കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ചെറുമകൻ (പ്രപൗത്രൻ) ചന്ദ്രകുമാർ ബോസ് ബി.ജെ.പിയിൽ നിന്ന് രാജിവെച്ചു. നേതാജിയുടെ ആശയങ്ങൾക്ക് ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വത്തിൽ നിന്നോ ബംഗാൾ നേതൃത്വത്തിൽ നിന്നോ പിന്തുണ ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് രാജി.
'നേതാജി സുഭാഷ് ചന്ദ്രബോസ് മുന്നോട്ട് വെച്ച, എല്ലാവരെയും ഉൾക്കൊള്ളുന്ന രാഷ്ട്രീയവുമായി മുന്നോട്ടുപോകാമെന്നായിരുന്നു ബി.ജെ.പിയിൽ ചേരുമ്പോൾ നേതൃത്വം എനിക്ക് വാഗ്ദാനം നൽകിയത്. എന്നാൽ, അത്തരത്തിലുള്ള യാതൊന്നും നടക്കുന്നില്ല. നേതാജിയുടെ ആശയം ബി.ജെ.പിയിൽ നിന്നുകൊണ്ട് രാജ്യം മുഴുവൻ വ്യാപിപ്പിക്കാനായിരുന്നു എന്‍റെ നീക്കം. എല്ലാ സമുദായങ്ങളെയും ഭാരതീയരായി ഒന്നിപ്പിക്കുക എന്ന നേതാജിയുടെ ആശയം പ്രചരിപ്പിക്കുന്നതിനായി ആസാദ് ഹിന്ദ് മോർച്ച എന്ന സംഘടന രൂപീകരിക്കാനും തീരുമാനിച്ചിരുന്നു. മതവും ജാതിയും നോക്കാതെ ആളുകളെ ഉൾക്കൊള്ളുന്നതായിരുന്നു ഇത്. എന്നാൽ എന്‍റെ ശ്രമങ്ങൾക്ക് കേന്ദ്രത്തിൽ നിന്നോ സംസ്ഥാന ബി.ജെ.പിയിൽ നിന്നോ ഒരു പിന്തുണയും ലഭിച്ചില്ല. ബംഗാളിലെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ഒരു പദ്ധതിയും ഞാൻ മുന്നോട്ടുവെച്ചിരുന്നു. ഇതും അവഗണിക്കപ്പെട്ടു. ഈ സാഹചര്യത്തിൽ ബി.ജെ.പിയിൽ തുടരുകയെന്നത് അസാധ്യമായിരിക്കുന്നു.' -ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡക്ക് നൽകിയ രാജിക്കത്തിൽ ചന്ദ്രകുമാർ ബോസ് പറഞ്ഞു.
2016ലാണ് ചന്ദ്രകുമാർ ബോസ് ബി.ജെ.പിയിൽ ചേർന്നത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിലും 2019 ലോക്സഭ തെരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നു. 2016ൽ ഇദ്ദേഹത്തെ പശ്ചിമ ബംഗാൾ ബി.ജെ.പി വൈസ് പ്രസിഡന്‍റായി നിയമിച്ചെങ്കിലും 2020ൽ സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. സി.എ.എ വിരുദ്ധ സമരം ഉൾപ്പെടെ പല വിഷയങ്ങളിലും ബി.ജെ.പിയുടേതിൽ നിന്ന് വ്യത്യസ്തമായ നിലപാടുകൾ ചന്ദ്രകുമാർ ബോസ് സ്വീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.