ന്യൂഡൽഹി: കനത്ത മഴയിൽ മലയാളിയടക്കം മൂന്ന് വിദ്യാർഥികൾ ഐ.എ.എസ് പരിശീലനകേന്ദ്രത്തിലെ വെള്ളക്കെട്ടിൽ മുങ്ങിമരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ഡൽഹിയിലെ ഓൾഡ് രാജേന്ദ്രനഗറിലുള്ള റാവു ഐ.എ.എസ് പരിശീലന കേന്ദ്രം ഉടമ അഭിഷേക് ഗുപ്ത, കോഓഡിനേറ്റർ ദേശ്പാൽ സിങ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സിവിൽ സർവിസ് പരിശീലന കേന്ദ്രത്തിലെ ബേസ്മെന്റിലെ ലൈബ്രറിയിൽ ശനിയാഴ്ച വൈകീട്ട് ഏഴോടെയാണ് മഴവെള്ളം ഇരച്ചുകയറിയത്. ഇവിടെയുണ്ടായിരുന്ന എറണാകുളം കാലടി നവീൻ ഡാൽവിൽ (28), തെലുങ്കാന സ്വദേശി ടാനിയ സോണി (25), ഉത്തർപ്രദേശ് സ്വദേശി ശ്രേയ യാദവ് (25) എന്നിവരാണ് മുങ്ങിമരിച്ചത്. മലയാറ്റൂർ മുണ്ടങ്ങാമറ്റം ലാൻസ് വില്ലയിൽ റിട്ട. ഡിവൈ.എസ്.പി ഡെൽവിൻ സുരേഷിന്റെയും കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗവും ജ്യോഗ്രഫി വിഭാഗം മേധാവിയുമായ ഡോ. ടി.എസ്. ലാൻസ്ലെറ്റിന്റെയും മകനാണ് നവീൻ. മാറമ്പള്ളി എം.ഇ.എസ് കോളജ് അധ്യാപിക നെസി ഡെൽവിൻ ഏക സഹോദരിയാണ് ഡൽഹിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം നവീന്റെ മൃതദേഹം തിങ്കളാഴ്ചയോടെ നാട്ടിലെത്തിക്കും. സമീപമുള്ള ഡ്രൈനേജ് തകർന്ന് വെള്ളം പരിശീലന കേന്ദ്രത്തിലേക്ക് ഒഴുകുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. അപകടസമയത്ത് അക്കാദമിയിലെ ബേസ്മെന്റിലുള്ള ലൈബ്രറിയിൽ നിരവധി കുട്ടികളുണ്ടായിരുന്നു. വെള്ളം കയറുന്നത് കണ്ടതിനെത്തുടർന്ന് ഇവരിൽ പലരും മുകളിലത്തെ നിലകളിലേക്ക് ഓടി രക്ഷപ്പെട്ടു. 14 ഓളം വിദ്യാർഥികൾ ബേസ്മെന്റിൽ കുടുങ്ങി. ബയോമെട്രിക് സിസ്റ്റം കൊണ്ട് ലൈബ്രറി പൂട്ടിയിരിക്കുന്നതിനാൽ വിദ്യാർഥികൾക്ക് എളുപ്പം രക്ഷപ്പെടാനായില്ല. പിന്നീട് അഗ്നിരക്ഷാസേനയും ദുരന്തനിവാരണ സേനയും എത്തിയാണ് ഇവിടെ കുടുങ്ങിക്കിടന്ന വിദ്യാർഥികളെ രക്ഷപ്പെടുത്തിയത്. നാല് മണിക്കൂറിലധികം വിദ്യാർഥികള്‍ ബേസ്മെന്റില്‍ കുടുങ്ങിക്കിടന്നതായാണ് റിപ്പോർട്ടുകള്‍. ബേസ്മെന്റിലെ വെള്ളം നീക്കിയതോടെയാണ് നവീൻ അടക്കം മൂന്ന് വിദ്യാർഥികളുടെ മൃതദേഹങ്ങൾ അഗ്നിരക്ഷാസേന കണ്ടെത്തിയത്. സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ തെരുവിലിറങ്ങി.
രാത്രി ഏഴോടെയാണ് അപകടത്തെക്കുറിച്ച് ആദ്യവിവരം ലഭിച്ചതെന്ന് അഗ്നി രക്ഷാസേന അധികൃതർ പറഞ്ഞു. എന്നാൽ, ഇവർ എത്താൻ വൈകിയെന്ന് വിദ്യാർഥികളും നാട്ടുകാരും ആരോപിക്കുന്നുണ്ട്. ദൗത്യം ആരംഭിച്ച ആദ്യ മണിക്കൂറില്‍തന്നെ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്താനായി. പിന്നീട് വൈകിയാണ് മൂന്നാമത്തെ മൃതദേഹം കണ്ടെടുത്തത്. മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് ഉടമ അഭിഷേക് ഗുപ്തയെയും കോഓഡിനേറ്റർ ദേശ്പാൽ സിങ്ങിനെയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.