ലഖ്നോ: ആഗ്രയിൽ അതീവ വ്യാപനശേഷിയുള്ള പുതിയ കോവിഡ് വകഭേദം റിപ്പോർട്ട് ചെയ്തു. ഉത്ഭവം തിരിച്ചറിയാത്ത ജനിതക വകഭേദം സംഭവിച്ച വൈറസ് കൂടുതൽ അപകടകാരിയാണെന്ന് മുതിർന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
യു.പിയിലെ പ്രധാന നഗരങ്ങളിലൊന്നായ ആഗ്രയിൽ വെള്ളിയാഴ്ച 14 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇവയിൽ നാല് പേർക്ക് ജനിതക വകഭേദം സംഭവിച്ച വൈറസാണ് ബാധിച്ചത്. മൂന്ന് പേരിൽ ദക്ഷിണാഫ്രിക്കൻ വകഭേദമാണെന്ന് കണ്ടെത്തി. എന്നാൽ, നാലാമത് വ്യക്തിയിൽ കണ്ടെത്തിയ വൈറസിന്‍റെ ജനിതക വകഭേദം തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
പുതിയ വകഭേദം റിപ്പോർട്ട് ചെയ്ത കാര്യം ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിനെ (ഐ.സി.എം.ആർ) അറിയിച്ചിട്ടുണ്ട്.
2020ൽ കോവിഡ് ആദ്യം റിപ്പോർട്ട് ചെയ്തപ്പോൾ ചൈനയിൽ വുഹാനിൽ കണ്ടെത്തിയ വൈറസാണ് ആഗ്രയിലും റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ജനുവരിയിൽ ദക്ഷിണാഫ്രിക്കൻ വകഭേദം റിപ്പോർട്ട് ചെയ്തു. ഇപ്പോൾ കണ്ടെത്തിയ പുതിയ വകഭേദത്തെ കുറിച്ച് പഠനങ്ങൾ നടക്കുകയാണ്.
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് നിരക്ക് ഉയരുകയാണ്. ഇന്നലെ 62,258 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഒക്ടോബറിന് ശേഷം ഇത് ആദ്യമായാണ് കോവിഡ് രോഗികളുടെ എണ്ണം ഇത്രയും ഉയരുന്നത്. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ ആകെ എണ്ണം 1.19 കോടിയായി ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.