ഗൂഡല്ലൂർ: കേരളത്തിൽ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി തമിഴ്‌നാട് സർക്കാർ. യാത്ര ചെയ്യുന്നവർ 72 മണിക്കൂറിനിടയിൽ എടുത്ത ആർ.ടി.പി സി ആർ പരിശോധനാ ഫലം കരുതണം. രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്കും അതിർത്തി കടക്കാം. ആഗസ്റ്റ് അഞ്ച് മുതൽ നിയന്ത്രണം കർശനമാക്കുമെന്ന് തമിഴ്നാട് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ സുബ്രഹ്മണ്യൻ വ്യക്തമാക്കി.
നീലഗിരി ജില്ല ഒഴികെ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കേരളത്തിൽനിന്ന് വരുന്നവർക്ക് നിയന്ത്രണം ലളിതമാക്കിയിരുന്നു. അതേസമയം കേരളത്തിലെ കോവിഡ് സാഹചര്യം കണക്കിലെടുത്താണ് വീണ്ടും നിയന്ത്രണമെന്ന് മന്ത്രി വ്യക്തമാക്കി. വാളയാർ അടക്കം പ്രവേശിക്കാനുള്ള എല്ലാ ചെക്ക് പോസ്റ്റുകളിലും കർശന പരിശോധനയുണ്ടാകും.
നീലഗിരിയിലേക്കുള്ള ടൂറിസ്റ്റു വിലക്ക് തുടരുകയാണ്. മറ്റ് അടിയന്തിര യാത്രക്കായി വരുന്നവർ ഇ പാസുംകൂടി കരുതണം. അല്ലാത്തപക്ഷം തിരിച്ചു പോകേണ്ടി വരും. കൂടുതൽ ഇളവുകൾ ഇല്ലാതെ തമിഴ്നാട്ടിൽ ആഗസ്റ്റ് എട്ടാം തീയതി വരെ ലോക്ഡൗൺ നീട്ടിയിരിക്കുകയാണ്.
ഇതിനിടെ കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പ്രവേശിക്കുന്നവർ ക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വയനാട് അതിർത്തിയിലെ മുത്തങ്ങ നീലഗിരിയിലെ ബന്ദിപ്പൂർ ചെക്ക്പോസ്റ്റുകളിലും കർണാടക അധികൃതർ കർശന പരിശോധന ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.