ന്യൂഡൽഹി: ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനും കുടുംബത്തിനുമെതിരെ ലോക്സഭ പ്രസംഗത്തിൽ കടുത്ത ആക്ഷേപവും ആക്രമണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യക്കാർ മടിയന്മാരും ബുദ്ധിശക്തി കുറഞ്ഞവരുമാണെന്നായിരുന്നു നെഹ്റു ചിന്തിച്ചിരുന്നതെന്നും അവരുടെ കഴിവുകളെ അദ്ദേഹം വിശ്വസിച്ചിരുന്നില്ലെന്നും മോദി പറഞ്ഞു. ബജറ്റ് സമ്മേളനത്തിൽ രാഷ്ട്രപതിക്ക് നന്ദി രേഖപ്പെടുത്തുന്ന പ്രമേയ ചർച്ച ലോക്സഭയിൽ ഉപസംഹരിക്കുകയായിരുന്നു അദ്ദേഹം.
100 മിനിറ്റോളം നീണ്ട പ്രസംഗം മുഴുവൻ കോൺഗ്രസിനും ഗാന്ധി കുടുംബത്തിനും എതിരായ വിമർശനങ്ങളും പവിഹാസവുമായിരുന്നു. കോൺഗ്രസ് പാർട്ടി ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും സാധ്യതകളെ ഒരിക്കലും വിശ്വാസത്തിൽ എടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. കശ്മീരും രാജ്യവും അഭിമുഖീകരിക്കേണ്ടി വന്ന പ്രശ്നങ്ങളുടെ മൂലകാരണം നെഹ്റുവിന്റെ ചിന്തയാണെന്നും പറഞ്ഞു.
‘കോൺഗ്രസ് ഒരു കുടുംബത്തിൽ മാത്രം കുടുങ്ങിക്കിടന്നു. ജനങ്ങളുടെ അഭിലാഷങ്ങളും നേട്ടങ്ങളും കാണാൻ അവർക്ക് കഴിഞ്ഞില്ല. ഇന്ത്യയുടെ സാധ്യതകളിൽ കോൺഗ്രസ് ഒരിക്കലും വിശ്വസിച്ചിരുന്നില്ല. അവർ എപ്പോഴും തങ്ങളെ ഭരണാധികാരികളും ജനങ്ങളെ താഴ്ന്ന വർഗമായും കണക്കാക്കുന്നു” -മോദി പറഞ്ഞു.
“ഇന്ത്യക്കാർ യൂറോപ്യന്മാരെയോ ജപ്പാൻകാരെയോ ചൈനക്കാരെയോ റഷ്യക്കാരെയോ അമേരിക്കക്കാരെയോ പോലെ കഠിനാധ്വാനം ചെയ്യുന്നില്ലെന്ന് നെഹ്റു പറഞ്ഞിരുന്നു. മാന്ത്രിക സിദ്ധിയിലൂടെയല്ല ഈ സമൂഹം അഭിവൃദ്ധി പ്രാപിച്ചത്. കഠിനാധ്വാനവും സമർഥതയും കൊണ്ടാണ് ഇത് നേടിയത്. ഇന്ത്യക്കാരെ ഇകഴ്ത്തുന്ന സർട്ടിഫിക്കറ്റാണ് നെഹ്റു നൽകിയത്. മടിയന്മാരും ബുദ്ധിശക്തി കുറഞ്ഞവരുമാണെന്നാണ് ഇന്ത്യക്കാരെക്കുറിച്ച് നെഹ്റുജിയുടെ ചിന്ത. അവരുടെ കഴിവുകളെ അദ്ദേഹം വിശ്വസിച്ചില്ല” -പ്രധാനമന്ത്രി പറഞ്ഞു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും വ്യത്യസ്തമായി ചിന്തിച്ചിരുന്നില്ലെന്നും മോദി പറഞ്ഞു. അതേസമയം, രാജ്യത്തിന്റെയും ജനങ്ങളുടെയും കഴിവിൽ തനിക്ക് അപാരമായ വിശ്വാസമുണ്ടെന്നും മോദി പറഞ്ഞു.
