മധ്യപ്രദേശ് മതപരിവർത്തന നിരോധന നിയമത്തിലെ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈകോടതി

ഭോപ്പാൽ: നിർബന്ധിത മതപരിവർത്തനം തടയാനെന്ന പേരിൽ മധ്യപ്രദേശിൽ നടപ്പാക്കിയ മതസ്വാതന്ത്ര്യ നിയമത്തിലെ വ്യവസ്ഥ പ്രഥമദൃഷ്ട്യാ ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈകോടതി. നിയമ പ്രകാരം ആരെങ്കിലും മതം മാറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ 60 ദിവസം മുൻപ് ജില്ല ഭരണകൂടത്തിന് അപേക്ഷ നൽകണം. വ്യവസ്ഥ ലംഘിച്ചാൽ മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവും കുറഞ്ഞത് 50,000 രൂപ പിഴയുമാണ് ശിക്ഷ. 10ാം വകുപ്പിലെ ഈ വ്യവസ്ഥയാണ് ഭരണഘടനാ വിരുദ്ധമെന്ന് ജസ്റ്റിസ് സുജോയ് പോൾ, ജസ്റ്റിസ് പ്രകാശ് ചന്ദ്ര ഗുപ്ത എന്നിവർ ചൂണ്ടിക്കാട്ടിയത്.

ബലപ്രയോഗം, അനാവശ്യ സ്വാധീനം, ബലാൽക്കാരം, വിവാഹം അല്ലെങ്കിൽ മറ്റേതെങ്കിലും വഞ്ചനാപരമായ മാർഗ്ഗങ്ങൾ എന്നിവയിലൂടെ മതപരിവർത്തനത്തനം നടത്തുന്നത് നിയമപ്രകാരം കുറ്റകരമാണ്. എന്നാൽ, പ്രായപൂർത്തിയായ പൗരന്മാർ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചാൽ അവരെ പ്രോസിക്യൂട്ട് ചെയ്യരുതെന്ന് ഹൈകോടതി സംസ്ഥാനത്തോട് നിർദേശിച്ചു. 2021ൽ കൊണ്ടുവന്ന മതപരിവർത്തന നിരോധന നിയമത്തിനെതിരെ സമർപ്പിച്ച ഹരജികൾ പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിർദേശം.

ഇഷ്ടമുള്ള മതം ആചരിക്കാനും ജാതിയും മതവും പരിഗണിക്കാതെ ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാനുമുള്ള പൗരന്മാരുടെ മൗലികാവകാശത്തിൽ ഇടപെടാൻ ഭരണകൂടത്തിന് അധികാരം നൽകുന്നതാണ് നിയമമെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി. മൗലികാവകാശത്തെ ഹനിക്കുന്നത് മാത്രമല്ല, സാമൂഹിക സാഹോദര്യത്തെ തന്നെ ബാധിക്കുന്നതാണ് നിയമം. ഒരു വ്യക്തിക്ക് തന്‍റെ മതവിശ്വാസം വെളിപ്പെടുത്താതിരിക്കാനുള്ള അവകാശമുണ്ട്. സ്വന്തം മതമോ മറ്റൊരു മതത്തിലേക്ക് മാറാനുള്ള ഉദ്ദേശ്യമോ വെളിപ്പെടുത്താൻ പൗരന് യാതൊരു ബാധ്യതയുമില്ലെന്ന് ഹരജിക്കാർ വാദിച്ചു.

നിയമത്തിലെ 10-ാം വകുപ്പിൽ പറയുന്ന പ്രകാരം മതം വെളിപ്പെടുത്തുകയോ മതം മാറ്റാനുള്ള ഉദ്ദേശ്യം പ്രകടിപ്പിക്കുകയോ ചെയ്യുന്നത് സാമുദായിക സംഘർഷത്തിന് ഇടയാക്കിയേക്കാം. മതം മാറുന്നയാളുടെ ജീവന് തന്നെ ഭീഷണിയായി മാറാം. ഇത്തരത്തിൽ മതം മാറുന്നത് മുൻകൂട്ടി അധികൃതരെ അറിയിക്കണമെന്നത് മൗലികാവകാശ ലംഘനമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.

തുടർന്ന്, സുപ്രീംകോടതിയുടേത് ഉൾപ്പെടെയുള്ള സമാന കേസുകളിലെ വിധി പരിശോധിച്ച ശേഷമാണ് സ്വന്തം താൽപര്യ പ്രകാരം വിവാഹിതരാകുന്നവർക്കെതിരെ നിയമത്തിലെ 10ാം വകുപ്പ് പ്രയോഗിച്ച് നടപടിയെടുക്കരുതെന്ന് ഹൈകോടതി നിർദേശിച്ചത്.

Tags:    
News Summary - Need to inform magistrate before converting unconstitutional: MP High Court on anti-conversion law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.