മുംബൈ: ശനിയാഴ്ചയാണ് നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) അധ്യക്ഷൻ ശരദ് പവാർ 80ാം ജന്മദിനം ആഘോഷിച്ചത്. 81 കിലോയുടെ കേക്കുമായാണ് മഹാരാഷ്ട്ര മന്ത്രി ധനഞ്ജയ് മുണ്ടെ ശരദ് പവാറിൻെറ ജന്മദിനാഘോഷ പരിപാടി ഒരുക്കിയത്. ബീഡിൽ ഒരുക്കിയ പരിപാടിയിൽ നടൻ ഗോവിന്ദ പങ്കെടുത്തിരുന്നു. എന്നാൽ പാർട്ടിക്കാകെ ക്ഷീണം വരുത്തുന്ന രീതിയിലായിരുന്നു പരിപാടിയിലെ അണികളുടെ പ്രവർത്തി.
കേക്ക് മുറിച്ച് അതിഥികൾ പിൻവാങ്ങിയതോടെ ഭീമൻ കേക്കിനായി അടികൂടുകയും ഉന്തും തള്ളും വരേ അരങ്ങേറുകയും ചെയ്തതിൻെറ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.
മാസ്ക് പോലും ധരിക്കാതെ കോവിഡ് ചട്ടങ്ങൾ കാറ്റിൽ പറത്തിയ പ്രവർത്തകർ കേക്ക് കൈയ്യിട്ട് വാരുന്നത് ദൃശ്യത്തിൽ വ്യക്തമായിരുന്നു. ഉന്തിനും തള്ളിനുമിടയിൽ ചിലർ വീഴുകയും പരസ്പരം തള്ളുകയും കുത്തുകയും ചെയ്യുന്നതും കാണാമായിരുന്നു. ഒടുവിൽ പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
നാല് തവണ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന പവാർ 1991-1993 കാലയളവിൽ പ്രതിരോധ മന്ത്രിയായും യു.പി.എ സർക്കാറുകളിൽ കൃഷി വകുപ്പും കൈകാര്യം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.