കോഴിക്കോട്: കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി കേരളത്തിൽ നിന്ന് വരുന്നവരുടെ പരിശോധന തമിഴ്‌നാട്, കർണാടക അതിർത്തികളിൽ വർധിപ്പിച്ചു. കേരളത്തിൽ കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് തമിഴ്‌നാട്-കർണാടക സംസ്ഥാനങ്ങൾ പരിശോധന നശക്തമാക്കിയത്. കോവിഡ് നെഗറ്റീവ് ആണെന്ന ആർ.ടി.പി.സി.ആർ പരിശോധന ഫലം ഉള്ളവർക്ക് മാത്രം പ്രവേശനം നൽകാനാണ് ഇരു സംസ്ഥാനങ്ങളുടെയും തീരുമാനം. ഇ-പാസ് നേരത്തെ നിർബന്ധമാക്കിയിരുന്നു.
അതിർത്തിയിൽ വ്യാഴാഴ്ച മുതൽ പരിശോധന കർശനമാക്കുമെന്ന് തമിഴ്‌നാട് സർക്കാർ നേരത്തെ അറിയിച്ചിരുന്നെങ്കിലും കോയമ്പത്തൂർ ജില്ലാ കലക്ടറുടെ പ്രത്യേക ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ വാളയാറിലടക്കം ശക്തമായ പരിശോധനയാണ് നടക്കുന്നത്. കേരളത്തിൽനിന്ന് കോയമ്പത്തൂരിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇന്നുമുതൽ ആർ.ടി.പി.സി.ആർ പരിശോധനാ ഫലം നിർബന്ധമാണ്. 72 മണിക്കൂറിനുള്ളിൽ പരിശോധന നടത്തിയ സർട്ടിഫിക്കറ്റാണ് വേണ്ടത്. വാളയാറിൽ പൊലീസിന്‍റെ ഇ-പാസ് പരിശോധന മാത്രമാണ് ഇപ്പോൾ നടന്നിരുന്നത്. ഇനി മുതൽ കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് കൂടി വേണം.
കർണാടകയിലേക്ക് പ്രവേശിക്കുന്നവർക്കും ഈ വ്യവസ്ഥകൾ ബാധകമാണ്. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കും ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന് കർണാടക പ്രഖ്യാപിച്ചിട്ടുണ്ട്. കർണാടക അതിർത്തിയായ തലപ്പാടിയിൽ ഇന്ന് രണ്ട് ഡോസ് വാക്‌സിനെടുത്തവർക്ക് താൽക്കാലിക ഇളവ് നൽകിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ബസുകൾ തലപ്പാടി വരെയാണ് സർവീസ് നടത്തുന്നത്. അതിർത്തിയിൽനിന്ന് നഗരത്തിലേക്ക് കർണാടക ബസ് സർവീസ് ഉണ്ടാകും. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് ആർ.ടി.പി.സി.ആർ പരിശോധനക്ക് അതിർത്തിയിൽ കർണാടക പരിശോധനാ സൗകര്യം ഒരുക്കുന്നുണ്ട്.
അതേസമയം, കർണാടക പരിശോധന കടുപ്പിച്ചതിനെതിരെ തലപ്പാടിയിൽ ആളുകൾ പ്രതിഷേധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.