ബംഗളൂരു: കർണാടക മുഖ്യമന്ത്രിയായ ബി.എസ്. യെദിയൂരപ്പയെ നേതൃസ്ഥാനത്തുനിന്നും മാറ്റുമെന്ന് ബി.ജെ.പി എം.എൽ.എ ബസനഗൗഡ പാട്ടീൽ യത്നാൽ. മേയ് രണ്ടിനുശേഷം തീർച്ചയായും മാറ്റം ഉണ്ടാകുമെന്നും വടക്കൻ കർണാടകയിൽനിന്നുള്ള ഒരാളായിരിക്കും പുതിയ മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ ഫലപ്രഖ്യാപനം നടക്കുന്ന ദിവസമാണ് മേയ് രണ്ട്. ഇതിനൊപ്പം ഏപ്രിൽ 17 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിലെ മസ്കി, ബസവകല്യാൺ നിയമസഭ മണ്ഡലങ്ങളിലെയും ബെളഗാവി ലോക്സഭ മണ്ഡലത്തിലെയും ഫലപ്രഖ്യാപനമുണ്ടാകും.
നേരത്തേയും യെദിയൂരപ്പക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്ന യത്നാൽ സംസ്ഥാനത്ത് നേതൃമാറ്റമുണ്ടാകുമെന്ന് പലതവണ ആവർത്തിച്ചിരുന്നു. യെദിയൂരപ്പക്കെതിരെ മന്ത്രി കെ.എസ്. ഈശ്വരപ്പ ഗവർണർക്ക് പരാതി നൽകിയ സംഭവം വിവാദമായതിന് പിന്നാലെയാണ് യത്നാൽ വീണ്ടും മുഖ്യമന്ത്രിയെ മാറ്റുമെന്ന അവകാശ വാദം ഉന്നയിച്ചിരിക്കുന്നത്.
പുതിയ മുഖ്യമന്ത്രിയുണ്ടാകുമെന്ന് പറഞ്ഞതിനൊപ്പം യെദിയൂരപ്പക്കും കുടുംബത്തിനുമെതിരെ രൂക്ഷ വിമർശനവും ഉന്നയിച്ചു.കശ്മീരിനുണ്ടായിരുന്നപോലെ യെദിയൂരപ്പക്ക് എന്തെങ്കിലും പ്രത്യേക പദവി ഉണ്ടായെന്നും യത്നാൽ ചോദിച്ചു.
75 വയസ്സിന് മുകളിലുള്ളവരെ മത്സരിപ്പിക്കരുതെന്ന പാർട്ടി നയമുണ്ടായിട്ടും യെദിയൂരപ്പക്ക് രണ്ടു തവണ ബോണസ് ലഭിച്ചു. ഏപ്രിൽ 17ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുശേഷം യെദിയൂരപ്പ സ്വമേധയാ വിരമിക്കുന്നതാണ് നല്ലത്.
ഏപ്രിൽ 17നുശേഷം കൂടുതൽ എം.എൽ.എമാരും മന്ത്രിമാരും യെദിയൂരപ്പക്കെതിരെ രംഗത്തുവരും. ഇപ്പോൾ യെദിയൂരപ്പക്ക് പിന്തുണ നൽകാൻ അവർ നിർബന്ധിതരായിരിക്കുകയാണ്. സംസ്ഥാനത്തെ എല്ലാ കാര്യങ്ങളെക്കുറിച്ചും കേന്ദ്ര നേതൃത്വം അറിയുന്നുണ്ട്. അഴിമതിയെക്കുറിച്ചും ട്രാൻസ്ഫർ മാഫിയയെകുറിച്ചും അവർ അറിയുന്നുണ്ട്.
സർക്കാറിനെതിരെ ഹൈകോടതി എങ്ങനെയാണ് പ്രതികരിക്കുന്നതെന്നും വീക്ഷിക്കുന്നുണ്ടെന്നും യത്നാൽ പറഞ്ഞു. ചോദ്യം െചയ്യുന്നതിനായി യെദിയൂരപ്പയുടെ മകൻ ബി.വൈ. വിജയേന്ദ്രയെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. ഇക്കാര്യം വിജയേന്ദ്ര നിഷേധിക്കും. ഫെഡറൽ ബാങ്കിൽനിന്നും വിദേശ ബാങ്കിലേക്ക് കോടിക്കണക്കിന് രൂപ ട്രാൻസ്ഫർ ചെയ്തിട്ടില്ലെന്നും അദ്ദേഹത്തിന് പറയാം.
പിതാവിെൻറയും മകെൻറയും യഥാർഥ നിറവും തട്ടിപ്പും വൈകാതെ പുറത്തവരുമെന്നും യത്നാൽ തുറന്നടിച്ചു. നേരത്തേ, യെദിയൂരപ്പക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച യത്നാലിന് ബി.ജെ.പി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.