ന്യൂഡൽഹി: അമേരിക്കയിൽ ഖാലിസ്താൻവാദി നേതാവ് ഗുർപട്വന്ത്സിങ് പന്നുവിനെ വധിക്കാൻ പദ്ധതിയിട്ടുവെന്ന് അമേരിക്ക ആരോപിച്ച ഇന്ത്യൻ ഉദ്യോഗസ്ഥൻ വിക്രം യാദവ് എന്ന റിസർച് ആൻഡ് അനാലിസിസ് വിങ് (റോ) മുൻ ഉദ്യോഗസ്ഥനാണെന്ന് വെളിപ്പെടുത്തൽ. വാഷിങ്ടൺ പോസ്റ്റാണ് ഈ വെളിപ്പെടുത്തൽ റിപ്പോർട്ട് പുറത്തുവിട്ടത്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ അംഗീകാരത്തോടെയാകാം പദ്ധതി മുന്നോട്ടുനീങ്ങിയതെന്ന സംശയവും റിപ്പോർട്ടിൽ പ്രകടിപ്പിച്ചിട്ടുണ്ട്.
ന്യൂയോർക് കേന്ദ്രമായി പ്രവർത്തിക്കുന്ന സിഖ്സ് ഫോർ ജസ്റ്റിസ് എന്ന സംഘടനയുടെ നേതാവാണ് പന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പട്ടികയിൽ ഇയാൾ ഭീകരനാണ്. അമേരിക്കൻ പൗരനായ പന്നുവിനെ വധിക്കാൻ വാടകക്കൊലയാളിയെ ഇന്ത്യൻ ഉദ്യോഗസ്ഥനാണ് ഏർപ്പാടുചെയ്തതെന്ന് യു.എസ് പ്രോസിക്യൂട്ടർമാർ കഴിഞ്ഞ നവംബറിൽ കോടതിയെ അറിയിച്ചിരുന്നു. കാനഡയിൽ ഹർദീപ് സിങ് നിജ്ജറെ കൊലപ്പെടുത്തിയ സംഭവത്തിനും ഈ വധശ്രമത്തിനും പരസ്പര ബന്ധമുണ്ടെന്ന സംശയവും അവർ പ്രകടിപ്പിച്ചു. ഗുരുതര വിഷയത്തിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് വാഷിങ്ടൺ പോസ്റ്റ് നടത്തിയിരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. അമേരിക്കൻ ഭരണകൂടം ഉയർത്തിയ സുരക്ഷപരമായ ഉത്ക്കണ്ഠകളെക്കുറിച്ച് ഇന്ത്യൻ സർക്കാർ ഉന്നതതല സമിതി രൂപവത്കരിച്ച് അന്വേഷിക്കുന്നുണ്ട്. അതിനിടയിൽ ഊഹാപോഹം വെച്ചുള്ള നിരുത്തരവാദപരമായ പരാമർശങ്ങൾ ഉപകരിക്കില്ലെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.