെ ഭരണപക്ഷത്തെ പ്രധാനികളിൽ ചിലരെ ശരദ് പവാർ ചാക്കിലാക്കുകയും ചെയ്തു.
നവാബ് മാലികിന്റെ അണുശക്തി നഗർ ഉൾപ്പെടെ സീറ്റുകളിൽ അജിത് പക്ഷം സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. ’ദാവൂദ് ഇബ്രാഹിം ബന്ധമുള്ള’ നവാബ് മാലികിന് സീറ്റ് നൽകരുതെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.