ആവർത്തിച്ച്​ സുപ്രീംകോടതി; നീറ്റ് കൗൺസലിങ്​ റദ്ദാക്കില്ല

​ന്യൂഡൽഹി: നീറ്റ്​ കൗൺസലിങ് സ്​റ്റേ ചെയ്യാനില്ലെന്ന്​ ആവർത്തിച്ച് സുപ്രീംകോടതി. ഗ്രേസ്​ മാർക്ക്​ ലഭിച്ച 1563 വിദ്യാർഥികൾക്ക്​ ജൂൺ 23ന്​ നടത്താനിരിക്കുന്ന പുനഃപരീക്ഷ സ്​റ്റേ ചെയ്യണമെന്ന ആവശ്യവും ജസ്റ്റിസ്​ വിക്രം നാഥ്​, ജസ്റ്റിസ്​ എസ്​.വി.എൻ. ഭട്ടി എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച്​ തള്ളി. അതേസമയം, ഹരജികളിൽ കേന്ദ്ര സർക്കാറിനും പരീക്ഷ നടത്തിപ്പ് ഏജൻസിയായ എൻ.ടി.എക്കും ​കോടതി നോട്ടീസയച്ചു. ജൂലൈ എട്ടിനകം മറുപടി നൽകണമെന്നാവശ്യപ്പെട്ടാണ്​ നോട്ടീസ്. നീറ്റുമായി ബന്ധപ്പെട്ട് വിവിധ ഹൈകോടതികളുടെ പരിഗണനയിലുള്ള കേസുകൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന എൻ.ടി.എയുടെ ആവശ്യം കോടതി അംഗീകരിച്ചു. ഹരജികൾ വീണ്ടും ജൂലൈ എട്ടിന് പരിഗണിക്കും.

നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി 49 വിദ്യാർഥികളുടെ 10 ഹരജികളും എസ്.എഫ്.ഐ നൽകിയ ഹരജിയും എൻ.ടി.എ സമർപ്പിച്ച മൂന്നു ഹരജികളുമാണ് കോടതി പരിഗണിച്ചത്. പരീക്ഷ നടത്തിപ്പിലെ ക്രമക്കേടുകൾ സി.ബി.ഐയോ മറ്റേതെങ്കിലും സ്വതന്ത്ര ഏജൻസിയോ അന്വേഷിക്കണം. കോടതിയുടെ മേൽനോട്ടത്തിലുള്ള സമിതി സംഭവം അന്വേഷിക്കണമെന്നും ഹരജികളിൽ ആവശ്യപ്പെട്ടിരുന്നു. നീറ്റ്​ കൗൺസലിങ്​ സ്​റ്റേ ചെയ്യണമെന്ന വാദം​ ആദ്യദിനം ത​ന്നെ ഉന്നയിക്കപ്പെട്ടതാ​ണെന്നും അന്നേ നിരസിച്ചതാണെന്നും ബെഞ്ച്​ ചൂണ്ടിക്കാട്ടി. നിലവിലുള്ള ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ പരീക്ഷ റദ്ദാവും. അതോടൊപ്പം കൗൺസലിങ്ങും റദ്ദാകുമെന്നും ജസ്റ്റി​സ്​ വിക്രം നാഥ് പറഞ്ഞു. നീറ്റ് കൗൺസലിങ് തടയണമെന്നും സി.ബി.ഐ അന്വേഷണം വേണമെന്നുമാവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹരജികൾ ജൂൺ 18ന്​ സുപ്രീംകോടതി പരിഗണിച്ചിരുന്നു.

തുടർന്ന്​ എൻ.ടി.എയെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. എത്ര ചെറിയ വീഴ്ചയും പരിഹരിക്കപ്പെടണമെന്നും പരീക്ഷാ നടത്തിപ്പുകാരെന്ന നിലയിൽ നീതിപൂർവമായ രീതിയിൽ പ്രവർത്തിക്കാനുള്ള ബാധ്യത എൻ.ടി.എക്ക് ഉണ്ടെന്നും കോടതി പറഞ്ഞു. ഈ ഹരജികളും ജൂലൈ എട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. 

Tags:    
News Summary - NEET counseling will not be cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.