ന്യൂഡൽഹി: കാർഷിക ബില്ലുകൾക്കെതിരെ ഹരിയാനയിൽ ശക്തമായ പ്രതിഷേധം. സംസ്ഥാനത്ത് പ്രതിഷേധം ശക്തമായതോടെ സുരക്ഷ കർശനമാക്കി. 'റോഡ് റോക്കോ'(ബ്ലോക്ക് ദ റോഡ്) പ്രക്ഷോഭത്തിൻെറ ഭാഗമായി കർഷക സംഘടനകളുടെ നേതൃത്വത്തിൽ റോഡുകൾ തടഞ്ഞു. സമീപ സംസ്ഥാനങ്ങളിൽ പ്രതിഷേധം കനത്തതോടെ ഡൽഹിയിലും സുരക്ഷ വർധിപ്പിച്ചു.
റാലിയിൽ ട്രാക്ടറുകളിലായെത്തിയ കർഷകർ റോഡ് ഗതാഗതം തടയുകയായിരുന്നു. കാർഷിക ബില്ലുകൾക്കെതിരെ കൊടികളും ബാനറുകളും ഉയർത്തി മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
സാഹചര്യം നിയന്ത്രിക്കാൻ സംസ്ഥാന പൊലീസ് എല്ലാ നടപടികളും സ്വീകരിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ അഭിഷേക് ജോർവൽ പറഞ്ഞതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. പ്രതിഷേധം കനക്കുന്നതോടെ വാഹനങ്ങൾ വഴിതിരിച്ചുവിടാൻ സൗകര്യമൊരുക്കും. അംബാലയിൽ നിരവധി പൊലീസുകാരെ വിന്യസിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്സഭയിൽ പാസാക്കി വിട്ട ബിൽ ഞായറാഴ്ച രാജ്യസഭയും പാസാക്കിയിരുന്നു. കാർഷികോൽപന്ന വ്യാപാര പ്രോത്സാഹന ബിൽ, കർഷക ശാക്തീകരണ- വിലസ്ഥിരത- കാർഷിക സേവന ബിൽ, അവശ്യസാധന നിയമ ഭേദഗതി ബിൽ എന്നിവയാണ് രാജ്യസഭയും കടന്നത്. ശബ്ദവോട്ടോടെയാണ് രാജ്യസഭയിൽ ബിൽ പാസാക്കിയത്. രാജ്യസഭയിൽ ബിൽ അവതരണം ആരംഭിച്ചതുമുതൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. പ്രതിപക്ഷപാർട്ടികൾ ബിൽ കീറിയെറിഞ്ഞ് പ്രതിഷേധിച്ചു.
Latest Video:
:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.