ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ മഹാരാഷ്ടയിലെ രണ്ട് സ്‌കൂൾ അധ്യാപകർക്കെതിരെ കേസെടുത്തു. മഹാരാഷ്ട്രയിലെ ലത്തൂരിലാണ് അധ്യാപകർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സഞ്ജയ് തുക്കാറാം ജാദവ്, ജലീൽ ഉമർഖാൻ പഠാൻ എന്നിവർ ജില്ലാ പരിഷത്ത് സ്കൂളുകളിൽ പഠിപ്പിക്കുകയും ലത്തൂരിൽ സ്വകാര്യ കോച്ചിങ് സെൻ്ററുകൾ നടത്തുകയും ചെയ്യുന്നവരാണ്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ജലീൽ ഉമർഖാൻ പഠാനെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. സഞ്ജയ് തുക്കാറാം ജാദവ് ഒളിവിലാണ്.
നിരവധി വിദ്യാർഥികളുടെ അഡ്‌മിറ്റ് കാർഡുകളും വാട്‌സ്ആപ്പ് ചാറ്റുകളും ഇവരുടെ ഫോണിൽ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. രണ്ട് പേരുടെയും ഫോൺ കോളുകൾ പരിശോധിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. ഡൽഹി ആസ്ഥാനമായുള്ള ഗംഗാധർ എന്നയാൾക്കും ഇതിൽ പങ്കുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. മഹാരാഷ്ട്ര പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ നന്ദേഡിലെ ഒരു കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശീലകനായ ഗംഗാധർ, ഇരണ്ണ കൊംഗൽവാർ എന്നിവരുടെ പേരുകളും ഉണ്ട്. വഞ്ചന, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
നീറ്റ് പരീക്ഷ ക്രമക്കേടിൽ ഏറെ പ്രതിഷേധങ്ങൾക്കൊടുവിലാണ് ശനിയാഴ്ച രാത്രി അന്വേഷണം സി.ബി.ഐക്ക് വിടാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചത്. ഗുജറാത്ത്, ബിഹാർ, ഹരിയാന സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് സി.ബി.ഐ അന്വേഷണം. ചോദ്യക്കടലാസ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഗുജറാത്തിലും ബിഹാറിലും അറസ്റ്റിലായവരെ സി.ബി.ഐ ഉടൻ ചോദ്യം ചെയ്യും. കോച്ചിങ് സെന്റര്‍ ജീവനക്കാരും പരീക്ഷാ കേന്ദ്രത്തിലെ ജീവനക്കാരും ഇതിലുൾപ്പെടും. മത്സര പരീക്ഷകളിലെ ക്രമക്കേടുകൾ തടയാൻ കർശനമായ നിയമ നടപടികൾ സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. നിയമ ലംഘകർക്ക് പരമാവധി 10 വർഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയുമാണ് നിയമം അനുശാസിക്കുന്ന കടുത്ത നടപടികളിൽ ചിലത്.
നീറ്റ് യുജി പരീക്ഷയ്ക്ക് ഒരു രാത്രി മുമ്പ് ചോദ്യപേപ്പർ ചോർന്നതായി സമ്മതിച്ച നാല് പേരെ ബീഹാർ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബിഹാർ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കേന്ദ്ര സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിൽ ഇതുവരെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ ചോർച്ച വ്യക്തമായെന്നും അന്തർ സംസ്ഥാന സംഘത്തിന്റെ പങ്കാളിത്തം ഇതിന് പിന്നിലുണ്ടെന്നും പറയുന്നു. ബിഹാറിലെ കുപ്രസിദ്ധമായ ‘സോൾവർ ഗ്യാങ്ങിന്’ പങ്കുണ്ടെന്ന് സംശയിക്കുന്നതായും കേന്ദ്രത്തിന് നൽകിയ ആറുപേജുള്ള റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.