ന്യൂഡൽഹി: അവിഭക്ത ആന്ധ്രപ്രദേശിന്റെ അവസാന മുഖ്യമന്ത്രിയും മുൻ കോൺഗ്രസ് നേതാവുമായ കിരൺ കുമാർ റെഡ്ഡി ബി.ജെ.പിയിലെത്തി. ആന്ധ്രപ്രദേശിൽ അടുത്തവർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കിരൺ റെഡ്ഡിയുടെ ബി.ജെ.പി പ്രവേശം. എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണി പാർട്ടിയിൽ ചേർന്നതിന് പിറ്റേന്നാണ് ദക്ഷിണേന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ മുൻ കോൺഗ്രസ് നേതാവ് ബി.ജെ.പി കേന്ദ്ര ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിക്കുന്നത്.
റെഡ്ഡിയുടെ മേഖലയായ രായലസീമയിൽ പാർട്ടിക്ക് മെച്ചമുണ്ടാക്കാൻ കഴിയുമെന്ന് കണക്കുകൂട്ടുന്ന ബി.ജെ.പി റെഡ്ഡിയെ ഉയർത്തിക്കാട്ടി അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ മൂന്നാം കക്ഷിയെങ്കിലുമാകാനാണ് ലക്ഷ്യമിടുന്നത്. 2009 സെപ്റ്റംബറിൽ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട വൈ.എസ്. രാജശേഖര റെഡ്ഡിയുടെ പിൻഗാമിയായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി പദത്തിലെത്തിയ കെ. റോസയ്യ വ്യക്തിപരമായ കാരണങ്ങളാൽ രാജിവെച്ചതിനെ തുടർന്നാണ് കിരൺ കുമാർ റെഡ്ഡി മുഖ്യമന്ത്രിയായത്.
2014ൽ ആന്ധ്രപ്രദേശിന്റെ താൽപര്യത്തിന് വിരുദ്ധമായി സംസ്ഥാനം വിഭജിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസിൽ നിന്ന് രാജിവെച്ച കിരൺ റെഡ്ഡി 2018ൽ പിന്നീട് തിരിച്ചുവന്നെങ്കിലും ഹൈകമാൻഡുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് കഴിഞ്ഞ മാർച്ച് 12ന് വീണ്ടും രാജിവെച്ചു. ആദ്യ രാജിയെ തുടർന്ന് ‘ജയ് സമൈക്യാന്ധ്ര’ പാർട്ടിയുണ്ടാക്കിയെങ്കിലും തെരഞ്ഞെടുപ്പിൽ ദയനീയ പരാജയമേറ്റു വാങ്ങിയശേഷം 2018ൽ കോൺഗ്രസിൽ തിരിച്ചെത്തിയെങ്കിലും സജീവമായിരുന്നില്ല.
കോൺഗ്രസ് വിടേണ്ടി വരുമെന്ന് ഒരിക്കൽ പോലും താൻ കരുതിയിരുന്നില്ലെന്ന് ബി.ജെ.പി അംഗത്വം സ്വീകരിച്ച് കിരൺ കുമാർ റെഡ്ഡി പറഞ്ഞു. കോൺഗ്രസ് തെറ്റായ തീരുമാനങ്ങളെടുത്തതിന് വിലയൊടുക്കി കൊണ്ടിരിക്കുകയാണ്. ഒരു തെറ്റുപറ്റിയെങ്കിൽ അത് അംഗീകരിക്കുകയും തിരുത്തുകയും വേണം. അത്തരമൊരു കാര്യം കോൺഗ്രസിലില്ല. കോൺഗ്രസ് ഹൈകമാൻഡിന്റെ ചീത്ത തീരുമാനങ്ങൾ മൂലം പാർട്ടി എല്ലായിടത്തും തോറ്റുകൊണ്ടിരിക്കുകയാണെന്നും 63കാരനായ റെഡ്ഡി കുറ്റപ്പെടുത്തി. ബി.ജെ.പി നേതൃത്വം രാജ്യത്തിനു വേണ്ടി ധീരമായ തീരുമാനങ്ങളെടുക്കുന്നുവെന്ന് പ്രശംസിച്ച റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീക്ഷണം തനിക്ക് പ്രചോദനമായെന്നും പറഞ്ഞു. എന്ത് ചുമതല ഏൽപിച്ചാലും അത് ആവേശപൂർവം ചെയ്യുമെന്നും റെഡ്ഡി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.