കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന സൈനിക പിന്മാറ്റത്തിന്‍റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ നിയന്ത്രണരേഖയിലെ സംഘർഷ ഭൂമിയിൽ നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സൈനികർ ക്യാമ്പുകളിലേക്ക് പിന്മാറി തുടങ്ങിയതിന്‍റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്. ഇരുവിഭാഗം സൈനികരുടെ ഏറ്റുമുട്ടൽ നടന്ന സ്ഥലങ്ങളിൽ താൽകാലികമായി ഒരുക്കിയ തമ്പുകളും സൈനിക വാഹനങ്ങളും മറ്റ് നിർമാണങ്ങളും നീക്കിയതായാണ് ഉപഗ്രഹ ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

യു.എസ് ആസ്ഥാനമായുള്ള മാക്‌സർ ടെക്‌നോളജീസ് പകർത്തിയ പെട്രോൾ പോയിന്‍റ് 10ന് സമീപമുള്ള ഡെംചോക്, ഡെപ്സാങ് എന്നീ മേഖലകളിലെ ചിത്രങ്ങളാണ് മാധ്യമങ്ങൾ പുറത്തുവിട്ടത്. ആഗസ്റ്റ് ഏഴ് മുതലുള്ള ചിത്രങ്ങളും ഒക്ടോബർ 25ന് ശേഷമുള്ള ചിത്രങ്ങളും താരതമ്യം ചെയ്താണ് സൈനികരുടെ പിന്മാറ്റം തുടരുന്നതായുള്ള നിഗമനത്തിൽ എത്തിയത്.


ഒക്ടോബർ ഒമ്പതിനും 25നും പകർത്തിയ ചിത്രങ്ങൾ പ്രകാരം ഡെംചോക്കിലെ താൽകാലിക കെട്ടിടങ്ങളും സൈനിക വാഹനങ്ങളും അടക്കമുള്ളവ നീക്കം ചെയ്തതായി വ്യക്തമാണ്. ഡെപ്സാങ്ങിൽ നിന്ന് വെള്ളിയാഴ്ച പകർത്തിയ ചിത്രങ്ങൾ പ്രകാരം സൈനിക ഔട്ട്പോസ്റ്റിലെ നിർമിതികളും വാഹനങ്ങളും നീക്കിയതായി കാണാം.

അതേസമയം, ഡെംചോകിൽ നിന്ന് ഇന്ത്യയും ചൈനയും അഞ്ചു വീതം തമ്പുകൾ നീക്കിയെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. 10 തമ്പുകൾ നീക്കം ചെയ്തുവെങ്കിലും ഡെംചോകിൽ ഇനിയും 12 തമ്പുകളുണ്ട്. ഡെപ്സാങ്ങിൽ താൽകാലിക തമ്പുകളിൽ പകുതിയോളം നീക്കം ചെയ്തിട്ടുണ്ട്. ചാർദിങ് നാലയുടെ കിഴക്ക് ഭാഗത്തേക്ക് ഇന്ത്യൻ സൈന്യം മാറിയതായാണ് റിപ്പോർട്ട്.


ഉഭയകക്ഷി സംഭാഷണത്തിന് ശേഷം ഗൽവാൻ വാലി, ഗോഗ്ര ഹോട്ട്സ്പ്രിങ്സ്, പാംഗോങ് സോ എന്നിവിടങ്ങളിൽ ചൈനീസ് സൈനിക വാഹനങ്ങളുടെ എണ്ണം കുറക്കുന്നുണ്ട്. ഇരു രാജ്യങ്ങളുടെയും സൈനികർ നിരന്തരം ഉരസിക്കൊണ്ടിരുന്ന ഡെംചോകിലെയും ഡെപ്സാങ്ങിലെയും പിന്മാറ്റം ഈ മാസം 29ഓടെ പൂർത്തിയാകുമെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.


കഴിഞ്ഞയാഴ്ച ഇന്ത്യയും ചൈനയും തമ്മിൽ ൈസനിക പട്രോളിങ്ങിനുള്ള ധാരണയിലെത്തുകയും റഷ്യയിൽ ബ്രിക്സ് ഉച്ചകോടിക്കിടെ മോദി-ഷീ കൂടിക്കാഴ്ച നടക്കുകയും ചെയ്തതോടെയാണ് സൈനിക പിന്മാറ്റത്തിലേക്ക് വഴിതെളിച്ചത്. 2020 ഏപ്രിലിന് മുമ്പുള്ള പൂർവ സ്ഥിതിയിലേക്ക് കിഴക്കൻ ലഡാക്കിലെ സൈനിക സാന്നിധ്യം എത്തിക്കുമെന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണ. ഇരുകൂട്ടരും നിരീക്ഷണങ്ങൾ തുടരുകയും തെറ്റായ വിവരങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്യും. ഗ്രൗണ്ട് കമാൻഡർമാർ പതിവ് കൂടിക്കാഴ്ചകൾ തുടരും.

Tags:    
News Summary - New satellite images confirm initial disengagement in Depsang and Demchok

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.