മുൻകാല സർക്കാറുകൾ ഉണ്ടാക്കിയ പടുകുഴികൾ നികത്തുകയായിരുന്നു 2014ലെ തന്റെ ആദ്യ സർക്കാറിന്റെ അജണ്ടയെന്ന് മോദി പറഞ്ഞു. രണ്ടാമത്തെ സർക്കാർ പുതിയ ഇന്ത്യക്ക് അടിത്തറയിടുകയും ബി.ജെ.പി മുന്നോട്ടു വെച്ച വാഗ്ദാനങ്ങൾ മിക്കതും പാലിക്കുകയും ചെയ്തു. മൂന്നാമൂഴത്തിൽ ഇന്ത്യക്ക് ഗതിവേഗം നൽകുന്നതിൽ കേന്ദ്രീകരിക്കും. നല്ലൊരു പ്രതിപക്ഷം രാജ്യത്തിന് വേണമെങ്കിലും, തെരഞ്ഞെടുപ്പ് നേരിടാനുള്ള ഊർജവും രാജ്യത്തെ നയിക്കാനുള്ള ആശയവും കൈമോശം വന്ന കോൺഗ്രസിനും ഒപ്പമുള്ള പാർട്ടികൾക്കും ദീർഘകാലം പ്രതിപക്ഷത്തിരിക്കാനുള്ള ജനവിധിയാണ് കിട്ടുക. മുൻസർക്കാറിനെ നയിച്ച ‘ബ്രഹ്മാണ്ഡ അർഥശാസ്ത്രി’കളായ ധനശാസ്ത്ര വിദഗ്ധർ മൂന്നു പതിറ്റാണ്ടു കൊണ്ട് ഇന്ത്യയെ മൂന്നാമത്തെ സമ്പദ്വ്യവസ്ഥയിലേക്ക് നയിക്കുമെന്നാണ് പാർലമെന്റിൽ പ്രസംഗിച്ചത്. നേർപകുതി സമയത്തിനുള്ളിൽ ആ ലക്ഷ്യം കൈവരിക്കുമെന്നാണ് താൻ പറയുന്നത് -മോദി പറഞ്ഞു.
കോൺഗ്രസിനെയും പ്രതിപക്ഷ സഖ്യത്തെയും ജവഹർലാൽ നെഹ്റുവിനെയും കടന്നാക്രമിച്ച് മുന്നോട്ടുപോയ പ്രസംഗത്തിലെ ഇകഴ്ത്തലുകൾ പ്രതിപക്ഷത്തെ രോഷം കൊള്ളിച്ചു. തുടർച്ചയായി അവർ മോദിയുടെ പരാമർശങ്ങൾ ചോദ്യം ചെയ്തു.
നെഹ്റു പോയി 60 വർഷം കഴിഞ്ഞിട്ടും നെഹ്റുജിയെക്കുറിച്ചുള്ള വിലാപം മോദി തുടരുകയാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി തിരിച്ചടിച്ചു. പ്രസംഗം മുഴുവനും കോൺഗ്രസിന് വേണ്ടി നീക്കിവെക്കാൻ തക്കവണ്ണം ഞങ്ങളെക്കുറിച്ച് മോദി ആശങ്കാകുലനാണെന്നതിൽ ആഹ്ലാദമുണ്ടെന്നും തരൂർ പറഞ്ഞു.
കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി മുൻനിരയിൽ ഉണ്ടായിരുന്നെങ്കിലും മോദിയുടെ പ്രസംഗം പൂർത്തിയാകുന്നതിനുമുമ്പ് സഭവിട്ടു പോയി. സോണിയയെ പരോക്ഷമായി വിമർശിച്ച മോദി, അടുത്ത തവണ ചില നേതാക്കൾ രാജ്യസഭയിലൂടെ പാർലമെന്റിൽ എത്താനാണ് ലക്ഷ്യമിടുന്നതെന്നും പറഞ്ഞു.
10 വർഷത്തിനു മുമ്പ് രാജ്യത്ത് ഒന്നുമുണ്ടായിരുന്നില്ല എന്ന മട്ടിൽ സംസാരിക്കുന്ന മോദിക്ക് പെട്രോൾ, ഡീസൽ വില മുതൽ മണിപ്പൂർ വരെയുള്ള വിഷയങ്ങളിൽ എന്തു പറയാനുണ്ടെന്ന് കോൺഗ്രസിലെ ഗൗരവ് ഗൊഗോയി ചോദിച്ചു. ബി.എസ്.പിയിൽനിന്ന് പുറത്താക്കിയ ഡാനിഷ് അലിയും പലവട്ടം മോദിയെ നേരിട്ടു. നന്ദിപ്രമേയ ചർച്ച രാഷ്ട്രീയപ്രസംഗമാക്കിയപ്പോൾ കോൺഗ്രസിലെ രാജ്മോഹൻ ഉണ്ണിത്താൻ ‘സ്വപ്ന ലോകത്തെ ബാലഭാസ്കര’നെന്നാണ് മോദിയെ വിശേഷിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.