ന്യൂഡൽഹി: യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ എത്രയും വേഗത്തിൽ സുരക്ഷിതരായി നാട്ടിൽ തിരിച്ചെത്തിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്നും തലസ്ഥാനത്തും മറ്റു പ്രദേശങ്ങളിലും കഴിയുന്നവരെ അതിർത്തിയിലേക്ക് എത്തിക്കാനും അതു വരെയുള്ള ദിവസങ്ങളത്രയും അവർക്ക് വെള്ളവും ഭക്ഷണവും ഉറപ്പുവരുത്താനുമുള്ള സംവിധാനങ്ങൾ ഭദ്രമാക്കണമെന്നും വിദേശകാര്യസഹമന്ത്രി വി. മുരളീധരനെ നേരിൽ കണ്ട് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി അഭ്യർഥിച്ചു. ഇതു സംബന്ധമായ നിവേദനവും സമദാനി മന്ത്രിക്ക് നൽകി.
യുക്രെയ്ൻ പ്രശ്നത്തിൽ എടുത്തു വരുന്ന നടപടികൾ മന്ത്രി വിശദമായി വിവരിച്ചു. ക്രമേണ അവിടത്തെ സാഹചര്യത്തിൽ അയവ് വന്നുകൊണ്ടിരിക്കുകയാണെന്നും അടുത്ത ദിവസങ്ങളിലായി കൂടുതൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് രണ്ടാം തീയതിയോടെ രണ്ടായിരത്തോളം പേർ നാട്ടിലെത്തുമെന്നാണ് പ്രതീക്ഷ. അടുത്ത ദിവസങ്ങളിലായി അവശേഷിക്കുന്നവരെയും തിരിച്ചെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇന്ന് യുക്രെയ്നിൽ കർഫ്യൂ പിൻവലിച്ചു കഴിഞ്ഞു. അതിർത്തി കേന്ദ്രങ്ങളിലേക്ക് തീവണ്ടികൾ ഓടുന്നുണ്ട്. അതിൽ ടിക്കറ്റെടുക്കാതെ തന്നെ ആദ്യം വരുന്നവർ ആദ്യം എന്ന രീതിയിൽ യാത്ര ചെയ്യാവുന്നതാണ്.
ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങളോട് ഇരു രാജ്യങ്ങളും സഹകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. റഷ്യയിലുള്ള ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥർ ഉടനെ യുക്രെയ്ൻ അതിർത്തിയിലെത്തി നമ്മുടെ നാട്ടുകാരുടെ മടക്കയാത്രക്ക് വേണ്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. അതിനായി റഷ്യ സഹായിക്കാമെന്നറിയിച്ചിട്ടുണ്ട്.
യുക്രെയ്ൻ സർക്കാറും ഇന്ത്യക്കാരുടെ മടക്കയാത്രക്ക് വേണ്ട സഹായങ്ങൾ ചെയ്യും. മറ്റു അയൽ രാജ്യങ്ങളുമായുള്ള ബന്ധങ്ങളും ഇക്കാര്യത്തിൽ പരമാവധി ഉപയോഗപ്പെടുത്തുന്നുണ്ട്. പോളണ്ട്, റുമേനിയ തുടങ്ങിയ രാജ്യങ്ങളുമായെല്ലാം കേന്ദ്ര സർക്കാർ നിരന്തര സമ്പർക്കത്തിലാണെന്നും മന്ത്രി അറിയിച്ചു. കേരളത്തിൽ നിന്നുള്ള വിദ്യാർഥികളുടെ കാര്യവും മന്ത്രിയുമായി പ്രത്യേകം ചർച്ച ചെയ്തു. അവരുടെയും കുടുംബാംഗങ്ങളുടെയും ആശങ്ക മന്ത്രിയുമായി പങ്ക് വെച്ചു കൊണ്ട് മടക്കയാത്ര വൈകും തോറും അവരുടെ സുരക്ഷിതമായ താമസവും കുടിവെള്ളവും ആഹാരവും പ്രശ്നമായിത്തീരുമെന്നും അതിന് മുമ്പേ അവരെ തിരിച്ചെത്തിക്കാനുള്ള നടപടി വേഗത്തിലാക്കണമെന്നും മന്ത്രിയോട് സമദാനി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.