വ്യാജ കോവിഡ് മരണ സർട്ടിഫിക്കറ്റുകൾക്കെതിരെ അന്വേഷണത്തിന് സുപ്രീം കോടതി

ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരണപ്പെട്ടവർക്ക് വേണ്ടി പ്രഖ്യാപിച്ച ധനസഹായം വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ കൈക്കലാക്കുന്നതിൽ സുപ്രീംകോടതി ആശങ്ക രേഖപ്പെടുത്തി. വിഷയത്തിൽ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയുടെ (സി.എ.ജി) അന്വേഷണത്തിന് ഉത്തരവിടേണ്ടിവരുമെന്ന് കോടതി അഭിപ്രായപ്പെട്ടു.

ആനുകൂല്യം കൈപ്പറ്റുന്നതിനായി ഇത്തരത്തിൽ വ്യാജ അവകാശവാദങ്ങൽ ഉന്നയിക്കുന്നത് ഒരിക്കലും കണ്ടു പരിചയമില്ലാത്ത കാര്യമാണെന്നും ജസ്റ്റിസ് എം.ആർ ഷാ പറഞ്ഞു. നഷ്ടപരിഹാരം നൽകുന്നത് നല്ല പ്രവർത്തിയാണെന്നും അത് ഇത്തരത്തിൽ ദുരുപയോഗം ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജസ്റ്റിസുമാരായ എം.ആർ ഷാ, ബി.വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

മാർച്ച് 7 ന് ഇതേ വിഷയത്തിൽ കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യാജ കോവിഡ് -19 സർട്ടിഫിക്കറ്റുകൾ നേടിയെടുക്കുന്നത് എങ്ങനെ നിയന്ത്രിക്കാമെന്ന് വ്യക്തമാക്കിയിരുന്നു.

കോവിഡ് നഷ്ടപരിഹാരം നൽകുന്നതിനുള്ള ഉത്തരവ് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകളുപയോഗിച്ച് ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീം കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവരെ പിടികൂടാൻ സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടുമെന്നും അറിയിച്ചിരുന്നു.

വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകളുടെ കാര്യത്തിൽ വിശദമായ അപേക്ഷ സമർപ്പിക്കാനും ന‍ഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള സമയം പരിമിതപ്പെടുത്താനും കോടതി ഇന്ന് കേന്ദ്രത്തോട് നിർദേശിച്ചു. നാളെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

നഷ്ടപരിഹാരത്തിനായി അപേക്ഷിക്കുന്നതിന് സമയ പരിധി ഏർപ്പെടുത്തണമെന്ന് എ.സ്ജി തുഷാർ മേത്ത നിർദേശിച്ചു. മരണം സംഭവിച്ച് 4 ആഴ്‌ചയ്‌ക്കുള്ളിൽ അപേക്ഷ ഫയൽ ചെയ്യണമെന്നും പ്രക്രിയ നീണ്ടു പോകരുതെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെങ്കിൽ അത് ഗുരുതരമാണെന്നും ജസ്റ്റിസ് ഷാ പറഞ്ഞു.

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഭിഭാഷകനും ഹരജിക്കാരനുമായ ഗൗരവ് കുമാർ ബൻസാൽ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ഓരോ കോവിഡ് മരണത്തിനും 50,000 രൂപ നഷ്ടപരിഹാരം നൽകുമെന്ന കേന്ദ്ര നിർദശം കഴിഞ്ഞ വർഷം സുപ്രീം കോടതി അംഗീകരിക്കുകയും അപേക്ഷിച്ച് 30 ദിവസത്തിനുള്ളിൽ പണം വിതരണം ചെയ്യണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - "Never Thought It Could Be Misused": Court's Concern On Fake Covid Claims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.