നീറ്റ് വിഷയത്തിൽ സ്തംഭിച്ച് പാർലമെന്റ്; കൈയിൽ പണമുണ്ടെങ്കിൽ ആർക്കും പരീക്ഷ സമ്പ്രദായം വിലക്കു വാങ്ങാമെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: നീറ്റ് യു.ജി വിവാദത്തിൽ സ്തംഭിച്ച് പാർലമെന്റ്. ബജറ്റ് സെഷന് മുന്നോടിയായി ചേർന്ന പാർലമെന്റിലെ ആദ്യസമ്മേളനം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്രപ്രധാനും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തമ്മിലുള്ള കൊമ്പു കോർക്കലിന് വേദിയായി. ചോദ്യോത്തര വേളയിലാണ് രാഹുൽ നീറ്റ് വിഷയം ഉന്നയിച്ചത്.

ദശലക്ഷക്കണക്കിന് വിദ്യാർഥികൾ ആശങ്കയിലാണെന്നും ഇന്ത്യയിലെ പരീക്ഷാസമ്പ്രദായം മുഴുവൻ ക്രമക്കേട് നിറഞ്ഞതായി മാറിയെന്ന ഭീതിയിലാണ് അവർ. അങ്ങനെയല്ലെന്ന് അവരെ ബോധ്യപ്പെടുത്തണമെന്നും രാഹുൽ വെല്ലുവിളിച്ചു. ''എന്താണ് ഇവിടെ നടന്നതുകൊണ്ടിരിക്കുന്നത് എന്നതിന്റെ അടിസ്ഥാന കാര്യം പോലും വിദ്യാഭ്യാസ മന്ത്രിക്ക് മനസിലായിട്ടില്ല. എല്ലാറ്റിനെയും അദ്ദേഹം കുറ്റപ്പെടുത്തുകയാണ്. എന്നാൽ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല. ഇന്ത്യയിലെ പരീക്ഷ സമ്പ്രദായത്തെ കുറിച്ചുള്ള ആശങ്കയിലാണ് ദശലക്ഷക്കണക്കിന് വിദ്യാർഥികൾ. നിങ്ങൾ ധനികനാണെങ്കിലും, കൈയിൽ പണമുണ്ടെങ്കിലും പരീക്ഷ സമ്പ്രദായത്തെ വിലക്ക് വാങ്ങാൻ കഴിയുമെന്നാണ് അവർ വിശ്വസിക്കുന്നത്. എല്ലാവർക്കും അതാണ് തോന്നുന്നത്. വ്യവസ്ഥാപിത പ്രശ്നമാണിത്. ആ നിലയിൽ എല്ലാം വ്യവസ്ഥാപിതമാക്കാൻ എന്താണ് ചെയ്തിരിക്കുന്നത് എന്നാണ് എന്റെ ആദ്യ ചോദ്യം.​​''-രാഹുൽ പറഞ്ഞു.

ഏഴുവർഷമായി ചോദ്യപേപ്പർ ചോർച്ചയുണ്ടായി​ട്ടില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി പറയുന്നത്. അദ്ദേഹം യാഥാർഥ്യത്തിൽ നിന്ന് വളരെയകലെയാണ്. വിദ്യാഭ്യാസ സമ്പ്രദായം പണക്കാർ വിലകൊടുത്തു വാങ്ങിയതിന്റെ ഫലം അനുഭവിക്കുന്നത് ദശലക്ഷക്കണക്കിന് വിദ്യാർഥികളാണെന്നും രാഹുൽ ആരോപിച്ചു. തുടർന്ന് രാഹുൽ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് പറഞ്ഞ് സ്പീക്കർ ഓം ബിർള ഇടപെട്ടു. എല്ലാ പരീക്ഷകളിലും ക്രമക്കേട് നടന്നുവെന്ന ആരോപണം ഈ പരീക്ഷകൾ വിജയിച്ച വിദ്യാർഥികളുടെ ഭാവിയെയും ഇന്ത്യൻ വിദ്യാഭ്യാസ സ​മ്പ്രദായത്തെയും തകർക്കുമെന്നും സ്പീക്കർ സൂചിപ്പിച്ചു.

വിദ്യാഭ്യാസ രംഗത്തെ ക്രമ​ക്കേടുകൾ തടയാൻ 2010ൽ യു.പി.എ സർക്കാർ ഒരു ബില്ല് കൊണ്ടുവന്നിരുന്നുവെങ്കിലും പിന്നീട് സ്വകാര്യ കോളജുകളുടെ സമ്മർദത്തിന് വഴങ്ങുകയായിരുന്നുവെന്ന് ധർമേന്ദ്ര പ്രധാൻ തിരിച്ചടിച്ചു. ബില്ല് അവതരിപ്പിക്കാൻ ഞങ്ങൾക്ക് ധൈര്യമുണ്ടെന്നും മന്ത്രി പറഞ്ഞു.

2014ൽ എൻ.ഡി.എ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 240 മത്സര പരീക്ഷകൾ നടന്നുവെന്നും അഞ്ച് കോടി വിദ്യാർഥികൾ പരീക്ഷയെഴുതിയെന്നും നേരത്തേ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെയും കോൺഗ്രസ് നേതാവ് മണിക്കം ടാഗോറിന്റെയും ചോദ്യങ്ങൾക്ക് ധർമേന്ദ്ര പ്രതികരിച്ചിരുന്നു.

2014 നു ശേഷം ചോദ്യപേപ്പർ ചോർച്ചയുണ്ടായിട്ടില്ലെന്നും മന്ത്രി അവകാശപ്പെട്ടു. ഇപ്പോൾ നീറ്റ് പരീക്ഷയിൽ ഉയർന്ന വന്ന ക്രമക്കേടുകൾ പട്നയും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ചുള്ളതാണെന്നും ഇതെ കുറിച്ചുള്ള പരാതികളിൽ സി.ബി.ഐ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതിയും വിഷയം പരിഗണിച്ചുവെന്നും നീറ്റ് പരീക്ഷ മരവിപ്പിക്കില്ലെന്നും ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കുകയുണ്ടായി. ഇത്തവണ നീറ്റ് പരീക്ഷയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത് എസ്.സി, എസ്.ടി, ദരിദ്ര വിഭാഗങ്ങളിൽ നിന്നുള്ളവരാണെന്നും മന്ത്രി അവകാശപ്പെടുകയും ചെയ്തു.

Tags:    
News Summary - NEET issue rocks Lok Sabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.